Quantcast

ലോക്‌സഭാ തെരഞ്ഞെടുപ്പ്: ഡിഎംകെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

എസ്.ഡി.പി.ഐ, പുതിയ തമിഴകം എന്നിവർക്ക് ഓരോ സീറ്റു നൽകി എ.ഐ.എ.ഡി.എം.കെ

MediaOne Logo

Web Desk

  • Published:

    20 March 2024 10:06 AM GMT

Lok Sabha Elections: DMK, AIADMK Announces Candidates
X

ചെന്നൈ: തമിഴ്നാട്ടിൽ ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള ഡിഎംകെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. പത്ത് സിറ്റിങ് എംപിമാരും പതിനൊന്ന് പുതുമുഖങ്ങളും അടങ്ങുന്നതാണ് സ്ഥാനാർഥി പട്ടിക. പ്രകടന പത്രികയും പാർട്ടി പുറത്തിറക്കി. ശ്രീപെരുമ്പത്തൂരിൽ നിന്ന് ടിആർ ബാലു, തിരുവണ്ണാമലൈയിൽ അണ്ണാദുരൈ, നീലഗിരിയിൽ എ രാജ, തൂത്തുക്കുടിയിൽ നിന്ന് കനിമൊഴി എന്നിവർ ഇത്തവണയും ജനവിധി തേടും. ചെന്നൈ നോർത്തിലെ കലാനിധി വീരസ്വാമി, ചെന്നൈ സൗത്തിൽ മത്സരിക്കുന്ന തമിഴച്ചി തങ്കപാണ്ടിയൻ, ചെന്നൈ സെൻട്രലിൽ ദയാനിധി മാരൻ എന്നിവരും സ്ഥാനാർഥി പട്ടികയിലെ പ്രമുഖരാണ്. സിപിഎമ്മുമായി മണ്ഡലം വെച്ച് മാറിയ കോയമ്പത്തൂരിൽ മുൻ മേയർ ഗണപതി പി. രാജ്കുമാറിനെയാണ് ഡിഎംകെ രംഗത്തിറക്കിയിരിക്കുന്നത്.

കനിമൊഴിയുടെ നേതൃത്വത്തിൽ തയ്യാറാക്കിയ പാർട്ടിയുടെ പ്രകടന പത്രികയും ചെന്നൈയിൽ പുറത്തിറക്കി. പുതുച്ചേരിക്ക് സംസ്ഥാന പദവി നൽകും, നീറ്റ് പരീക്ഷയിൽ നിന്ന് തമിഴ്‌നാടിനെ ഒഴിവാക്കും, സിഎഎ, യുസിസി എന്നിവ റദ്ദാക്കും തുടങ്ങിയവയാണ് പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനങ്ങൾ. ഇതിനൊപ്പം ഗവർണറെ നിയമിക്കുന്നതിൽ സംസ്ഥാന സർക്കാരിന്റെ താത്പര്യം കൂടി പരിഗണിക്കുമെന്ന ഉറപ്പും ഡിഎംകെ വോട്ടർമാർക്ക് നൽകുന്നുണ്ട്.

അതേസമയം, എൻ.ഡി.എ വിട്ട അണ്ണാ ഡിഎംകെയും ആദ്യ ഘട്ട സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. 16 സീറ്റുകളിലേക്കാണ് എഐഎഡിഎംകെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. ഡിഎംഡികെയ്ക്ക് അഞ്ചും എസ്ഡിപിഐ, പുതിയ തമിഴകം എന്നിവർക്ക് ഓരോ സീറ്റും എഐഎഡിഎംകെ നൽകിയിട്ടുണ്ട്.

TAGS :

Next Story