Quantcast

കേന്ദ്രത്തിലേത് ബുൾഡോസർ സർക്കാർ, രാജ്യത്തിന്റെ പേര് മാറ്റി സ്വന്തം പാർട്ടിയുടെ പേരിടാനും സാധ്യത: മമത

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനും മമതയുമായി കൂടിക്കാഴ്ച നടത്തി.

MediaOne Logo

Web Desk

  • Published:

    24 May 2023 1:21 AM GMT

Kejriwal met mamata banerjee
X

കൊൽക്കത്ത: ഡൽഹി സർക്കാരും കേന്ദ്രവുമായുള്ള അധികാരത്തർക്കത്തിൽ പിന്തുണ തേടി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനും ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയെ കണ്ടു. ഇന്ന് ഡൽഹിയിൽ സംഭവിച്ചത് നാളെ പ്രതിപക്ഷം ഭരിക്കുന്ന ഏത് സംസ്ഥാനത്തും സംഭവിക്കാമെന്ന് കെജ്‌രിവാൾ പറഞ്ഞു.

ഇത് ഡൽഹിക്ക് വേണ്ടി മാത്രമുള്ള പോരാട്ടമല്ല. പശ്ചിമ ബംഗാൾ ഗവർണറും സമാനമായ കാര്യമാണ് ചെയ്യുന്നത്. പഞ്ചാബ് മുഖ്യമന്ത്രിയും ഇതേ അനുഭവം പങ്കുവെക്കുന്നു. ഗവർണർ നിരവധി ബില്ലുകൾക്ക് മേൽ ഒരു നടപടിയും എടുക്കാതെ വൈകിപ്പിക്കുകയാണെന്നാണ് തമിഴ്‌നാട് മുഖ്യമന്ത്രി തന്നോട് പറഞ്ഞതെന്നും കൂടിക്കാഴ്ചക്ക് ശേഷം കെജ്‌രിവാൾ പറഞ്ഞു.

പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങൾക്കെതിരെ വലിയ ക്രൂരതയാണ് നടക്കുന്നതെന്നും സുപ്രിംകോടതിക്ക് മാത്രമേ രാജ്യത്തെ രക്ഷിക്കാനാവൂ എന്നും മമത പറഞ്ഞു. ഡൽഹിയിലെ ഉദ്യോഗസ്ഥ നിയമനത്തിൽ ശക്തമായ വിധിയാണ് സുപ്രിംകോടതിയിൽനിന്ന് ഉണ്ടായത്. എന്നാൽ ഓർഡിനൻസ് വഴിയും ഗവർണർമാരെ ഉപയോഗിച്ചും എല്ലാ സംസ്ഥാനങ്ങളും ഭരിക്കാനാണ് കേന്ദ്രത്തിന്റെ നീക്കം. കോടതിവിധിയെ ബഹുമാനിക്കാൻ കേന്ദ്രസർക്കാർ തയ്യാറാവുന്നില്ലെന്നും അവർ പറഞ്ഞു.

പ്രതിപക്ഷ മുഖ്യമന്ത്രിമാർ തങ്ങളുടെ വേലക്കാരാണെന്നാണോ കേന്ദ്രം കരുതുന്നതെന്നും മമത ചോദിച്ചു. അവർ ഭരണഘടന മാറ്റി രാജ്യത്തിന് സ്വന്തം പാർട്ടിയുടെ പേരിടുമോയെന്ന് തങ്ങൾക്ക് ഭയമുണ്ട്. ഭരണഘടനയെ ബുൾഡോസ് ചെയ്യാനാണ് അവർ ശ്രമിക്കുന്നത്. ഇത് ബുൾഡോസറുകൾക്ക് വേണ്ടി ബുൾഡോസർ കൊണ്ട് അധികാരത്തിലെത്തിയ ഒരു ബുൾഡോസർ സർക്കാരാണെന്നും മമത ആരോപിച്ചു.

പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനും കേന്ദ്രത്തിന്റെ രൂക്ഷ വിമർശനമുന്നയിച്ചു. 30 ഗവർണർമാരും ഒരു പ്രധാനമന്ത്രിയും ചേർന്ന് രാജ്യം ഭരിക്കുകയാണെങ്കിൽ പിന്നെ എന്തിനാണ് തെരഞ്ഞെടുപ്പിന് പണം ചെലവാക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. ലഫ്റ്റനന്റ് ഗവർണറാണ് സർക്കാരെങ്കിൽ പിന്നെ എന്തിനാണ് ജനങ്ങൾ വോട്ട് ചെയ്യുന്നതെന്നും പഞ്ചാബ് മുഖ്യമന്ത്രി ചോദിച്ചു.

TAGS :

Next Story