Quantcast

മുരുഗേഷ് നിറാനിയോ പ്രല്‍ഹാദ് ജോഷിയോ? ആരാകും യെദ്യൂരപ്പയുടെ പിൻഗാമി?

ജാതിസമവാക്യങ്ങൾ തന്നെയാകും ബിജെപിക്കു മുന്നിലുള്ള പ്രധാന വെല്ലുവിളി. കർണാടകയിൽ തങ്ങളുടെ ഏറ്റവും വലിയ വോട്ട്ബാങ്കായ ലിംഗായത്ത് സമുദായത്തെ പിണക്കാൻ ഒരിക്കലും ബിജെപി ശ്രമിക്കില്ല. എന്നാല്‍ മറ്റ് സവർണ ജാതികളെയും അങ്ങനെ അവഗണിക്കാനാകില്ല

MediaOne Logo

Shaheer

  • Updated:

    2021-07-26 19:49:05.0

Published:

26 July 2021 3:09 PM GMT

മുരുഗേഷ് നിറാനിയോ പ്രല്‍ഹാദ് ജോഷിയോ? ആരാകും യെദ്യൂരപ്പയുടെ പിൻഗാമി?
X

സ്വന്തം സര്‍ക്കാരിന്‍റെ രണ്ടാം വാര്‍ഷികം സന്തോഷത്തോടെ ആഘോഷിക്കാനുള്ള ഭാഗ്യമുണ്ടായില്ല ദക്ഷിണേന്ത്യയിലെ തന്നെ തലമുതിര്‍ന്ന ബിജെപി നേതാവായ ബിഎസ് യെദ്യൂരപ്പയ്ക്ക്. കര്‍ണാടക ബിജെപിയില്‍ ദിവസങ്ങളായി പുകഞ്ഞുകൊണ്ടിരുന്ന ആഭ്യന്തര തർക്കങ്ങൾക്കൊടുവിൽ ഇന്നു നടന്ന സർക്കാർ വാർഷികാഘോഷ ചടങ്ങിൽ 78കാരനായ യെദ്യൂരപ്പ വികാരഭരിതനായാണ് മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രാജി പ്രഖ്യാപിച്ചത്. നാലു തവണ കർണാടക മുഖ്യമന്ത്രിയായിട്ടും ഒരു തവണ പോലും ഭരണം പൂർത്തിയാക്കാനാകാതെയാണ് യെദ്യൂരപ്പ അധികാര രാഷ്ട്രീയരംഗത്തുനിന്നു പതുക്കെ പിന്‍വാങ്ങുന്നത്.

അതേസമയം, ആരാകും യെദ്യൂരപ്പയുടെ പിൻഗാമിയെന്ന കാര്യത്തിൽ ഇനിയും അന്തിമ തീരുമാനമായിട്ടില്ല. സംസ്ഥാനത്തെ ജാതിസമവാക്യങ്ങൾ തന്നെയാകും ബിജെപിക്കു മുന്നിലുള്ള പ്രധാന വെല്ലുവിളി. കർണാടകയിൽ തങ്ങളുടെ ഏറ്റവും വലിയ വോട്ട്ബാങ്കായ ലിംഗായത്ത് സമുദായത്തെ പിണക്കാൻ ഒരിക്കലും ബിജെപി ശ്രമിക്കില്ല. എന്നാല്‍ മറ്റ് സവർണ ജാതികളെയും പാർട്ടിക്ക് അങ്ങനെ അവഗണിക്കാനാകില്ല. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർന്നുകേൾക്കുന്ന പ്രധാന പേരുകൾ പരിശോധിക്കാം.


മുരുഗേഷ് നിറാനി, 56

മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർന്നുകേൾക്കുന്ന പേരുകളിൽ ഏറ്റവും മുന്നിലുള്ളത് മുരുഗേഷ് നിറാനിയുടേതാണ്. ലിംഗായത്ത് സമുദായത്തിലെ ഏറ്റവും വലിയ വിഭാഗമായ പഞ്ചംശാലി വിഭാഗത്തിൽനിന്നുള്ളയാളാണെന്നതു തന്നെയാണ് പ്രധാന യോഗ്യത. മറ്റൊരു ഘടകം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വിശ്വസ്തനാണെന്നതും.

