Quantcast

'കിഡ്‌നി മാറ്റിവെക്കാൻ വിദേശത്ത് പോകണം'; പാസ്‌പോർട്ട് ആവശ്യപ്പെട്ട് ലാലു പ്രസാദ് കോടതിയിൽ

73 കാരനായ ലാലുവിന് ഡൊറണ്ട ട്രഷറികേസിൽ ഏപ്രിൽ 22 ന് ജാർഖണ്ഡ് ഹൈക്കോടതി ജാമ്യം നൽകിയിരുന്നു

MediaOne Logo

Web Desk

  • Updated:

    2022-06-06 17:03:57.0

Published:

6 Jun 2022 3:33 PM GMT

കിഡ്‌നി മാറ്റിവെക്കാൻ വിദേശത്ത് പോകണം; പാസ്‌പോർട്ട് ആവശ്യപ്പെട്ട് ലാലു പ്രസാദ് കോടതിയിൽ
X

റാഞ്ചി: കിഡ്‌നി മാറ്റിവെക്കാനായി വിദേശത്ത് പോകുന്നതിനായി പാസ്‌പോർട്ട് ലഭിക്കാനായി രാഷ്ട്രീയ ജനതാദൾ നേതാവും മുൻ ബിഹാർ മുഖ്യമന്ത്രിയായ ലാലുപ്രസാദ് യാദവ് സിബിഐ കോടതിയിൽ ഹരജി നൽകി. സിംഗപ്പൂരിൽ പോയി കിഡ്‌നി മാറ്റിവെക്കാനാണ് ലാലു ഉദ്ദേശിക്കുന്നതെന്നും പാസ്‌പോർട്ട് പുതുക്കേണ്ടതുണ്ടെന്നും അതിന് ശേഷം കോടതിയിൽ സമർപ്പിക്കുമെന്നും അദ്ദേഹത്തിന്റെ അഭിഭാഷകൻ പ്രഭാത് കുമാർ വാർത്താഏജൻസിയായ എഎൻഐയോട് പറഞ്ഞു. സമയമാകുമ്പോൾ വിദേശയാത്രക്ക് അനുമതി തേടി അദ്ദേഹം കുറ്റക്കാരനായ അഞ്ചു കേസുകളിലും ഹരജി നൽകുമെന്നും അഭിഭാഷകൻ പറഞ്ഞു. വൃക്ക സംബന്ധമായ അസുഖബാധിതനാണ് ലാലു. 20 ശതമാനം ശേഷിയിൽ മാത്രമാണ് വൃക്ക പ്രവർത്തിക്കുന്നത്.

73 കാരനായ ലാലുവിന് ഡൊറണ്ട ട്രഷറികേസിൽ ഏപ്രിൽ 22 ന് ജാർഖണ്ഡ് ഹൈക്കോടതി ജാമ്യം നൽകിയിരുന്നു. 139 കോടിയിലധികം തട്ടിയെടുത്തെന്ന് കാണിച്ച് കേസിൽ ലാലുവിനെ സിബിഐ കോടതി അഞ്ചു വർഷം ശിക്ഷിച്ചിരുന്നു. കാലിത്തീറ്റ കുംഭകോണത്തിൽ ലാലുവിനെതിരായ അഞ്ചാമത്തെയും അവസാനത്തേതുമായ കേസാണിത്. കേസിൽ കഴിഞ്ഞ ഫെബ്രുവരി 22ന് റാഞ്ചിയിലെ പ്രത്യേക സി.ബി.ഐ കോടതി അഞ്ചുവർഷം തടവും 60 ലക്ഷം രൂപ പിഴയും വിധിച്ചിരുന്നു. പാതി കസ്റ്റഡിയും ആരോഗ്യപ്രശ്നങ്ങളുമെല്ലാം പരിഗണിച്ചാണ് റാഞ്ചി കോടതി ലാലുവിന് ജാമ്യം നല്‍കിയിരുന്നത്.

കുംഭകോണം നടന്ന് 25 വർഷത്തിനുശേഷമാണ് കേസിൽ അന്തിമവിധി പുറത്തുവന്നത്. കേസിൽ ജാമ്യത്തിൽ കഴിയുന്ന ലാലു പ്രസാദ് യാദവ് അനാരോഗ്യത്തെത്തുടർന്ന് വിഡിയോ കോൺഫറൻസിലൂടെയാണ് വാദംകേൾക്കലിന് ഹാജരായിരുന്നത്.

എന്താണ് കാലിത്തീറ്റ കുംഭകോണം?

ലാലു പ്രസാദ് യാദവ് ബിഹാർ മുഖ്യമന്ത്രിയായിരിക്കെ കാലിത്തീറ്റ വാങ്ങാനുള്ള കരാറിന്റെ മറവിൽ സർക്കാർ ഫണ്ട് വകമാറ്റി ചെലവഴിച്ചെന്ന കേസാണ് കാലിത്തീറ്റ കുംഭകോണം എന്ന പേരിൽ അറിയപ്പെടുന്നത്. സർക്കാർ ട്രഷറികളിൽനിന്ന് പൊതുപണം അന്യായമായി പിൻവലിച്ചതുമായി ബന്ധപ്പെട്ടാണ് കേസുള്ളത്. 1990കളിലാണ് കുംഭകോണം നടന്നതെന്നാണ് ആരോപിക്കപ്പെടുന്നത്.

കുംഭകോണവുമായി ബന്ധപ്പെട്ട് നാല് കേസുകളിൽ 14 വർഷത്തെ തടവുശിക്ഷ വിധിക്കപ്പെട്ട നേരത്തെ തന്നെ ശിക്ഷ ഏറ്റുവാങ്ങിക്കഴിഞ്ഞു. ഏറ്റവുമൊടുവിൽ ഡൊറൻഡ ട്രഷറിയിൽനിന്ന് 139.5 കോടി രൂപ നിയമവിരുദ്ധമായ രീതിയിൽ പിൻവലിച്ച അഞ്ചാമത്തെ കേസിലാണ് റാഞ്ചി കോടതി ലാലുവിന് ജാമ്യം അനുവദിച്ചത്.1996ൽ ഒരു മൃഗാരോഗ്യ കേന്ദ്രത്തിൽ നടന്ന റെയ്ഡിലാണ് കുംഭകോണം പുറത്തുവന്നത്. ആകെ 950 കോടിയുടെ തട്ടിപ്പാണ് നടന്നത്. ആദ്യ കേസുകളിൽ ജയിൽശിക്ഷ അനുഭവിച്ചിരുന്ന ലാലു ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് നിലവിൽ ജാമ്യത്തിലാണുള്ളത്.

Rashtriya Janata Dal leader and former Bihar Chief Minister Lalu Prasad Yadav filed petition in CBI court seeking passport to travel abroad for kidney transplant.

TAGS :

Next Story