Quantcast

ഖാംനഈയുടെ മരണം: കർണാടകയിലെ അലിപൂരിൽ മൂന്ന് ദിവസത്തെ ദുഃഖാചരണം

ഖാംനഈയുടെ വധത്തിൽ പ്രതിഷേധിച്ച് ഞായറാഴ്ച പ്രദേശവാസികൾ കറുത്ത വസ്ത്രമണിഞ്ഞ് വലിയ പ്രതിഷേധ റാലി നടത്തിയിരുന്നു

MediaOne Logo
ഖാംനഈയുടെ മരണം: കർണാടകയിലെ അലിപൂരിൽ മൂന്ന് ദിവസത്തെ ദുഃഖാചരണം
X

ബെംഗളൂരു: ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ യുഎസ്-ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട വാർത്ത പുറത്തുവന്നതിന് പിന്നാലെ കർണാടകയിലെ ഒരു ചെറിയ പട്ടണം ശോകമൂകമായി. ബെംഗളൂരുവിൽ നിന്ന് 75 കിലോമീറ്റർ അകലെയുള്ള അലിപൂർ പട്ടണമാണ് തങ്ങളുടെ പ്രിയ നേതാവിന്റെ വേർപാടിൽ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചത്.

ഗൗരിബിദാനൂർ താലൂക്കിൽ സ്ഥിതി ചെയ്യുന്ന അലിപൂർ ഇറാനുമായുള്ള ആഴത്തിലുള്ള ആത്മീയ-സാംസ്‌കാരിക ബന്ധത്തിന് പേരുകേട്ട സ്ഥലമാണ്. ഏകദേശം 25,000 ശിയാ മുസ്‌ലിംകൾ വസിക്കുന്ന ഈ പ്രദേശം 'മിനി ഇറാൻ' എന്നും അറിയപ്പെടുന്നു.

ഖാംനഈയുടെ വധത്തിൽ പ്രതിഷേധിച്ച് ഞായറാഴ്ച പ്രദേശവാസികൾ കറുത്ത വസ്ത്രമണിഞ്ഞ് വലിയ പ്രതിഷേധ റാലി നടത്തിയിരുന്നു. 3000 ആളുകളാണ് റാലിയിൽ പങ്കെടുത്തത്. ഖാംനഈയുടെ ചിത്രങ്ങൾ ഉയർത്തിപ്പിടിച്ച് കരഞ്ഞുകൊണ്ടാണ് പലരും മാർച്ചിൽ പങ്കെടുത്തത്. പ്രതിഷേധത്തിന്റെ ഭാഗമായി അലിപൂരിലെ കടകമ്പോളങ്ങൾ പൂർണമായും അടച്ചിട്ടു.

1981-82 കാലഘട്ടത്തിൽ ആയത്തുല്ല അലി ഖാംനഈ അലിപൂർ സന്ദർശിച്ചിരുന്നതായി നാട്ടുകാർ ഓർക്കുന്നു. ഇറാൻ സർക്കാരിന്റെ സഹായത്തോടെ നിർമിച്ച ആശുപത്രി ഉദ്ഘാടനം ചെയ്യാനായിരുന്നു അദ്ദേഹം എത്തിയത്. അലിപൂരിൽ നിന്നുള്ള നിരവധി പേർ ഇറാനിൽ ഉപരിപഠനം നടത്തുന്നുണ്ട്. കൂടാതെ ധാരാളം പേർ തെഹ്റാനിൽ ബിസിനസ് നടത്തുകയും ചെയ്യുന്നു.

സ്ഥിതിഗതികൾ നിരീക്ഷിക്കാൻ ചിക്കബല്ലാപൂർ പൊലീസ് സൂപ്രണ്ട് കുശാൽ ചൗക്‌സിയുടെ നേതൃത്വത്തിൽ വൻ പൊലീസ് സന്നാഹത്തെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. അലിപൂരിലെ ജനസംഖ്യയിൽ 90 ശതമാനവും ശിയാ മുസ്‌ലിംകളും ബാക്കിയുള്ളവർ ഹിന്ദു കുടുംബങ്ങളുമാണ്.

TAGS :

Next Story