നിലവില്‍ കര്‍ണാടക ഖനി മന്ത്രിയാണ് മുരുഗേഷ്. ബിൽജി മണ്ഡലത്തിൽനിന്ന് ഇതു മൂന്നാം തവണയാണ് അദ്ദേഹം ഇത്തവണ നിയമസഭയിലെത്തിയത്. പ്രമുഖ പഞ്ചസാര നിർമാതാക്കളായ നിറാനി ഗ്രൂപ്പ് ഓഫ് ഇൻഡസ്ട്രീസിന്റെ ചെയർമാനാണ്. ഇതോടൊപ്പം ഉത്തര കർണാടകയിൽ എഥനോൾ ഫാക്ടറിയും സ്വന്തമായുണ്ട്.

യെദ്യൂരപ്പയുടെ രാജി ഏറെക്കുറെ ഉറപ്പായതിനു പിറകെ മുരുഗേഷ് ദേശീയ നേതാക്കളെ കാണാൻ ഡൽഹിയിലെത്തിയിരുന്നു. ഒരു പദവിക്കു വേണ്ടിയും താൻ നേതാക്കള്‍ക്കു പിന്നാലെ പോയിട്ടില്ലെന്നാണ് കഴിഞ്ഞ ദിവസം അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞത്. എല്ലാ ഘടകങ്ങളും പരിഗണിച്ചാകും പുതിയ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുകയെന്നും പാർട്ടി എന്തു സ്ഥാനം ഏൽപിച്ചാലും ഏറ്റെടുക്കുമെന്നും മുരുഗേഷ് വ്യക്തമാക്കിയിട്ടുണ്ട്.


പ്രല്‍ഹാദ് ജോഷി, 58

കേന്ദ്ര കൽക്കരി, ഖനി, പാർലമെന്ററികാര്യ മന്ത്രി പ്രല്‍ഹാദ് ജോഷിയാണ് പരിഗണിക്കപ്പെടുന്ന മറ്റൊരു പ്രമുഖൻ. കർണാടകയിൽനിന്നുള്ള മുതിർന്ന ബിജെപി നേതാവായ ജോഷിക്ക് ബ്രാഹ്‌മണ സമുദായാംഗമാണെന്ന അനുകൂല ഘടകമുണ്ട്. 1988ൽ രാമകൃഷ്ണ ഹെഗ്‌ഡെയ്ക്കു ശേഷം കർണാടകയിൽ ഒരു ബ്രാഹ്‌മണ മുഖ്യമന്ത്രിയുണ്ടായിട്ടില്ല. അത് ഒരുപക്ഷെ അനുകൂലമായേക്കാം. എല്ലാത്തിനുമപ്പുറം പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ള മുതിർന്ന ബിജെപി, ആർഎസ്എസ് നേതാക്കളുമായെല്ലാം അടുത്ത ബന്ധമാണ് ജോഷിക്കുള്ളത്.

കർണാടകയിലെ വടക്കുപടിഞ്ഞാറൻ മണ്ഡലമായ ധർവാഡിൽനിന്ന് തുടർച്ചയായി നാലാം തവണയാണ് ജോഷി പാർലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. 2013ൽ ബിജെപി വിട്ട് ബിഎസ് യെദ്യൂരപ്പ കർണാടക ജനതാ പാർട്ടി(കെജെപി) രൂപീകരിച്ചപ്പോഴും പാർട്ടിക്കു സംരക്ഷണവുമായി നിലയുറപ്പിച്ച നേതാവാണ്. അതുകൊണ്ടുകൂടിയാണ് ഇത്തവണ കേന്ദ്ര മന്ത്രിസഭ പുനസംഘടിപ്പിച്ചപ്പോഴും ജോഷിയെ ദേശീയ നേതൃത്വം കൈവിടാതിരുന്നത്.


സിടി രവി, 54

ബിജെപി ദേശീയ ജനറൽ സെക്രട്ടറിയാണ് സിടി രവി. സംസ്ഥാന നേതൃത്വത്തിൽ തന്നെ തീവ്ര ഹിന്ദുത്വ നിലപാടുകൾക്ക് പേരുകേട്ടയാൾ. ഇതു നാലാം തവണയാണ് ചിക്മഗളൂരുവിൽനിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്.

