യുപിയിൽ വിവാഹ ചടങ്ങിനിടെ നാടകീയ രംഗങ്ങൾ; ഫ്യൂസ് ഊരി ലൈൻമാൻ, ഇരുട്ടിലായി കല്യാണവീട്
ഉത്തർപ്രദേശിലെ ബിജ്‌നോറിൽ വിവാഹ ചടങ്ങിനുള്ള ഒരുക്കങ്ങൾ നടക്കുന്നതിനിടെ വൈദ്യുതി വിച്ഛേദിച്ച് ഉദ്യോഗസ്ഥർ

ലക്നൗ: ഉത്തർപ്രദേശിലെ ബിജ്‌നോറിൽ വിവാഹ ചടങ്ങിനുള്ള ഒരുക്കങ്ങൾ നടക്കുന്നതിനിടെ വൈദ്യുതി വിച്ഛേദിച്ച് ഉദ്യോഗസ്ഥർ. വരൻ ശുഭം ചൗഹാൻ വീട്ടിൽ നിന്ന് ചടങ്ങിനായി ഇറങ്ങാനിരിക്കെയുള്ള ഉദ്യോഗസ്ഥരുടെ നടപടി കല്യാണവീട് ഇരുട്ടിലാക്കി. വിവാഹഘോഷയാത്രക്ക് പോകാൻ തുടങ്ങുന്നതിനിടെ വൈദ്യുതി വകുപ്പിലെ ഉദ്യോഗസ്ഥർ യാതൊരു മുന്നറിയിപ്പും കൂടാതെ കണക്ഷൻ വിച്ഛേദിച്ചുവെന്ന് ശുഭം ആരോപിച്ചു.
ഡയമണ്ട് സിറ്റി കോളനിയിൽ വ്യാഴാഴ്ചയാണ് സംഭവം നടക്കുന്നത്. വിവാഹഘോഷയാത്രയുമായി പോകാൻ തയ്യാറെടുക്കുന്നതിനിടെ രണ്ടോ മൂന്നോ പേർ വന്ന് തന്റെ വീട്ടിലെ വൈദ്യുതി കണക്ഷൻ വിച്ഛേദിക്കുമെന്ന് പറഞ്ഞ് ഒരു കത്ത് നൽകിയതായും വിഷയം ചർച്ച ചെയ്യാൻ വേണ്ടി ഒന്നോ രണ്ടോ ദിവസം വൈകിപ്പിക്കണമെന്ന് അപേക്ഷിച്ചിട്ടും ഉദ്യോഗസ്ഥർ ഫ്യുസ് ഊരി പോയെന്നും ശുഭം പറഞ്ഞു. കണക്ഷൻ ലഭിച്ചതുമുതൽ എല്ലാ ബില്ലുകളും പതിവായി അടച്ചുവരുന്നുണ്ടെന്നും കുടിശ്ശികകളൊന്നും ബാക്കിയില്ലെന്നും യുവാവ് കൂട്ടിച്ചേർത്തു.
ഇലക്ട്രിസിറ്റി ഉദ്യോഗസ്ഥരുടെ ഈ പ്രവർത്തി വിവാഹത്തിന്റെ മുഴുവൻ അന്തരീക്ഷത്തെയും തടസപ്പെടുത്തി. വൈദ്യുതി വകുപ്പിന്റെ ഉത്തരവാദിത്തമില്ലായ്മയാണ് ഇത് ചൂണ്ടികാണിക്കുന്നത് യുവാവ് പറഞ്ഞു. എന്തെങ്കിലും പ്രശ്‌നങ്ങൾ ഉണ്ടായാൽ ആദ്യം നോട്ടീസ് അയയ്ക്കുകയും പിന്നീട് അത് പരിഹരിക്കാൻ കുടുംബത്തിന് കുറച്ച് സമയം നൽകുകയും ചെയ്യണമായിരുന്നുവെന്നും അദേഹം കൂട്ടിച്ചേർത്തു.
Adjust Story Font
16

