Quantcast

ഉദ്യോഗാർഥികളിൽനിന്ന് 20 മുതൽ 40 ലക്ഷം വരെ കോഴ വാങ്ങി; കർണാടക പിഎസ്‌സി മുൻ ചെയർമാനും അംഗവും അറസ്റ്റിൽ

പരീക്ഷാ ക്രമക്കേടിൽ സസ്പെൻഷനിലായ മുൻ ചെയർമാൻ ശിവശങ്കരപ്പ സാഹുക്കർ, കമ്മീഷൻ അംഗം ബി.വി ഗീത എന്നിവരാണ് അറസ്റ്റിലായത്

MediaOne Logo
ഉദ്യോഗാർഥികളിൽനിന്ന് 20 മുതൽ 40 ലക്ഷം വരെ കോഴ വാങ്ങി; കർണാടക പിഎസ്‌സി മുൻ ചെയർമാനും അംഗവും അറസ്റ്റിൽ
X

ബെംഗളൂരു: കർണാടക പബ്ലിക് സർവീസ് കമ്മീഷൻ നടത്തിയ പരീക്ഷാ ക്രമക്കേടിൽ സസ്പെൻഷനിലായ മുൻ ചെയർമാൻ ശിവശങ്കരപ്പ സാഹുക്കർ, കമ്മീഷൻ അംഗം ബി.വി ഗീത എന്നിവരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. 400 വെറ്ററിനറി ഓഫീസർ തസ്തികകളിലേക്കുള്ള നിയമന പരീക്ഷയിൽ ഉത്തരസൂചിക ചോർത്തി നൽകിയതിലും രഹസ്യ മെറിറ്റ് ലിസ്റ്റ് ദുരുപയോഗം ചെയ്ത് ഉദ്യോഗാർഥികളിൽനിന്ന് കോഴ വാങ്ങിയതിലുമാണ് നടപടി.

കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം (പിഎംഎൽഎ) ഒക്ടോബർ ആറിന് ഇരുവരുടെയും വസതികളിൽ നടത്തിയ റെയ്ഡിന് ശേഷമായിരുന്നു അറസ്റ്റ്. ഒക്ടോബർ ഏഴിന് പ്രത്യേക പിഎംഎൽഎ കോടതിയിൽ ഹാജരാക്കിയ ഇവരെ 14 ദിവസത്തേക്ക് ഇഡി കസ്റ്റഡിയിൽ വിട്ടു.

പരീക്ഷാ ക്രമക്കേടുകളിലൂടെ കെപിഎസ്‌സി ഉദ്യോഗസ്ഥരും അംഗങ്ങളും സംഘടിതമായി പണം തട്ടിയെന്ന് അന്വേഷണത്തിൽ വ്യക്തമായതായി ഇഡി അറിയിച്ചു. ചോദ്യപേപ്പർ ചോർത്തൽ, ഉദ്യോഗാർഥികൾക്ക് പ്രത്യേകമായി ഉത്തരസൂചികകൾ നൽകൽ, രഹസ്യമായി സൂക്ഷിക്കേണ്ട 1:3 മെറിറ്റ് ലിസ്റ്റ് ഉപയോഗിച്ച് പണം തട്ടൽ എന്നിവയായിരുന്നു ഇവരുടെ പ്രവർത്തനരീതി.

2026 ജനുവരി എട്ടിന് നടന്ന പരീക്ഷയ്ക്ക് തലേദിവസം ചില ഉദ്യോഗാർഥികൾക്ക് ഉത്തരസൂചികകൾ മുൻകൂട്ടി ചോർത്തി നൽകിയിരുന്നു. ഇതിനായി 20 ലക്ഷം മുതൽ 40 ലക്ഷം രൂപ വരെയാണ് കൈക്കൂലിയായി വാങ്ങിയതെന്ന് അന്വേഷണസംഘം കണ്ടെത്തി. അന്ന് പരീക്ഷാ കൺട്രോളറായിരുന്ന ഐഎഎസ് ഉദ്യോഗസ്ഥൻ ജ്ഞാനേന്ദ്ര കുമാർ ഗാംഗ്വാറാണ് രഹസ്യ ചോദ്യപേപ്പറുകളും ഉത്തരസൂചികകളും ചോർത്തി ബി.വി ഗീതയ്ക്ക് കൈമാറിയത്. ആദ്യത്തെ 80 ചോദ്യങ്ങളുടെ ശരിയായ ഉത്തരങ്ങളാണ് ഇത്തരത്തിൽ ലഭ്യമാക്കിയത്.

