Quantcast

'ഇങ്ങനെയൊരു കാഴ്ചയ്ക്ക് സാക്ഷിയാകേണ്ടി വരുമെന്ന് കരുതിയിരുന്നില്ല, രാജ്യം കാത്തിരിക്കുന്നത് മറുപടിക്ക്': കെ.സി വേണുഗോപാൽ

''ഈ നിമിഷം രാജ്യം കേൾക്കാൻ കാത്തിരിക്കുന്നത് ചേതനയറ്റ മനുഷ്യരുടെ ജീവനുകൾക്കൊരു മറുപടിയാണ്. അതുണ്ടാവാൻ ഈ രാജ്യം ഒറ്റക്കെട്ടായി നിൽക്കും''

MediaOne Logo

Web Desk

  • Updated:

    2025-04-23 08:47:18.0

Published:

23 April 2025 2:16 PM IST

ഇങ്ങനെയൊരു കാഴ്ചയ്ക്ക് സാക്ഷിയാകേണ്ടി വരുമെന്ന് കരുതിയിരുന്നില്ല, രാജ്യം കാത്തിരിക്കുന്നത് മറുപടിക്ക്: കെ.സി വേണുഗോപാൽ
X

ശ്രീനഗര്‍: ജമ്മുകശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹം എത്തിച്ച ശ്രീനഗറിലെ പിസിആർ ആശുപത്രിയിലെ കാഴ്ചകൾ വിവരിച്ച് എഐസിസി ജനറൽ സെക്രട്ടറിയും എംപിയുമായ കെ.സി വേണുഗോപാൽ.

''ഹൃദയമുലയ്ക്കുന്ന വിതുമ്പലുകൾ. കണ്ടുനിൽക്കാൻ കഴിയാത്ത നിലവിളികൾ. മരവിച്ചുപോയവരുടെ നിശബ്ദത. ചുറ്റും തളം കെട്ടിനിൽക്കുന്നത് ഉറ്റവരുടെ കണ്ണുനീർ തന്നെയായിരുന്നു. ഇങ്ങനെയൊരു കാഴ്ചയ്ക്ക് ഈ ജന്മം സാക്ഷിയാകേണ്ടി വരുമെന്ന് കരുതിയിരുന്നില്ല.

ഇനിയൊരക്ഷരം സംസാരിക്കാൻ കഴിയാത്ത വിധം ഈ കാഴ്ചകൾ തളർത്തുന്നുണ്ട്''- ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ കെ.സി വേണുഗോപാല്‍ പറയുന്നു. കൊല്ലപ്പെട്ടവർക്ക് കെ.സി വേണുഗോപാൽ ആദരാഞ്ജലി അര്‍പ്പിച്ചിരുന്നു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

ഹൃദയമുലയ്ക്കുന്ന വിതുമ്പലുകൾ. കണ്ടുനിൽക്കാൻ കഴിയാത്ത നിലവിളികൾ. മരവിച്ചുപോയവരുടെ നിശബ്ദത. ചുറ്റും തളം കെട്ടിനിൽക്കുന്നത് ഉറ്റവരുടെ കണ്ണുനീർ തന്നെയായിരുന്നു. ഇങ്ങനെയൊരു കാഴ്ചയ്ക്ക് ഈ ജന്മം സാക്ഷിയാകേണ്ടി വരുമെന്ന് കരുതിയിരുന്നില്ല. ഇനിയൊരക്ഷരം സംസാരിക്കാൻ കഴിയാത്ത വിധം ഈ കാഴ്ചകൾ തളർത്തുന്നുണ്ട്.

ശ്രീനഗറിലെ പിസിആർ ആശുപത്രിയിൽ അൽപ്പസമയം മുൻപാണെത്തിയത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കശ്മീർ മുഖ്യമന്ത്രി ഒമർ അബ്‌ദുള്ള, എംപിമാർ, എംഎൽഎമാർ ഒക്കെയുണ്ട് ഇവിടെ. പേരും നാടും എഴുതിച്ചേർത്ത കടലാസ് കഷ്ണങ്ങൾ ഓരോ പെട്ടിയിലുമുണ്ട്. ഇടപ്പള്ളി സ്വദേശി രാമചന്ദ്രന്റെ പേരും അക്കൂട്ടത്തിലുണ്ട്.

ഇന്നലെ രാമചന്ദ്രന്റെ മകൻ അരവിന്ദുമായി സംസാരിക്കുമ്പോൾ, എന്ത് പറഞ്ഞവനെ സമാധാനിപ്പിക്കണം എന്നറിഞ്ഞിരുന്നില്ല. രാമചന്ദ്രനെപ്പോലെ ഒരുപാട് പേരുടെ കുടുംബങ്ങൾ ഇവിടെയുണ്ട്, സ്വന്തം കൺമുന്നിൽവെച്ച് ഉറ്റവർ വീഴുന്നത് കണ്ടുനിന്നവർ. അധികനേരം അവരെ നോക്കിനിൽക്കാൻ കഴിഞ്ഞില്ല, ആ പെട്ടികളിലേക്കും. തിരിച്ചുചെല്ലുമെന്നും ഭൂമിയിലെ സ്വർഗത്തിൽ കണ്ട കാഴ്ചകൾ വാ തോരാതെ പറയുമെന്നും പ്രതീക്ഷിച്ച് നാട്ടിൽ കൊച്ചുമക്കളും മക്കളും ഉടയവരുമൊക്കെയായി കുറെ മനുഷ്യർ നാട്ടിലും കാത്തിരിപ്പുണ്ടായിരുന്നിരിക്കണം. അവരോടിനി എന്ത് പറയുമെന്നറിയില്ല.

ഈ നിമിഷം രാജ്യം കേൾക്കാൻ കാത്തിരിക്കുന്നത് ചേതനയറ്റ മനുഷ്യരുടെ ജീവനുകൾക്കൊരു മറുപടിയാണ്. അതുണ്ടാവാൻ എല്ലാം ഈ രാജ്യം ഒറ്റക്കെട്ടായി നിൽക്കും. ഇനിയിങ്ങനെ ഒരു കാഴ്ചയ്ക്ക് മുൻപിൽ പതറി നിൽക്കാൻ ആരെയും നമ്മൾ വിട്ടുകൊടുക്കില്ല.

പ്രിയപ്പെട്ടവർക്ക്, വേദനയോടെ ആദരാഞ്ജലികൾ.

TAGS :

Next Story