ഡൽഹിയിലെ തോൽവി: പഞ്ചാബ് മുഖ്യമന്ത്രിയെയും എംഎൽഎമാരെയും വിളിപ്പിച്ച് കെജ്രിവാൾ
ആം ആദ്മി പാർട്ടി എംഎൽഎമാർക്കായി ബിജെപി വലവിരിക്കാൻ സാധ്യതയുണ്ടെന്ന് സൂചന

ന്യൂഡൽഹി: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ പഞ്ചാബ് മുഖ്യമന്ത്രിയെയും മന്ത്രിമാരെയും പാർട്ടി എംഎൽഎമാരെയും ഡൽഹിയിലേക്ക് വിളിപ്പിച്ച് ആം ആദ്മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കെജ്രിവാൾ. ചൊവ്വാഴ്ച കെജ്രിവാളിന്റെ നേതൃത്വത്തിൽ ഡൽഹിയിൽ യോഗം ചേരും.
പഞ്ചാബിലെ നേതാക്കളിൽ ചിലർ ബിജെപിയടക്കമുള്ള മറ്റു പാർട്ടികളുമായി ബന്ധപ്പെടാൻ സാധ്യതയുണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് കൂടിക്കാഴ്ചയെന്നാണ് പാർട്ടി വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. ആം ആദ്മി പാർട്ടി എംഎൽഎമാർക്ക് പിറകെ ബിജെപിയുണ്ടെന്നാണ് വിവരം. നേരത്തെ ബിജെപി തങ്ങളുടെ എംഎൽഎമാരെ ലക്ഷ്യമിട്ട് ‘ഓപറേഷൻ താമര’ നടത്തുകയാണെന്ന് പാർട്ടി ആരോപിച്ചിരുന്നു.
അതേസമയം, ചൊവ്വാഴ്ചത്തെ യോഗത്തിൽ അസ്വാഭാവികത ഒന്നുമില്ലെന്ന് പാർട്ടി പഞ്ചാബ് പ്രസിഡന്‍റ് അമൻ അറോറ പറഞ്ഞു. ‘ഇതൊരു പൊതുയോഗമാണ്. ഡൽഹി തെരഞ്ഞെടുപ്പിന് ശേഷം പാർട്ടി മേധാവി ഞങ്ങളെ എല്ലാവരെയും അഭിസംബോധന ചെയ്യും. അല്ലാതെ ഞങ്ങൾക്ക് ആരെയും പേടിയില്ല. ഞങ്ങൾ ഒറ്റക്കെട്ടാണ്. ഇത്തരം യോഗങ്ങൾ നേരത്തെയും നടന്നിട്ടുണ്ട്. ഇതിൽ പുതുതായി ഒന്നുമില്ല. കെജ്രിവാൾ വളരെക്കാലമായി ഞങ്ങളെ അഭിസംബോധന ചെയ്യാത്തതിനാൽ അദ്ദേഹത്തെ കാണാൻ ഞങ്ങൾ പോകും’ - അറോറ പറഞ്ഞു.
എന്നാൽ, ഡൽഹിയിലെ തോൽവിയുടെ സാഹചര്യത്തിലുള്ള പൊതുയോഗമാണ് ചൊവ്വാഴ്ചത്തേതെന്ന് പാർട്ടി വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു. പാർട്ടി ഇപ്പോൾ പഞ്ചാബിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. എല്ലാവരെയും ഒരുമിച്ച് നിർത്താനുള്ള ശ്രമമാണ് നടക്കുന്നത്. തോൽവികളിൽ നേതാക്കൻമാർ തളരുമ്പോൾ കെജ്രിവാളിന്റെ സംസാരമാണ് ഊർജം നൽകാറ്. എംഎൽഎമാരെ ബിജെപി ലക്ഷ്യമിടുന്നില്ലെന്ന് ഉറപ്പാക്കേണ്ടതുണ്ട്. കഴിഞ്ഞ കാലങ്ങളിൽ അവർ എല്ലാം പരീക്ഷിച്ചിട്ടുണ്ട്. ചില എംഎൽഎമാർക്ക് നേരെ ഇഡിയുടെ റെയ്ഡ് വരെയുണ്ടായി. സമ്മർദം എപ്പോഴുമുണ്ട്. എന്നിരുന്നാലും തങ്ങളുടെ എംഎൽഎമാരെ എപ്പോഴും കൂടെനിർത്താൻ കഴിഞ്ഞെന്നും പാർട്ടി വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു.
മുൻകാലങ്ങളിൽനിന്ന് വ്യതിചലിച്ചതിനാൽ ‘ആം ആദ്മി’ ജീവിതശൈലിയിലേക്ക് തിരിച്ചുവരണമെന്ന് മുതിർന്ന നേതൃത്വത്തോട് പലരും ശക്തമായി ആവശ്യപ്പെടുന്നുണ്ട്. കെജ്രിവാളിന്റെ ഔദ്യോഗിക വസതിയുടെ ആഡംബര രൂപമാറ്റം യഥാർഥത്തിൽ പാർട്ടിക്ക് തിരിച്ചടിയായിട്ടുണ്ട്. നമ്മൾ ഒരു സാധാരണക്കാരൻ ആയിരിക്കണമെന്നാണ് ജനങ്ങളുടെ ആഗ്രഹം. ആ കാരണത്താലാണ് അവർ ആം ആദ്മി പാർട്ടിയെ തെരഞ്ഞെടുത്തത്. എന്നാൽ, നമ്മൾ പ്രത്യയശാസ്ത്രത്തിൽനിന്ന് വ്യതിചലിച്ചു. ഇപ്പോൾ പല നേതാക്കളും സാധാരണക്കാരന്‍റെ ജീവിതശൈലിയിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നുണ്ട്. നാളെ നടക്കുന്ന യോഗത്തിൽ ഇക്കാര്യം ഉന്നയിക്കുമെന്നും പാർട്ടി വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
Adjust Story Font
16

