Quantcast

ബംഗാള്‍ തെരഞ്ഞെടുപ്പ്: ലുങ്കിക്ക് വിലക്ക്; വോട്ട് ചെയ്യാൻ കൊച്ചുമകന്റെ പാന്റ് കടമെടുത്ത് വയോധികൻ!

സൗത്ത് 24 പർഗാനാസ് ജില്ലയിലെ ഗോബർദംഗ മണ്ഡലത്തിലെ കുചില പ്രൈമറി സ്കൂളിലെ 189-ാം നമ്പർ ബൂത്തിലാണ് വിചിത്രമായ സംഭവം

MediaOne Logo
ബംഗാള്‍ തെരഞ്ഞെടുപ്പ്: ലുങ്കിക്ക് വിലക്ക്; വോട്ട് ചെയ്യാൻ കൊച്ചുമകന്റെ പാന്റ് കടമെടുത്ത് വയോധികൻ!
X

Representative Image

കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പിനിടെ ലുങ്കിയുടുത്ത് വോട്ട് ചെയ്യാനെത്തിയ രണ്ട് വയോധികരെ തടഞ്ഞ് കേന്ദ്രസേന. സൗത്ത് 24 പർഗാനാസ് ജില്ലയിലെ ഗോബർദംഗ മണ്ഡലത്തിലെ കുചില പ്രൈമറി സ്കൂളിലെ 189-ാം നമ്പർ ബൂത്തിലാണ് വിചിത്രമായ സംഭവം.

ദേശർ അലി മണ്ഡൽ, ഗണേഷ് മജുംദാർ എന്നീ വയോധികർക്കാണ് ഈ ദുരനുഭവം ഉണ്ടായത്. ലുങ്കി ധരിച്ച് ബൂത്തിനുള്ളിൽ പ്രവേശിക്കാൻ അനുവദിക്കില്ലെന്നും, വീട്ടിൽ പോയി വസ്ത്രം മാറി വരണമെന്നും സുരക്ഷാ ഉദ്യോഗസ്ഥർ ഇവരോട് ആവശ്യപ്പെടുകയായിരുന്നു.

"ബൂത്തിന് മുന്നിലുണ്ടായിരുന്ന കേന്ദ്രസേന ഉദ്യോഗസ്ഥർ എന്നെ തടഞ്ഞു. ലുങ്കി ധരിച്ച് വോട്ട് ചെയ്യാൻ അനുവദിക്കില്ലെന്നാണ് പറഞ്ഞത്''- ദേശർ അലി മണ്ഡൽ വ്യക്തമാക്കി. ഏകദേശം 800 മീറ്റർ അകലെയുള്ള തന്റെ വീട്ടിലേക്ക് തിരികെ നടന്ന മണ്ഡൽ, ഒടുവിൽ തന്റെ കൊച്ചുമകന്റെ പാന്റ് ധരിച്ചാണ് വീണ്ടും ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തിയത്. ഗണേഷ് മജുംദാറും വസ്ത്രം മാറിയാണ് പിന്നീട് വോട്ട് ചെയ്തത്. തങ്ങളെ എന്തിനാണ് തടഞ്ഞതെന്ന് മനസ്സിലാകുന്നില്ലെന്നും, വസ്ത്രധാരണത്തിന്റെ പേരിൽ വോട്ടവകാശം നിഷേധിക്കാൻ ശ്രമിച്ചത് പ്രതിഷേധാർഹമാണെന്നും ഇരുവരും വ്യക്തമാക്കി.

ബംഗാളിലെ 142 മണ്ഡലങ്ങളിലായി നടന്ന രണ്ടാം ഘട്ട വോട്ടെടുപ്പ് പൊതുവെ സമാധാനപരമായിരുന്നുവെങ്കിലും, ഇത്തരം ചില ഒറ്റപ്പെട്ട സംഭവങ്ങൾ വോട്ടർമാർക്കിടയിൽ അതൃപ്തി ഉണ്ടാക്കിയിട്ടുണ്ട്. കൊൽക്കത്ത, ഹൗറ, ഹൂഗ്ലി, നോർത്ത്-സൗത്ത് 24 പർഗാനാസ് തുടങ്ങിയ പ്രധാന ജില്ലകളിലെ മണ്ഡലങ്ങൾ രണ്ടാം ഘട്ടത്തിലാണ് വിധിയെഴുതിയത്. ഏപ്രിൽ 23നായിരുന്നു ആദ്യഘട്ട വോട്ടെടുപ്പ് നടന്നത്. മെയ് നാലിനാണ് ഫലപ്രഖ്യാപനം. ഇതിനിടെ ബംഗാളിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ആരോപണവുമായി മുഖ്യമന്ത്രി മമതാ ബാനർജി രംഗത്ത് എത്തി. വോട്ടിങ് യന്ത്രങ്ങളിൽ തട്ടിപ്പ് നടത്താൻ ശ്രമിച്ചെന്നാണ് ആരോപണം.

TAGS :

Next Story