ഒരു ഉദ്യോഗാർഥിയിൽനിന്ന് 40 ലക്ഷം രൂപ കൈക്കൂലി ഉറപ്പിച്ച് 20 ലക്ഷം രൂപ അഡ്വാൻസായി ബി.വി ഗീത കൈപ്പറ്റിയെന്നും മറ്റൊരു ഉദ്യോഗാർഥിയിൽനിന്ന് 20 ലക്ഷം രൂപ ഉറപ്പിച്ച് ശിവശങ്കരപ്പ സാഹുക്കർ 10 ലക്ഷം രൂപ മുൻകൂറായി വാങ്ങിയെന്നും ഇഡി വ്യക്തമാക്കി. അന്തിമ സെലക്ഷൻ ലിസ്റ്റിൽ ഉയർന്ന മാർക്ക് നേടിയ ആറ് ഉദ്യോഗാർഥികൾ നിലവിൽ അന്വേഷണ പരിധിയിലുണ്ട്. ക്രമക്കേടിന്റെ ഗുണഭോക്താക്കളായ മുഴുവൻ ആളുകളെയും കണ്ടെത്താനുള്ള നടപടികൾ തുടരുകയാണ്.

പരീക്ഷയ്ക്ക് തലേദിവസം 10 ഉദ്യോഗാർഥികളെ ബെംഗളൂരുവിന്റെ പ്രാന്തപ്രദേശത്തുള്ള ഒരു റിസോർട്ടിലെത്തിച്ചതായും ഇഡി കണ്ടെത്തി. ഇവിടെവെച്ച് 80 ചോദ്യങ്ങൾ അടങ്ങിയ ചോർന്ന ഉത്തരസൂചിക നൽകി ഇവരെക്കൊണ്ട് ഉത്തരങ്ങൾ കാണാതെ പഠിപ്പിക്കുകയായിരുന്നു. ഗാംഗ്വാറിന്റെ അടുത്ത സഹായിയായ ബസവരാജ് കന്നാലെ വഴിയാണ് ചോദ്യപേപ്പർ പുറത്തെത്തിച്ചത്. ഓരോ ഉദ്യോഗാർഥിയിൽനിന്നും 40 മുതൽ 50 ലക്ഷം രൂപ വരെയാണ് ഇയാൾ ഈടാക്കിയത്. സെപ്റ്റംബർ 17-ന് ബസവരാജ് കന്നാലെയും 18-ന് ഐഎഎസ് ഉദ്യോഗസ്ഥൻ ഗാംഗ്വാറും ഇഡിയുടെ പിടിയിലായിരുന്നു. പിന്നീട്് ഇവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

ഇതിനുപുറമെ, പരീക്ഷാ ഫലത്തിലെ 1:3 എലിജിബിലിറ്റി ലിസ്റ്റ് ദുരുപയോഗം ചെയ്തും പണം തട്ടിയിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഈ പട്ടിക പ്രസിദ്ധീകരിക്കുമ്പോൾ വ്യക്തിഗത മാർക്കുകൾ വെളിപ്പെടുത്താറില്ല. എന്നാൽ, പരീക്ഷാ കൺട്രോളറുടെ ഓഫീസിലെ സ്വാധീനം ഉപയോഗിച്ച് രഹസ്യ മെറിറ്റ് വിവരങ്ങൾ ചോർത്തിയെടുത്ത് അന്തിമ സെലക്ഷൻ ഉറപ്പുള്ള ഉദ്യോഗാർഥികളെ നേരിട്ട് സമീപിക്കുകയായിരുന്നു. ജോലി ഉറപ്പാക്കി നൽകാമെന്ന് വിശ്വസിപ്പിച്ച് തസ്തികയ്ക്കനുസരിച്ച് 10 ലക്ഷം മുതൽ 50 ലക്ഷം രൂപ വരെയാണ് ഇത്തരത്തിൽ വാങ്ങിയതെന്നും ഇഡി വ്യക്തമാക്കി.

TAGS :

Next Story