Quantcast

'ഏതു തരം ആണ്‍കുട്ടികളെയാണ് നമ്മള്‍ വളര്‍ത്തിയെടുക്കുന്നത്?'; കാജല്‍ ചാധരിയുടെ സ്ത്രീധന കൊലപാതകത്തില്‍ ചോദ്യവുമായി കിരണ്‍ ബേദി

'പെണ്‍കുട്ടികളെ മാനസികമായും സാമ്പത്തികമായും ശാക്തീകരിക്കുന്നതോടൊപ്പം നമ്മുടെ ആണ്‍കുട്ടികളെ എങ്ങനെ വളര്‍ത്തിയെടുക്കുന്നു എന്നതിലും ശ്രദ്ധിക്കണം'

MediaOne Logo
Kiran Bedi reacted to Kajal Chaudhary murder
X

കിരണ്‍ ബേദി, കൊല്ലപ്പെട്ട കാജല്‍ ചൗധരി

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഗര്‍ഭിണിയായ പൊലീസ് ഉദ്യോഗസ്ഥ കാജല്‍ ചൗധരിയെ ഭര്‍ത്താവ് സ്ത്രീധന തര്‍ക്കത്തിന്റെ പേരില്‍ ഡംബെല്‍ കൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികരണവുമായി രാജ്യത്തെ ആദ്യ വനിതാ ഐപിഎസ് ഉദ്യോഗസ്ഥയും പുതുച്ചേരി മുന്‍ ഗവര്‍ണറുമായ കിരണ്‍ ബേദി. പെണ്‍കുട്ടികളെ മാനസികമായും സാമ്പത്തികമായും ശാക്തീകരിക്കുന്നതോടൊപ്പം നമ്മുടെ ആണ്‍കുട്ടികളെ എങ്ങനെ വളര്‍ത്തിയെടുക്കുന്നു എന്നതില്‍ ശ്രദ്ധിക്കണമെന്നും കിരണ്‍ ബേദി പറഞ്ഞു.

'ഒരു പൊലീസ് കമാന്‍ഡോ ആയിട്ടുകൂടി അവളെ ഭര്‍ത്താവ് മര്‍ദിക്കുകയും കൊലപ്പെടുത്തുകയും ചെയ്തു. പെണ്‍കുട്ടികളെ മാനസികമായും സാമ്പത്തികമായും ശാക്തീകരിക്കുന്നതോടൊപ്പം നമ്മുടെ ആണ്‍കുട്ടികളെ സ്‌കൂളുകളിലും വീടുകളിലും എങ്ങനെ വളര്‍ത്തിയെടുക്കുന്നു എന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. ഏതു തരത്തിലുള്ള ഭര്‍ത്താക്കന്മാരെയും ആണ്‍മക്കളെയും പുരുഷന്മാരെയുമാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ രൂപപ്പെടുത്തുന്നത് ? തെറ്റ് നമ്മുടെ വളര്‍ത്തുരീതിയിലാണ്' -കാജല്‍ ചൗധരിയുടെ കൊലപാതക വാര്‍ത്ത പങ്കുവെച്ചുകൊണ്ട് കിരണ്‍ ബേദി പറഞ്ഞു.

ഡല്‍ഹി പൊലീസിന്റെ പ്രത്യേക സായുധസേനാ കമാന്‍ഡോയായ കാജല്‍ ചൗധരിയെ സാമ്പത്തിക കാര്യങ്ങളെച്ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ക്കിടയാണ് ഭര്‍ത്താവ് അങ്കുര്‍ ജനുവരി 22ന് ക്രൂരമായി ആക്രമിച്ചത്. തലക്ക് ഗുരുതരമായി പരിക്കേറ്റ കാജല്‍ ചൗധരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചൊവ്വാഴ്ച ചികിത്സയ്ക്കിടെ മരിക്കുകയായിരുന്നു. നാലുമാസം ഗര്‍ഭിണിയായിരുന്നു കാജല്‍. പ്രതിരോധ മന്ത്രാലയത്തിലെ ക്ലാര്‍ക്കായി ജോലി ചെയ്യുകയാണ് ഭര്‍ത്താവ് അങ്കുര്‍.

കാജലിനെ ഭര്‍ത്താവും ഭര്‍തൃമാതാവും സഹോദരിമാരും സ്ത്രീധനത്തിന്റെ പേരില്‍ നിരന്തരം പീഡിപ്പിച്ചിരുന്നുവെന്നും അങ്കുര്‍ മാതാപിതാക്കളില്‍ നിന്നും പണം വാങ്ങിയിരുന്നതായും സഹോദരന്‍ നല്‍കിയ പരാതിയില്‍ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ അങ്കുറിനെ കൊലപാതകക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാള്‍ക്കെതിരെ സ്ത്രീധന പീഡനക്കുറ്റം ഉള്‍പ്പെടെ ചുമത്തി.

TAGS :

Next Story