കേരളം, മുംബൈ, ഡൽഹി എന്നിവിടങ്ങളിൽ കോവിഡ് കേസുകൾ ഉയരുന്നു; ആശുപത്രികളിൽ ബെഡ്ഡുകളും ഓക്‌സിജനും സജ്ജമാക്കാൻ നിർദേശം
കേരളത്തിൽ ഈ മാസം ഇതുവരെ 273 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്.

ന്യൂഡൽഹി: മാസങ്ങളുടെ ഇടവേളക്ക് ശേഷം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കോവിഡ് കേസുകൾ ഉയരുന്നു. ഡൽഹി, കർണാടക, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ ആശുപത്രികൾക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
ഡൽഹി, മഹാരാഷ്ട്ര, കേരളം, തമിഴ്‌നാട്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ഈ മാസം പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്. മൂന്ന് വർഷത്തിനിടെ ആദ്യമായാണ് ഡൽഹിയിൽ 23 കോവിഡ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത്.
ഒമിക്രോണിന്റെ വകഭേദമായ ജെഎൻ.1 ആണ് തെക്കൻ ഏഷ്യയിൽ പ്രധാനമായും വ്യാപിക്കുന്ന കോവിഡ് വൈറസ്. ഇത് അപകടകരമല്ലെന്നാണ് ലോകാരാഗ്യസംഘടന പറയുന്നത്. പനി, മൂക്കടപ്പ്, തൊണ്ടവേദന, തലവേദന തുടങ്ങിയ ചെറിയ ലക്ഷണങ്ങളാണ് ഇതിനുള്ളത്. സാധാരണനിലയിൽ നാല് ദിവസംകൊണ്ട് രോഗം ഭേദമാകുന്നുണ്ട്.
കേരളത്തിൽ ഈ മാസം ഇതുവരെ 273 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. കോട്ടയം ജില്ലയിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്. 82 കോവിഡ് പോസിറ്റീവ് കേസുകളാണ് കോട്ടയത്ത് റിപ്പോർട്ട് ചെയ്തത്. തിരുവനന്തപുരം-73, എറണാകുളം-49, പത്തനംതിട്ട-30, തൃശൂർ-26 എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ കണക്ക്.
Adjust Story Font
16