യെദ്യൂരപ്പ മന്ത്രിസഭയിൽ അംഗമായിരുന്ന രവിക്ക് പിന്നീട് ദേശീയ നേതൃത്വത്തിലേക്ക് കയറ്റം ലഭിക്കുകയായിരുന്നു. മുന്നാക്ക ജാതികളിൽപെട്ട വൊക്കലിഗ വിഭാഗക്കാരനുമാണ്.


ബസവരാജ് എസ് ബൊമ്മയ്, 61

യെദ്യൂരപ്പ മന്ത്രിസഭയിൽ ആഭ്യന്തര മന്ത്രിയായിരുന്നു ബസവരാജ്. കർണാടക മുൻ മുഖ്യമന്ത്രി എസ്ആർ ബൊമ്മയ്‌യുടെ മകൻ. 2008ൽ ജനതാദൾ വിട്ടാണ് ബിജെപിയിലെത്തുന്നത്. എച്ച്ഡി ദേവഗൗഡ, രാമകൃഷ്ണ ഹെഗ്‌ഡെ എന്നിവർക്കൊപ്പം പ്രവർത്തിച്ചു പരിചയം.

ലിംഗായത്ത് സമുദായാംഗമാണ് ബസവരാജ്. യെദ്യൂരപ്പയ്ക്കു പകരം മുഖ്യമന്ത്രി സ്ഥാനത്തേക്കു മുൻപും പറഞ്ഞുകേട്ട പേരുകളിലൊന്ന്.


അരവിന്ദ് ബെല്ലാഡ്, 51

മുതിർന്ന ആർഎസ്എസ്, ബിജെപി നേതാവ് ചന്ദ്രകാന്ത് ബെല്ലാഡിന്റെ പുത്രനാണ് അരവിന്ദ്. മറ്റൊരു ലിംഗായത്ത് നേതാവ്. ഹൂബ്ലി-ധർവാഡ് വെസ്റ്റ് മണ്ഡലത്തിൽനിന്ന് രണ്ടും പ്രാവശ്യം നിയമസഭയിലെത്തി.

രാഷ്ട്രീയത്തിനു പുറമെ അക്കാദമിക രംഗത്തും മികവ് തെളിയിച്ചയാളാണ്. ധർവാഡിലെ എസ്ഡിഎം എൻജിനീയറിങ് കോളേജിൽനിന്ന് എൻജിനീയറിങ് ബിരുദം നേടിയ ശേഷം ലോകത്തെ പ്രമുഖ ബിസിനസ് കോളേജുകളിലൊന്നായ ഫ്രാൻസിലെ ഇൻസീഡിൽ പോയി പിജിഡിഎം കോഴ്‌സ് ചെയ്തു. മുരുഗേഷിനെപ്പോലെത്തന്നെ ലിംഗായത്തിലെ പഞ്ചമശാലി വിഭാഗക്കാരനാണ്.


ജഗദീഷ് ഷെട്ടർ, 65

കർണാടക മുൻ മുഖ്യമന്ത്രിയാണ് ജഗദീഷ് ഷെട്ടർ. യെദ്യൂരപ്പ മന്ത്രിസഭയിൽ വ്യവസായ മന്ത്രി. ലിംഗായത്ത് സമുദായാംഗമാണ്. 2012-2013 കാലയളവിലാണ് കർണാടക മുഖ്യമന്ത്രിയായത്.

മറ്റുപേരുകൾ

മുകളിൽ പറയപ്പെട്ടവർക്കു പുറമെ വേറെയും പേരുകൾ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർന്നുകേൾക്കുന്നുണ്ട്. നിലവിലെ നിയമസഭാ സ്പീക്കർ വിശ്വേശ്വർ ഹെഗ്‌ഡെ കഗേരി, ഉപമുഖ്യമന്ത്രി സിഎൻ അശ്വന്ത് നാരായൻ എന്നിവരാണ് അതിൽ പ്രമുഖർ.

TAGS :

Next Story