Quantcast

മധ്യപ്രദേശിൽ സിന്ധ്യ ക്യാമ്പിലെ നേതാക്കൾ കൂട്ടത്തോടെ കോൺഗ്രസിലേക്ക് മടങ്ങുന്നു

മാസങ്ങൾക്കുള്ളിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ നേതാക്കളുടെ കൊഴിഞ്ഞുപോക്ക് ബി.ജെ.പിയിൽ വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.

MediaOne Logo

Web Desk

  • Published:

    20 Aug 2023 2:35 AM GMT

Leaders left Jyotiraditya Scindia camp Madhyapradesh
X

ഭോപ്പാൽ: മധ്യപ്രദേശിൽ നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ ജോതിരാധിത്യ സിന്ധ്യക്കൊപ്പമുള്ള നേതാക്കൾ കോൺഗ്രസിലേക്ക് മടങ്ങുന്നത് ബി.ജെപിക്ക് തിരിച്ചടിയാകുന്നു. സിന്ധ്യയുടെ വിശ്വസ്തനായ സാമന്ദർ പട്ടേൽ കഴിഞ്ഞ ദിവസമാണ് കോൺഗ്രസിൽ ചേർന്നത്. 1200 വാഹനങ്ങളുടെ അകമ്പടിയിൽ 5000 ത്തോളെ അനുയായികളെയും കൂട്ടി ശക്തിപ്രകടനം നടത്തിയാണ് സാമന്ദർ പട്ടേൽ കോൺഗ്രസിലേക്ക് മടങ്ങിയത്. 2020ൽ കമൽനാഥിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാരിനെ അട്ടിമറിച്ച് ജ്യോതിരാധിത്യ സിന്ധ്യക്കൊപ്പമാണ് സാമന്ദർ പട്ടേലും കോൺഗ്രസ് വിട്ടത്.

യാതൊരു നിബന്ധനയുമില്ലാതെയാണ് പട്ടേൽ പാർട്ടിയിൽ മടങ്ങിയെത്തിയതെന്ന് കമൽനാഥ് പറഞ്ഞു. അദ്ദേഹത്തിന്റെ സത്യസന്ധതയാണ് അദ്ദേഹത്തെ കോൺഗ്രസിലെത്തിച്ചത്. 2018ൽ ജനങ്ങൾ കോൺഗ്രസിനെയാണ് തെരഞ്ഞെടുത്തത്. എന്നാൽ ശിവരാജ് സിങ് ചൗഹാൻ പണത്തിന്റെ ബലത്തിൽ കുതിരക്കച്ചവടം നടത്തി ബി.ജെ.പി സർക്കാർ രൂപീകരിച്ചു. 18 വർഷമായി ബി.ജെ.പിയാണ് സംസ്ഥാനം ഭരിക്കുന്നത്. എവിടെ നോക്കിയാലും അഴിമതി മാത്രമാണ് നടക്കുന്നതെന്നും ഒരു മാറ്റവും സംസ്ഥാനത്ത് ഉണ്ടാക്കാൻ ബി.ജെ.പിക്ക് കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

മധ്യപ്രദേശിൽ അടുത്തിടെ കോൺഗ്രസിലേക്ക് മടങ്ങിയ മൂന്നാമത്തെ സിന്ധ്യ പക്ഷക്കാരനാണ് സാമന്ദർ പട്ടേൽ. മൂവരും വൻ വ്യൂഹവുമായി ശക്തിപ്രകടനത്തോടെയാണ് കോൺഗ്രസിൽ തിരിച്ചെത്തിയത്. ജൂൺ 14ന് ശിവപുരിയിലെ ബി.ജെ.പി നേതാവ് ബൈജ്‌നാഥ് സിങ് യാദവ് 700 കാറുകളുടെ അകമ്പടിയിലാണ് റാലി നടത്തി കോൺഗ്രസിൽ ചേർന്നത്. ജൂൺ 26ന് ശിവപുരി ജില്ലാ പ്രസിഡന്റ് രാകേഷ് കുമാർ ഗുപ്തയും സമാനമായ റാലി നടത്തി കോൺഗ്രസിൽ ചേർന്നിരുന്നു.

ഈ വർഷം അവസാനം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മധ്യപ്രദേശിൽ ഭരണം തിരിച്ചുപിടിക്കാനാവുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്. സിന്ധ്യ പക്ഷത്തെ നേതാക്കൾ പാർട്ടിയിലെത്തുന്നത് ഇതിന് കരുത്താവുമെന്നാണ് നേതൃത്വത്തിന്റെ പ്രതീക്ഷ.

TAGS :

Next Story