Quantcast

'എൻ.ഡി.എ സഖ്യത്തിൽ ചേരാൻ ബി.ആർ.എസ് പല തവണ ശ്രമിച്ചു'; തെലങ്കാനയിലെ റാലിയിൽ മോദി

എൻ.ഡി.എ മുന്നണിയിൽ ചേരാനുള്ള ആവശ്യം താൻ നിരസിച്ചതോടെയാണ് ചന്ദ്രശേഖര റാവുവിന്റെ സ്വഭാവം മാറിയതെന്നും മോദി പറഞ്ഞു.

MediaOne Logo

Web Desk

  • Published:

    3 Oct 2023 2:03 PM GMT

KCR wanted to join NDA Says PM Modi
X

നിസാമാബാദ് (തെലങ്കാന): എൻ.ഡി.എ സഖ്യത്തിൽ ചേരാൻ തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവു പല തവണ ശ്രമിച്ചിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അപ്പോഴെല്ലാം താൻ വിസമ്മതിക്കുകയായിരുന്നു. തെലങ്കാനയിലെ ജനങ്ങളെ വഞ്ചിക്കാൻ തനിക്ക് കഴിയില്ലെന്ന് തീർത്തുപറഞ്ഞു. അതോടെ അദ്ദേഹത്തിന്റെ സ്വഭാവം മാറിയെന്നും നിസാമാബാദിലെ തെരഞ്ഞെടുപ്പ് റാലിയിൽ മോദി പറഞ്ഞു.

2020-ലെ മുൻസിപ്പൽ തെരഞ്ഞെടുപ്പിൽ ആർക്കും ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. എന്നാൽ ബി.ജെ.പി 48 സീറ്റുകളിൽ വിജയിച്ചു. അതോടെ കെ.സി.ആർ സ്‌നേഹത്തോടെ സമീപിക്കുകയും തന്നെ ഷാൾ അണിയിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ രീതി അതായിരുന്നില്ല. തുടർന്നാണ് അദ്ദേഹം എൻ.ഡി.എയിൽ ചേരണമെന്ന ആവശ്യം ഉന്നയിക്കുകയും ഹൈദരാബാദ് മുൻസിപ്പാലിറ്റിയിൽ പാർട്ടിയെ സഹായിക്കണമെന്ന് അഭ്യർഥിക്കുകയും ചെയ്തത്. എന്നാൽ അത് താൻ നിഷേധിച്ചു. അതോടെ അദ്ദേഹം കോപാകുലനായി.

എന്നാൽ, അദ്ദേഹം വീണ്ടും തന്റെയടുത്ത് വന്നു. അദ്ദേഹം ഒരുപാട് കാര്യങ്ങൾ ചെയ്തുവെന്നും ഇനി ഉത്തരവാദിത്വങ്ങളെല്ലാം തന്റെ മകൻ കെ.ടി രാമറാവുവിനെ (കെ.ടി.ആർ) ഏൽപ്പിക്കാൻ ആഗ്രഹിക്കുകയാണെന്നും പറഞ്ഞു. കെ.ടി.ആറിനെ തന്റെയടുത്തേക്ക് അയയ്ക്കാമെന്നും അദ്ദേഹത്തെ അനുഗ്രഹിക്കണമെന്നും പറഞ്ഞു. എന്നാൽ താൻ അദ്ദേഹത്തെ ശകാരിക്കുകയാണ് ചെയ്തത്. ഇത് ജനാധിപത്യമാണെന്ന് അദ്ദേഹത്തെ ഓർമിപ്പിച്ചു. കെ.ടി.ആറിന് എല്ലാ ഉത്തരവാദിത്വവും കൈമാറാൻ താങ്കൾ ആരാണ്? രാജാവാണോ എന്ന് ചോദിച്ചു. അതിന് ശേഷം അദ്ദേഹം തന്റെ മുന്നിൽ വന്നിട്ടില്ല. ഒരു അഴിമതിക്കാരനും തന്നെ മുന്നിലിരിക്കാൻ കഴിയില്ലെന്നും മോദി പറഞ്ഞു.


TAGS :

Next Story