‘കുംഭമേള അർഥശൂന്യം’; വിവാദത്തിന് തിരികൊളുത്തി ലാലു പ്രസാദ്
ഡൽഹി റെയിൽവേ സ്റ്റേഷൻ ദുരന്തത്തിന്‍റെ പശ്ചാത്തലത്തിലായിരുന്നു ലാലുവിന്‍റെ പ്രതികരണം

ന്യൂഡൽഹി: മഹാകുംഭമേള അർഥശൂന്യമെന്ന് വിശേഷിപ്പിച്ച ബിഹാർ മുൻ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിന്‍റെ പ്രസ്താവന വിവാദത്തിന് തിരികൊളുത്തി. ന്യൂഡൽഹി റെയിൽവേ സ്റ്റേഷൻ ദുരന്തത്തിന്‍റെ പശ്ചാത്തലത്തിലായിരുന്നു ലാലുവിന്‍റെ പ്രതികരണം. ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിനെതിരെ ആഞ്ഞടിച്ച അദ്ദേഹം, റെയിൽവേ മന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ടു.
‘തിക്കിലും തിരക്കിലുംപെട്ട് 18 പേർ മരിച്ച സംഭവം വളരെ അസ്വസ്ഥത ഉളവാക്കുന്നതാണ്. കേന്ദ്ര സർക്കാർ നടത്തിയ അപര്യാപ്തമായ ക്രമീകരണങ്ങളാണ് ഇത് തുറന്നുകാട്ടുന്നത്. റെയിൽവേ മന്ത്രി രാജിവയ്ക്കണം. ഇത് റെയിൽവേയുടെ പൂർണ പരാജയമാണ്’ -മുൻ കേന്ദ്ര റെയിൽവേ മന്ത്രി കൂടിയായ ലാലു പ്രസാദ് പറഞ്ഞു.
ഉത്തർ പ്രദേശിലെ പ്രയാഗ് രാജിൽ നടക്കുന്ന കുംഭമേളയിൽ പങ്കെടുക്കാൻ വേണ്ടിയാണ് വലിയ ജനക്കൂട്ടം ഡൽഹി റെയിൽവേ സ്റ്റേഷനിലെത്തിയത്. പ്രയാഗ്‌രാജിൽ നടക്കുന്ന കുംഭമേളയ്ക്കായി വലിയ ജനക്കൂട്ടം എത്തുന്നതിനെക്കുറിച്ച് ചോദിച്ചപ്പോൾ, ‘കുംഭമേളയ്ക്ക് അർഥമില്ല, അത് വെറും അർഥശൂന്യമാണ്’ -എന്നായിരുന്നു ലാലുവിന്‍റെ മറുപടി. ഇതിനെതിരെ ബിഹാർ ബിജെപി വക്താവ് മനോജ് ശർമ രംഗത്തുവന്നു. ഹിന്ദു മതത്തോടുള്ള ആർജെഡിയുടെ മനോഭാവമാണ് തുറന്നുകാട്ടുന്നതെന്ന് അദ്ദേഹം പറഞ്ഞു.
‘ലാലു പ്രീണന രാഷ്ട്രീയം കളിക്കുന്നതിനാലാണ് ഇത്തരം പ്രസ്താവനകൾ നടത്തുന്നത്. ആർജെഡി നേതാക്കൾ എല്ലായ്‌പ്പോഴും ഹിന്ദുക്കളുടെ മതവികാരങ്ങളെ അവഹേളിച്ചിട്ടുണ്ട്. മഹാകുംഭമേളയെ അർഥശൂന്യമെന്ന് വിശേഷിപ്പിച്ച ലാലു പ്രസാദിന്‍റെ പുതിയ പ്രസ്താവന ഹിന്ദു മതത്തോടുള്ള പാർട്ടിയുടെ മനോഭാവത്തെ തുറന്നുകാട്ടുന്നതാണ്’ -മനോജ് ശർമ പറഞ്ഞു.
Adjust Story Font
16

