Quantcast

'ആൺമക്കളെ സമ്പത്തായും പെൺകുട്ടികളെ ഭാരമായും കാണുന്ന സമൂഹം'; നോയിഡ സ്ത്രീധന പീഡന മരണത്തിൽ കിരൺ ബേദി

സ്ത്രീധനത്തിന് വേണ്ടിയുള്ള ആര്‍ത്തിക്ക് ഒരു അവസാനവുമില്ല

MediaOne Logo

Web Desk

  • Published:

    25 Aug 2025 1:20 PM IST

Kiran Bedi
X

മുംബൈ: ഉത്തർപ്രദേശിലെ നോയിഡയിൽ സ്ത്രീധനത്തിന്‍റെ പേരിൽ ഭർത്താവും ഭർതൃവീട്ടുകാരും ചേർന്ന് 28 കാരിയെ തീകൊളുത്തി കൊലപ്പെടുത്തിയ സംഭവത്തെ അപലപിച്ച് മുൻ ഐപിഎസ് ഓഫീസർ കിരൺ ബേദി തിങ്കളാഴ്ച അപലപിച്ചു.മധ്യകാലഘട്ടം മുതൽ പെൺമക്കളെ ഒരു ഭാരമായും ആൺമക്കളെ സമ്പത്തിന്‍റെ ഉറവിടമായും കാണുന്ന സമൂഹത്തിന്‍റെ മാനസികാവസ്ഥയെയാണ് ഈ കേസ് പ്രതിഫലിപ്പിക്കുന്നതെന്ന് അവര്‍ ചൂണ്ടിക്കാട്ടി. സ്ത്രീധനത്തിന് വേണ്ടിയുള്ള ആര്‍ത്തിക്ക് ഒരു അവസാനവുമില്ലെന്നും തികച്ചും മനുഷ്യത്വരഹിതമായ പ്രവൃത്തിയാണിതെന്നും അവര്‍ പറഞ്ഞു.

ആഗസ്ത് 21നാണ് 28കാരിയായ നിക്കി ഭാട്ടിയയെ തീ കൊളുത്തിയ നിലയിൽ കണ്ടെത്തിയത്. ഭര്‍ത്താവും ഭര്‍തൃമാതാവും ചേര്‍ന്ന് തീ കൊളുത്തി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് വിവരം. നിക്കിയെ ആക്രമിക്കുകയും വലിച്ചിഴക്കുകയും തീ പടര്‍ന്ന ശേഷം പടികളിലൂടെ താഴേക്ക് വീഴുന്നതിന്‍റെയും ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വ്യാഴാഴ്ച രാത്രി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് നിക്കി മരിക്കുന്നത്.

സംഭവത്തിൽ ഭര്‍തൃമാതാവിനെ അറസ്റ്റ് ചെയ്തു. നേരത്തെ അറസ്റ്റിലായ ഭര്‍ത്താവ് വിപിൻ ഭാട്ടിയെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിട്ടുണ്ട്. കേസിൽ ഒരു പ്രതിയെ കൂടി അറസ്റ്റ് ചെയ്തതായി ഗ്രേറ്റർ നോയിഡ ഡിസിപി പറഞ്ഞു. പോലീസ് ഏറ്റുമുട്ടലിൽ പരിക്കേറ്റ മകൻ വിപിനെ കാണാൻ പോകുന്നതിനിടെയാണ് രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ജിംസ് ആശുപത്രിക്ക് സമീപം വെച്ച് ഭാര്യാമാതാവായ സാൻസ് ദയാവതിയെ പിടികൂടിയത്.

TAGS :

Next Story