Quantcast

ആണവ മേഖലയിലും ഇനി സ്വകാര്യ പങ്കാളിത്തം; 'ശാന്തി' ബിൽ ലോക്‌സഭ പാസാക്കി

നവംബർ അവസാനത്തിൽ അദാനി ഗ്രൂപ്പ് ആണവോർജ മേഖലയിൽ പ്രവേശിക്കാനുള്ള ഉദ്ദേശ്യം പ്രഖ്യാപിച്ചതും ഡിസംബറിൽ സർക്കാർ ബിൽ കൊണ്ടുവന്നതും യാദൃച്ഛികമാണോയെന്ന് കോൺ​ഗ്രസ് നേതാവ് മനീഷ് തിവാരി ചോദിച്ചു

MediaOne Logo

Web Desk

  • Published:

    17 Dec 2025 9:09 PM IST

ആണവ മേഖലയിലും ഇനി സ്വകാര്യ പങ്കാളിത്തം; ശാന്തി ബിൽ ലോക്‌സഭ പാസാക്കി
X

ന്യൂഡൽഹി: ആണവോർജ മേഖലയിൽ സ്വകാര്യ കമ്പനികൾക്ക് വഴിതുറന്നുകൊടുക്കാൻ ലക്ഷ്യമിട്ടുള്ള സസ്റ്റെയ്‌നബിൾ ഹാർനസിങ് ആൻഡ് അഡ്വാൻസ്‌മെന്റ് ഓഫ് ന്യൂക്ലിയർ എനർജി ഫോർ ട്രാൻസ്‌ഫോർമിങ് ഇന്ത്യ (SHANTI) ബിൽ ലോക്‌സഭ ശബ്ദവോട്ടോടെ പാസാക്കി. അറ്റോമിക് എനർജി ആക്ട് 1962, സിവിൽ ലയബിലിറ്റി ഫോർ ന്യൂക്ലിയർ ഡാമേജ് ആക്ട് 2010 ബില്ലുകൾക്ക് പകരമായാണ് പുതിയ ബിൽ.

ആണവ നിലയങ്ങളും റിയാക്ടറുകളും നിർമിക്കാൻ ഇന്ത്യൻ സ്വകാര്യ കമ്പനികൾക്ക് ലൈസൻസിന് അപേക്ഷിക്കാൻ അനുമതി നൽകുന്നു എന്നതാണ് ബില്ലിലെ പ്രധാന മാറ്റം. ഇതുവരെ ന്യൂക്ലിയർ പവർ കോർപറേഷൻ ഓഫ് ഇന്ത്യ പോലുള്ള സർക്കാർ സ്ഥാപനങ്ങൾക്ക് മാത്രമായിരുന്നു ഇതുവരെ അനുമതിയുണ്ടായിരുന്നത്. ആണവ നാശനഷ്ടങ്ങൾക്ക് പ്രായോഗികമായ ഒരു സിവിൽ ബാധ്യത സംവിധാനം ഉണ്ടാക്കുന്നതിനും ആണവോർജ് റെഗുലേറ്ററി ബോർഡിന് നിയമപരമായ പദവി നൽകാനും ബിൽ ലക്ഷ്യമിടുന്നതായി കേന്ദ്ര മന്ത്രി ജിതേന്ദ്ര സിങ് പറഞ്ഞു.

ആണവദുരന്തങ്ങൾ സംഭവിക്കുന്ന സാഹചര്യത്തിൽ ബാധ്യത, പ്ലാന്റ് ഓപ്പറേറ്റർമാരിൽ പരിമിതപ്പെടുത്തുകയും ഉപകരണ വിതരണക്കാരെ അതിൽ നിന്ന് ഒഴിവാക്കുകയും ചെയ്യുന്നതാണ് ബില്ലിലെ മറ്റൊരു സുപ്രധാന മാറ്റം. പരമാവധി ബാധ്യത അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കനുസരിച്ച് 300 ദശലക്ഷം സ്‌പെഷ്യൽ ഡ്രോയിങ് റൈറ്റ്‌സിന് തുല്യമായ രൂപയിലേക്ക് പരിമിതപ്പെടുത്തുന്നു. റിയാക്ടറിന്റെ വലുപ്പമനുസരിച്ച് ഏകദേശം 11 ദശലക്ഷം മുതൽ 330 ദശലക്ഷം ഡോളർ വരെ ഇൻഷുറൻസോ ബാധ്യത ഫണ്ടുകളോ ഓപ്പറേറ്റർമാർ നിലനിർത്തേണ്ടി വരും. അധികമായുള്ള ക്ലെയിമുകൾക്കായി ഒരു പ്രത്യേക ആണവ ബാധ്യത ഫണ്ട് നിലവിലുണ്ടാകും. കൂടാതെ നാശനഷ്ടങ്ങൾ പരിധിവിട്ടാൽ സർക്കാർ ഇടപെടും.

നിർമാണത്തിലിരിക്കുന്ന ആണവ കേന്ദ്രത്തിനുണ്ടാവുന്ന കേടുപാടുകൾ, അതേ സ്ഥലത്തെ മറ്റ് കേന്ദ്രങ്ങൾക്കോ ബന്ധപ്പെട്ട വസ്തുവകകൾക്കോ ഉണ്ടാവുന്ന നാശനഷ്ടങ്ങൾ, സംഭവസമയത്ത് ആണവ വസ്തുക്കൾ വഹിച്ചുകൊണ്ടിരുന്ന ഗതാഗത മാർഗത്തിനുണ്ടാവുന്ന നാശനഷ്ടങ്ങൾ എന്നിവ്ക്ക് ഓപ്പറേറ്റർമാർ ബാധ്യസ്ഥരായിരിക്കില്ല.

ബില്ലിനെ എതിർത്ത് സംസാരിച്ച കോൺഗ്രസ് എംപി മനീഷ് തിവാരി ഉപകരണ വിതരണക്കാരെ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിവാക്കിയത് ചോദ്യം ചെയ്തു. നവംബർ അവസാനത്തിൽ അദാനി ഗ്രൂപ്പ് ആണവോർജ മേഖലയിൽ പ്രവേശിക്കാനുള്ള ഉദ്ദേശ്യം പ്രഖ്യാപിച്ചതും ഡിസംബറിൽ സർക്കാർ ബിൽ കൊണ്ടുവന്നതും യാദൃച്ഛികമാണോയെന്ന് മനീഷ് തിവാരി ചോദിച്ചു.

TAGS :

Next Story