Quantcast

പ്രതിഷേധങ്ങള്‍ക്ക് വിലക്ക്; ലക്ഷദ്വീപില്‍ സര്‍ക്കാര്‍ ഓഫീസുകളും ആശുപത്രികളും ഇന്ധന ഡിപ്പോകളുമെല്ലാം നിരോധിത കേന്ദ്രങ്ങള്‍

സമീപകാലങ്ങളില്‍ വിവിധ വിഷയങ്ങളില്‍ ദ്വീപ് ഭരണകൂടത്തിനെതിരെ പ്രതിഷേധമുയർന്ന പശ്ചാത്തലത്തിലാണ് നടപടി

MediaOne Logo

Web Desk

  • Published:

    11 Jun 2026 10:47 PM IST

Lakshadweep protest ban
X

കവരത്തി: ലക്ഷദ്വീപില്‍ പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താന്‍ കര്‍ശന നിയന്ത്രണങ്ങളുമായി ദ്വീപ് ഭരണകൂടം. ദ്വീപുകളിലെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ആശുപത്രികള്‍ക്കും ഇന്ധന ഡിപ്പോകള്‍ക്കും ചുറ്റും ജില്ലാ മജിസ്‌ട്രേറ്റ് ശിവം ചന്ദ്ര നിരോധനാജ്ഞ ഏര്‍പ്പെടുത്തി. അഞ്ച് പേരോ അതിലധികമോ ആളുകള്‍ ഒത്തുചേരുന്നതിനും പ്രതിഷേധിക്കുന്നതിനുമാണ് വിലക്ക്. സമീപകാലങ്ങളില്‍ വിവിധ വിഷയങ്ങളില്‍ ദ്വീപ് ഭരണകൂടത്തിനെതിരെ പ്രതിഷേധമുയരുന്ന പശ്ചാത്തലത്തിലാണ് നടപടി.

ഉത്തരവ് പ്രകാരം ദ്വീപുകളിലെ ജെട്ടികള്‍, ഹെലിപാഡുകള്‍ എന്നിവയുടെ 150 മീറ്റര്‍ ചുറ്റളവില്‍ പ്രതിഷേധം സംഘടിപ്പിക്കാന്‍ പാടില്ല. വൈദ്യുതി ഉല്‍പ്പാദന സ്റ്റേഷനുകള്‍, ഇന്ധന ഡിപ്പോകള്‍, ഡീസലൈനേഷന്‍ പ്ലാന്റുകള്‍, ആശുപത്രികള്‍, എസ്ഡിഎം, ബിഡിഒ ഓഫീസുകള്‍, ജില്ലാ കലക്ടറേറ്റ്, കവരത്തിയിലെ സെക്രട്ടേറിയറ്റ് എന്നിവയും ഈ മേഖലകളില്‍ ഉള്‍പ്പെടുന്നു. ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ ബിഎന്‍എസ് 223ാം വകുപ്പ് പ്രകാരം ആറ് മാസം വരെ തടവോ പിഴയോ ലഭിക്കുന്ന കുറ്റം ചുമത്തുമെന്ന് ഉത്തരവില്‍ പറയുന്നു.

നിയന്ത്രണങ്ങള്‍ ജനങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യവും സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശവും ഇല്ലാതാക്കുന്നതാണെന്ന് വ്യാപക വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. എന്നാല്‍ പൊതുസുരക്ഷയും അത്യാവശ്യ സേവനങ്ങളുടെ തടസമില്ലാത്ത പ്രവര്‍ത്തനവും ഉറപ്പാക്കാനാണ് നടപടിയെന്നാണ് ഭരണകൂടത്തിന്റെ വിശദീകരണം. ജനങ്ങള്‍ക്ക് പ്രതിഷേധിക്കാനായി ഓരോ ദ്വീപിലും പ്രത്യേക പ്രതിഷേധ വേദികള്‍ തയ്യാറാക്കുമെന്നാണ് ജില്ലാ ഭരണകൂടം പറയുന്നത്.

TAGS :

Next Story