'കരൂർ ദുരന്തത്തിന് പിന്നിൽ മുന്‍മന്ത്രി വി. സെന്തിൽ ബാലാജി'; ടിവികെ പ്രാദേശിക നേതാവ് ആത്മഹത്യ ചെയ്ത നിലയിൽ
വിരാപ്പേട്ട് വില്ലേജ് സെക്രട്ടറി അയ്യപ്പനെയാണ് മരിച്ച നിലയിൽകണ്ടെത്തിയത്

ചെന്നൈ: കരൂർ ദുരന്തത്തിന് പിന്നാലെ ടിവികെ നേതാവ് ആത്മഹത്യ ചെയ്തു. വിരാപ്പേട്ട് വില്ലേജ് സെക്രട്ടറി അയ്യപ്പനെയാണ് മരിച്ചനിലയിൽകണ്ടെത്തിയത്. ദുരന്തത്തിന് കാരണം മുന്‍ മന്ത്രിയും കരൂര്‍ എംഎല്‍എയുമായ സെന്തിൽ ബാലാജിയും പൊലീസുമാണെന്നും ആത്മഹത്യാക്കുറിപ്പിൽ പറയുന്നു.
വിജയ് പ്രസംഗിച്ചുകൊണ്ടിരിക്കുന്ന സമയത്ത് സെന്തില്‍ ബാലാജിയെയും വിമര്‍ശിച്ചിരുന്നു.ആ സമയത്താണ് അവിടെ വൈദ്യുതി മുടങ്ങിയത്. വൈദ്യുതി മുടങ്ങിയത് ദുരന്തത്തിന്‍റെ ആക്കം കൂട്ടിയിരുന്നു. പൊലീസിനും ദുരന്തത്തിന് പങ്കുണ്ടെന്നും ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു.
ടിവികെയെ അപമാനിക്കാൻ സെന്തിൽ ബാലാജി ആഗ്രഹിച്ചിരുന്നുവെന്നും അദ്ദേഹത്തിന്‍റെ സമ്മര്‍ദം മൂലമാണ് വിജയ്‌യുടെ കരൂര്‍ പരിപാടിക്ക് അധികൃതര്‍ മതിയായ സുരക്ഷ നല്‍കാതിരുന്നതെന്നും അയ്യപ്പന്‍റെ പോക്കറ്റില്‍ നിന്ന് കിട്ടിയ കുറിപ്പില്‍ പറയുന്നു. അപകടത്തില്‍ സെന്തില്‍ ബാലാജിക്കെതിരെ അന്വേഷണം നടത്തണമെന്നും ജയിലിലടക്കണമെന്നും കുറിപ്പിലാവശ്യപ്പെടുന്നുണ്ട്.കുറിപ്പും മൊബൈല്‍ ഫോണും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അയ്യപ്പൻ്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മുണ്ടിയമ്പാക്കം സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.
അതിനിടെ, കരൂർ ദുരന്തത്തിൽ തമിഴ്നാട് പൊലീസ് ആദ്യ അറസ്റ്റ് രേഖപ്പെടുത്തി. തമിഴക വെട്രി കഴകം വെസ്റ്റ് ജില്ലാ സെക്രട്ടറി മതിയഴകനെയാണ് പൊലീസ്അറസ്റ്റ് ചെയ്തത്.
കരൂർ ദുരന്തത്തിൽ ടിവികെക്കും വിജയിക്കുമെതിരെ ഗുരുതര കുറ്റങ്ങൾ ചുമത്തി എഫ്ഐആർ ഇട്ടതിനു പിന്നാലെയാണ് തമിഴ്നാട് പൊലീസ് ആദ്യ അറസ്റ്റ് രേഖപ്പെടുത്തിയത് . ഇയാൾക്കെതിരെ അഞ്ച് വകുപ്പുകളാണ് നിലവിൽ ചുമത്തിയത്. അപകടമുണ്ടായതു മുതൽ ഒളിവിലായിരുന്ന മതിയഴകനെ അറസ്റ്റ് ചെയ്ത പൊലീസ് കൂടുതൽ അറസ്റ്റിലേക്ക് കടന്നേക്കാമെന്നാണ് സൂചന.
അതേസമയം, ഉച്ചയ്ക്ക് തുടങ്ങേണ്ട റാലിയിൽ മനഃപൂർവം മണിക്കൂറുകൾ വൈകിയെത്തിയ വിജയ് പരിപാടിയെ ജനക്കൂട്ടത്തെ ആകർഷിക്കാനുള്ള ഉപാധിയായും ശക്തി പ്രകടനമായും കണ്ടത് അപകടത്തിന് കാരണമായതായി എഫ്ഐആറിൽ ചൂണ്ടികാട്ടുന്നു. ഇതിനിടെ പട്ടിണംപൊക്കത്തെ ഫ്ലാറ്റിൽ വിജയ് യുടെ നേതൃത്ത്വത്തിൽ ടിവികെ നേതാക്കളുടെ യോഗം ചേർന്നു. 41 പേരുടെ മരണത്തിന് കാരണമായ ദുരന്തത്തിൽ വിജയ് യെയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള പോസ്റ്ററുകൾ തമിഴ്നാട്ടിലെ വിവിധ ഇടങ്ങളിൽ പ്രത്യക്ഷപ്പെട്ടു.
(ആത്മഹത്യ പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: 1056, 0471-2552056)
Adjust Story Font
16

