ലാലുവിന്റെ മകൻ തേജ് പ്രതാപ് പാർട്ടിയിൽ നിന്നും കുടുംബത്തിൽ നിന്നും പുറത്തായതിന് പിന്നിലെന്ത്?
ആറു വർഷത്തേക്കാണ് തേജ് പ്രതാപിനെ ആർജെഡിയിൽ നിന്ന് പുറത്താക്കിയത്.

പട്‌ന: മകൻ തേജ് പ്രതാപ് യാദവിനെ പാർട്ടിയിൽ നിന്നും കുടുംബത്തിൽ നിന്നും പുറത്താക്കിയിരിക്കുകയാണ് ആർജെഡി നേതാവ് ലാലു പ്രസാദ് യാദവ്. താൻ ഒരു യുവതിയുമായി പ്രണയത്തിലാണെന്ന് തേജ് പ്രതാപ് സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ലാലുവിന്റെ നടപടി. ആറു വർഷത്തേക്കാണ് തേജ് പ്രതാപിനെ ആർജെഡിയിൽ നിന്ന് പുറത്താക്കിയത്. വ്യക്തി ജീവിതത്തിൽ ധാർമിക മൂല്യങ്ങൾ അവഗണിക്കുന്നത് സാമൂഹിക നീതിക്കായുള്ള കൂട്ടായ പോരാട്ടത്തെ ദുർബലപ്പെടുത്തുമെന്ന് മകനെ പുറത്താക്കിക്കൊണ്ടുള്ള വാർത്താക്കുറിപ്പിൽ ലാലു പറഞ്ഞു.
''മൂത്ത മകന്റെ പ്രവർത്തനങ്ങൾ, പൊതു പെരുമാറ്റം, നിരുത്തരവാദപരമായ പെരുമാറ്റം എന്നിവ ഞങ്ങളുടെ കുടുംബ മൂല്യങ്ങൾക്കും സംസ്‌കാരത്തിനും അനുസൃതമല്ല. അതിനാൽ, ഞാൻ അദ്ദേഹത്തെ പാർട്ടിയിൽനിന്നും കുടുംബത്തിൽ നിന്നും പുറത്താക്കുന്നു. ഇനി മുതൽ, അദ്ദേഹത്തിന് പാർട്ടിയിലും കുടുംബത്തിലും ഒരു തരത്തിലുള്ള പങ്കും ഉണ്ടായിരിക്കില്ല.
അദ്ദേഹത്തെ പാർട്ടിയിൽനിന്ന് ആറു വർഷത്തേക്ക് പുറത്താക്കുന്നു. വ്യക്തിജീവിതത്തിന്റെ നല്ലതും ചീത്തയും ഗുണദോഷങ്ങളും കാണാൻ അദ്ദേഹത്തിന് കഴിയും. അദ്ദേഹവുമായി ബന്ധം പുലർത്തുന്നവർ വിവേചനാധികാരത്തോടെ കാര്യങ്ങൾ തീരുമാനിക്കണം. കുടുംബത്തിലെ അനുസരണയുള്ള അംഗങ്ങൾ പൊതുജീവിതത്തിൽ ഈ ആശയം സ്വീകരിക്കുകയും പിന്തുടരുകയും ചെയ്തിട്ടുണ്ട്'' - ലാലുപ്രസാദ് യാദവ് എക്‌സിൽ കുറിച്ചു.
निजी जीवन में नैतिक मूल्यों की अवहेलना करना हमारे सामाजिक न्याय के लिए सामूहिक संघर्ष को कमज़ोर करता है। ज्येष्ठ पुत्र की गतिविधि, लोक आचरण तथा गैर जिम्मेदाराना व्यवहार हमारे पारिवारिक मूल्यों और संस्कारों के अनुरूप नहीं है। अतएव उपरोक्त परिस्थितियों के चलते उसे पार्टी और परिवार…
— Lalu Prasad Yadav (@laluprasadrjd) May 25, 2025
കഴിഞ്ഞ ദിവസമാണ് അനുഷ്‌ക യാദവ് എന്ന യുവതിയുമായി താൻ പ്രണയത്തിലാണെന്ന് 37 വയസ്സുകാരനായ തേജ് പ്രതാപ് പുറംലോകത്തെ അറിയിച്ചത്. കഴിഞ്ഞ 12 വർഷമായി തങ്ങൾക്ക് പരസ്പരം അറിയാമെന്നും പ്രണയത്തിലാണെന്നുമാണ് തേജ് പ്രതാപ് പറഞ്ഞത്. വളരെക്കാലമായി ഇതു നിങ്ങളുമായി പങ്കിടാൻ ആഗ്രഹിക്കുന്നു. അതുകൊണ്ടാണ്, നിങ്ങളുടെ എല്ലാവരുടെയും മുന്നിൽ താൻ ഇത് വെളിപ്പെടുത്തുന്നത്. നിങ്ങൾക്ക് എന്നെ മനസ്സിലാക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു എന്നായിരുന്നു തേജ് പ്രതാപിന്റെ കുറിപ്പ്.
मेरे सोशल मीडिया प्लैटफॉर्म को हैक एवं मेरे तश्वीरो को गलत तरीके से एडिट कर मुझे और मेरे परिवार वालो को परेशान और बदनाम किया जा रहा है,मैं अपने सुभचिंतको और फॉलोवर्स से अपील करता हूं कि वे सतर्क रहें और किसी भी अफ़वाह पर ध्यान न दे....
— Tej Pratap Yadav (@TejYadav14) May 24, 2025
ചർച്ചയായതോടെ തേജ് പ്രതാപ് പോസ്റ്റ് ഡിലീറ്റ് ചെയ്തു. പിന്നീട് തന്റെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടുവെന്നും തന്നെയും കുടുംബത്തെയും അപകീർത്തിപ്പെടുത്തുന്നതിനായി ഫോട്ടോകൾ എഡിറ്റ് ചെയ്തതാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
പോസ്റ്റിനു പിന്നാലെ 2018ൽ നടന്ന തേജ് പ്രതാപിന്റെ വിവാഹത്തെപ്പറ്റി ആയിരുന്നു സമൂഹമാധ്യമങ്ങളിലെ ചർച്ച. മുൻ ബിഹാർ മുഖ്യമന്ത്രി ദരോഗ റായിയുടെ ചെറുമകൾ ഐശ്വര്യയെയാണ് തേജ് പ്രതാപ് വിവാഹം കഴിച്ചത്. എന്നാൽ ഏതാനും മാസങ്ങൾക്കുള്ളിൽ, തന്നെ വീട്ടിൽനിന്നു പുറത്താക്കിയെന്ന് ആരോപിച്ച് ഐശ്വര്യ വീട് വിട്ടിറങ്ങി. മകളുടെ പോരാട്ടത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് പ്രതിജ്ഞയെടുത്ത്, ഐശ്വര്യയുടെ പിതാവ് മുൻ മന്ത്രി കൂടിയായ ചന്ദ്രിക റോയ് ആർജെഡി വിട്ടു.
Adjust Story Font
16

