Quantcast

'കൊറിയൻ ലവ് ഗെയിം' കളിക്കുന്നത് വീട്ടുകാര്‍ എതിര്‍ത്തു; പ്രായപൂര്‍ത്തിയാകാത്ത മൂന്ന് സഹോദരിമാര്‍ ജീവനൊടുക്കി

മൂന്നുപേരും സ്ഥിരമായി കൊറിയൻ വീഡിയോ ഗെയിം കളിച്ചിരുന്നതായി പൊലീസ് പറഞ്ഞു

MediaOne Logo

Web Desk

  • Updated:

    2026-02-04 06:25:50.0

Published:

4 Feb 2026 11:48 AM IST

കൊറിയൻ ലവ് ഗെയിം കളിക്കുന്നത് വീട്ടുകാര്‍ എതിര്‍ത്തു;   പ്രായപൂര്‍ത്തിയാകാത്ത മൂന്ന് സഹോദരിമാര്‍ ജീവനൊടുക്കി
X

ഗാസിയാബാദ്: ഉത്തർപ്രദേശിലെ ഗാസിയാബാദിൽ പ്രായപൂര്‍ത്തിയാകാത്ത മൂന്ന് സഹോദരിമാർ ജീവനൊടുക്കി. പാർപ്പിട സമുച്ചയത്തിൻ്റെ ഒൻപതാം നിലയിൽ നിന്ന് താഴേക്ക് ചാടുകയായിരുന്നു. മൂന്നുപേരും സ്ഥിരമായി കൊറിയൻ വീഡിയോ ഗെയിം കളിച്ചിരുന്നതായി പൊലീസ് പറഞ്ഞു. ഇത് മാതാപിതാക്കൾ എതിര്‍ത്തിരുന്നു. ബുധനാഴ്ചയാണ് സംഭവം.

പാർച്ചി (14), വിശിക (16), പഖി (12) എന്നിവരാണ് ഭാരത് സിറ്റി സൊസൈറ്റി അപ്പാർട്ട്മെന്‍റിന്‍റെ ബാൽക്കണിയിൽ നിന്നും ചാടി ആത്മഹത്യ ചെയ്തത്. കുട്ടികളുടെ പിതാവ് ഓഹരി വിപണിയുമായി ബന്ധപ്പെട്ട മേഖലയിൽ പ്രവര്‍ത്തിക്കുന്ന ആളാണ്. ഇയാളുടെ ആദ്യഭാര്യയിലുള്ള മകളാണ് മൂത്ത പെൺകുട്ടി. ഇളയ രണ്ടുപേര്‍ രണ്ടാമത്തെ ഭാര്യയിലുള്ളതാണ്. ബുധനാഴ്ച രാത്രി 12.30ന് മൂവരും പൂജാമുറിയിൽ കയറി അകത്തു നിന്ന് പൂട്ടി ജനാലയിലൂടെ പുറത്തേക്ക് ചാടുകയായിരുന്നുവെന്ന് അസിസ്റ്റന്‍റ് പൊലീസ് കമ്മീഷണർ അതുൽ കുമാർ സിങ്ങിനെ ഉദ്ധരിച്ച് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു. സംഭവം നടക്കുമ്പോൾ ഇവരുടെ അമ്മമാര്‍ വീട്ടിലുണ്ടായിരുന്നു.

മൂവരും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നു. പെൺകുട്ടികൾ വീഴുന്ന ശബ്ദം കേട്ട് താഴത്തെ നിലയിലുണ്ടായിരുന്ന സെക്യൂരിറ്റികളും വീട്ടുകാരും ഒമ്പതാം നിലയിലുണ്ടായിരുന്ന അവരുടെ കുടുംബാംഗങ്ങൾ പോലും ഉണർന്നു. ഓടിയെത്തുമ്പോൾ കണ്ടത് രക്തത്തിൽ കുളിച്ചു കിടക്കുന്ന മൃതദേഹങ്ങളാണ്. ഉടൻ തന്നെ പൊലീസിനെ അറിയിക്കുകയും ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.

കൊറിയൻ ലവ് ഗെയിം എന്ന ടാസ്ക് അധിഷ്ഠിത ഗെയിമിനോട് പെൺകുട്ടികൾ അമിതമായ താൽപര്യം പ്രകടിപ്പിച്ചിരുന്നതായും ഗെയിം കളിച്ച് കളിച്ച് തങ്ങളെ കൊറിയൻ രാജകുമാരിമാരായി സങ്കൽപിച്ചിരുന്നതായും പൊലീസ് പറയുന്നു. എന്നാൽ ഗെയിമിലെ ടാസ്കിന്‍റെ ഭാഗമായിട്ടാണോ പെൺകുട്ടികൾ പുറത്തേക്ക് ചാടിയതെന്ന് വ്യക്തമല്ല. പെൺകുട്ടികൾ ഒരു ഡയറിയിൽ എന്തൊക്കെയോ കുത്തിക്കുറിച്ചിട്ടുണ്ടെന്നും ക്ഷമിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കരയുന്ന കാരിക്കേച്ചര്‍ വരച്ചിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കുന്നു.

ബാത് റൂമിൽ പോകുന്നതുൾപ്പെടെയുള്ള ദൈനംദിനം കാര്യങ്ങൾ പെൺകുട്ടികൾ ഒരുമിച്ചാണ് ചെയ്തിരുന്നത്. പെൺകുട്ടികളുടെ ഗെയിം ആസക്തിയെക്കുറിച്ച് വീട്ടുകാര്‍ക്ക് അറിയാമായിരുന്നുവെന്നും അവരുടെ മൊബൈൽ ഫോണുകൾ പിടിച്ചുവാങ്ങുമായിരുന്നുവെന്നും പൊലീസ് വിശദീകരിച്ചു. കോവിഡ് ലോക്ഡൗൺ കാലത്താണ് പെൺകുട്ടികൾ ഗെയിം കളിച്ചുതുടങ്ങിയത്. ഇവരുടെ ഫോണുകൾ പരിശോധിക്കുമെന്നും ഗെയിമിനെക്കുറിച്ചുള്ള ശദാംശങ്ങൾ തേടുമെന്നും പൊലീസ് പറഞ്ഞു.

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)

TAGS :

Next Story