ഉത്തരാഖണ്ഡില്‍ കശ്മീരി ഷാള്‍ വില്‍ക്കുന്ന 18കാരന് നേരെ ആള്‍ക്കൂട്ട ആക്രമണം
ഷാള്‍ വില്‍പ്പനക്കാര്‍ക്കു നേരെ ആക്രമണം തുടരുന്നതില്‍ കശ്മീരില്‍ വ്യാപക പ്രതിഷേധം

- Published:
29 Jan 2026 5:34 PM IST

ഡെറാഡൂണ്‍: 18 വയസ്സുകാരനായ കശ്മീരി ഷാള്‍ വില്‍പ്പനക്കാരനു നേരെ ഉത്തരാഖണ്ഡില്‍ ക്രൂരമായ ആള്‍ക്കൂട്ട ആക്രമണം. ഇരുമ്പുകമ്പി കൊണ്ടുള്ള അടിയേറ്റ് തലയ്ക്ക് സാരമായി പരിക്കേറ്റ 18കാരന്‍ ചികിത്സയിലാണ്. ഇടത് കൈ ഒടിഞ്ഞ നിലയിലാണ്. ഷാള്‍ വില്‍പ്പനക്കാര്‍ക്കു നേരെ ആക്രമണം തുടരുന്നതില്‍ കശ്മീരില്‍ വ്യാപക പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.
ഉത്തരാഖണ്ഡിലെ വികാസ് നഗര്‍ മേഖലയില്‍ വീടുകള്‍ തോറും കയറി ഷാള്‍ വില്‍ക്കുകയായിരുന്ന 18കാരന് നേരെയാണ് ആള്‍ക്കൂട്ട ആക്രമണമുണ്ടായത്. കുടുംബത്തോടൊപ്പം ഉത്തരാഖണ്ഡിലെത്തി ഷാള്‍ വിറ്റ് ഉപജീവനമാര്‍ഗം കണ്ടെത്തുകയായിരുന്നു 18കാരന്‍. അടിയേറ്റ് തലയില്‍ നിന്ന് രക്തം വാര്‍ന്ന നിലയിലായിരുന്നു. ആദ്യം പ്രദേശത്തെ ഒരു ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവിനെ പരിക്ക് സാരമായതിനാല്‍ ഡെറാഡൂണിലെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി.
സംഭവത്തില്‍ കശ്മീരി നേതാക്കളും വിദ്യാര്‍ഥി സംഘടനകളും വ്യാപക പ്രതിഷേധമുയര്‍ത്തി. കശ്മീരി മുസ്‌ലിംകള്‍ക്കെതിരെ രാജ്യവ്യാപകമായി അക്രമം നടക്കുകയാണെന്ന് മുന്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയുടെ മകളും പിഡിപി നേതാവുമായ ഇല്‍തിജ മുഫ്തി ചൂണ്ടിക്കാട്ടി. അക്രമം നടത്തുന്നവര്‍ക്ക് ഭരണകൂടത്തിന്റെ പിന്തുണയുണ്ട്. ഇത്തരം അക്രമങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നത് ബിജെപിയാണെന്നും ഇല്‍തിജ ആരോപിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കശ്മീരി ഷാള്‍ വില്‍പ്പനക്കാര്‍ക്ക് നേരെയുണ്ടായ ആക്രമണങ്ങളില്‍ ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ല ഉള്‍പ്പെടെയുള്ളവര്‍ നേരത്തെ പ്രതികരിച്ചിരുന്നു.
മഞ്ഞുകാലമായാല്‍ കശ്മീരികള്‍ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെത്തി ഷാളുകളും മറ്റു കരകൗശല വസ്തുക്കളും വീടുകള്‍ കയറി വില്‍പ്പന നടത്തുന്നത് പതിവാണ്. ഇവര്‍ക്കെതിരെയാണ് പലയിടത്തും ആള്‍ക്കൂട്ട ആക്രമണം നടക്കുന്നത്. ഈ മാസം ആദ്യം ഉത്തരാഖണ്ഡിലെ കാശിപൂരില്‍ ഒരു ഷാള്‍ വില്‍പ്പനക്കാരനെ ഹിന്ദുത്വ സംഘടനാ പ്രവര്‍ത്തകര്‍ ആക്രമിച്ചിരുന്നു. 'ഭാരത് മാതാ കീ ജയ്' വിളിക്കാന്‍ ആവശ്യപ്പെട്ടാണ് കുപ്വാരയില്‍ നിന്നുള്ള വില്‍പ്പനക്കാരനെ ഹിന്ദുത്വ സംഘടനക്കാര്‍ മര്‍ദിച്ചത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഹിമാചല്‍ പ്രദേശിലും ഹരിയാനയിലും സമാനമായ ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
Adjust Story Font
16
