ശിവരാത്രിക്ക് പൂജിച്ച ചെറുനാരങ്ങ ലേലത്തില്‍ പോയത് 16,000 രൂപക്ക്!
വെള്ളിമോതിരമാണ് ഏറ്റവും ഉയര്‍ന്ന വിലക്ക് ലേലത്തില്‍ പോയത്

- Published:
18 Feb 2026 3:28 PM IST

ഈറോഡ്: തമിഴ്നാട്ടിലെ ഈറോഡില്‍ ശിവരാത്രി ആഘോഷങ്ങളുടെ ഭാഗമായി നടന്ന ലേലത്തില്‍ ഒരു ചെറുനാരങ്ങ വിറ്റുപോയത് 16,000 രൂപക്ക്. പഴംതിണ്ണി കറുപ്പ ഈശ്വരൻ ക്ഷേത്രത്തില്‍ ശിവരാത്രി നാളില്‍ പൂജിച്ച നാരങ്ങയാണ് ലേലത്തില്‍ വിറ്റത്.
വിളക്കേത്തി ഗ്രാമത്തിനടുത്തുള്ള പുതു അണ്ണാമലൈ പാളയത്തില്‍ തിങ്കളാഴ്ച വൈകുന്നേരം 6 നും 8.30 നും ഇടയിൽ പ്രത്യേക പൂജകൾ നടത്തിയിരുന്നു. ആയിരക്കണക്കിന് ഭക്തരാണ് പൂജയില്‍ പങ്കെടുക്കാനെത്തിയത്. വര്‍ഷങ്ങളായി ഈ ക്ഷേത്രത്തില്‍ മഹാ ശിവരാത്രി ആഘോഷങ്ങളുടെ ഭാഗമായി പൂജക്ക് ഉപയോഗിക്കുന്ന വസ്തുക്കൾ ലേലം ചെയ്യാറുണ്ട്. പൂജകൾക്ക് ശേഷം, പ്രതിഷ്ഠാ മൂർത്തിയുടെ അലങ്കാരത്തിനായി ഉപയോഗിച്ച വെള്ളി മോതിരം, വെള്ളി നാണയം, നാരങ്ങ എന്നിവയാണ് ഇത്തവണ ലേലത്തില്‍ വെച്ചത്.
വിശ്വനാഥന്‍ എന്നയാളാണ് 16,000 രൂപക്ക് നാരങ്ങ ലേലത്തില്‍ സ്വന്തമാക്കിയത്. വെള്ളി നാണയം ലേലത്തില്‍ പോയത് 21,000രൂപക്കാണ്. ദുരൈസാമി എന്നയാളാണ് വെള്ളിനാണയം സ്വന്തമാക്കിയത്. വെള്ളിമോതിരമാണ് ഏറ്റവും ഉയര്‍ന്ന വിലക്ക് ലേലത്തില്‍ പോയത്. പരമശിവം എന്നയാള്‍ 52,500 രൂപക്കാണ് വെള്ളി മോതിരം വാങ്ങിയത്. നിരവധി പേരാണ് ലേലത്തില്‍ പങ്കെടുത്തത്. ലേലം ചെയ്ത വസ്തുക്കൾ വീട്ടിൽ സൂക്ഷിക്കുന്നതും പൂജ നടത്തുന്നതും അവരുടെ കുടുംബങ്ങൾക്ക് ഐശ്വര്യം നൽകുമെന്ന് ഭക്തർ വിശ്വസിക്കുന്നു.
ലേലത്തിൽ നിന്നുള്ള വരുമാനം ക്ഷേത്രത്തിന്റെ വികസനത്തിനും പ്രത്യേക പൂജകൾ നടത്തുന്നതിനും ഉപയോഗിക്കുമെന്ന് ക്ഷേത്ര ഭാരവാഹികള്‍ പറയുന്നു. വര്‍ഷാവര്‍ഷം നടത്തുന്ന ലേലത്തില്‍ ഭക്തരുടെ സജീവ പങ്കാളിത്തം ഉണ്ടാകാറുണ്ടെന്നും ഭാരവാഹികള്‍ പറഞ്ഞു.
Adjust Story Font
16
