വർഗീയ പ്രചാരണങ്ങള്‍ക്ക് തിരിച്ചടി; മധുര സെൻട്രലിൽ അട്ടിമറി വിജയവുമായി ടിവികെയുടെ ഇറച്ചിക്കച്ചവടക്കാരന്‍ ബദറുദ്ദീന്‍
തിരുപ്രംകുണ്ഡ്രം സുബ്രഹ്മണ്യസ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട് ബിജെപിയുടെ വർഗീയ പ്രചാരണങ്ങളെക്കൂടി തള്ളിയാണ് മധുരൈ ജനത അദ്ദേഹത്തെ നിയമസഭയിലേക്ക് പറഞ്ഞയക്കുന്നത്.

- Published:
5 May 2026 1:10 PM IST

മധുര: തമിഴ്‌നാട് രാഷ്ട്രീയത്തെ ഞെട്ടിച്ചുകൊണ്ട് മധുര സെൻട്രൽ മണ്ഡലത്തിൽ വിജയ് നയിക്കുന്ന തമിഴക വെട്രി കഴകത്തിന് (ടിവികെ) തകർപ്പൻ വിജയം. ഡിഎംകെയുടെ കരുത്തനായ നേതാവും മുൻ ധനമന്ത്രിയുമായ പളനിവേൽ ത്യാഗരാജനെ (പിടിആര്‍) പരാജയപ്പെടുത്തിയാണ് ടിവികെ സ്ഥാനാർത്ഥി മാധർ ബദറുദ്ദീൻ മണ്ഡലം പിടിച്ചെടുക്കുന്നത്. ബിജെപിയുടെ വര്‍ഗീയ പ്രചാരണങ്ങളെക്കൂടി തള്ളിയാണ് മധുരൈ ജനത അദ്ദേഹത്തെ നിയമസഭയിലേക്ക് പറഞ്ഞയക്കുന്നത്.
വോട്ടെണ്ണലിൽ തുടക്കം മുതൽ മാധർ ബദറുദ്ദീൻ വ്യക്തമായ ലീഡ് നിലനിർത്തിയിരുന്നു. മണ്ഡലത്തിലെ പോൾ ചെയ്ത വോട്ടുകളിൽ 43 ശതമാനം വോട്ട് വിഹിതം (63,414 വോട്ടുകൾ) നേടിയാണ് ബദറുദ്ദീൻ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. 19,128 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ബദ്‌റുദ്ദീൻ പിടിആറിനെ തറപറ്റിച്ചത്. മധുരയുടെ ഹൃദയഭാഗമായ ഈ മണ്ഡലത്തിൽ പിടിആറിനെപ്പോലൊരു അതികായൻ പരാജയപ്പെട്ടത് ഡിഎംകെയ്ക്ക് വലിയ ആഘാതമായി.
തിരുപ്രംകുണ്ഡ്രം സുബ്രഹ്മണ്യസ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ടാണ് തീവ്രമായ വർഗീയ ധ്രുവീകരണത്തിന് മധുരൈ ജില്ലയില്‍ ബിജെപി ശ്രമിച്ചിരുന്നു. തിരുപ്രംകുണ്ഡ്രത്തിന്റെ തൊട്ടടുത്ത മണ്ഡലമായിരുന്നു മധുര സെൻട്രല്‍. ഇവിടെ നിന്നാണ് മധർ ബദ്‌റുദ്ദീനെ മധുരയിലെ ജനത നെഞ്ചിലേറ്റിയത്. ജാതി-മത രാഷ്ട്രീയത്തിനപ്പുറം തമിഴ് ജനത മാറ്റത്തിനായി ആഗ്രഹിക്കുന്നുവെന്നതിന്റെ തെളിവാണ് മധുര സെൻട്രലിലെ ഈ ഫലമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. അദ്ദേഹത്തിന്റെ വിദ്യാഭ്യാസ യോഗ്യത പത്താം ക്ലാസാണ്. ഇറച്ചി വില്പനയാണ് തൊഴില്‍.
തമിഴ്നാട്ടിലുടനീളം വീശിയടിച്ച വിജയ് തരംഗത്തിന്റെ പ്രതിഫലനം മധുരയിലും പ്രകടമായി. ഡിഎംകെ, എഐഎഡിഎംകെ മുന്നണികളെ പിന്തള്ളി മധുര ജില്ലയിലെ 10 സീറ്റുകളിൽ 8 എണ്ണത്തിലും ടിവികെ വിജയിച്ചു. അതേസമയം തമിഴ്‌നാട്ടിൽ ചെറുകക്ഷികളെ കൂട്ടുപിടിച്ച് സർക്കാർ രൂപീകരിക്കാനാണ് നടനും തമിഴക വെട്രി കഴകം നേതാവുമായ വിജയ് ശ്രമിക്കുന്നത്. കോൺഗ്രസുൾപ്പെടെയുള്ള പാർട്ടികളെ ഒപ്പംകൂട്ടാനാണ് വിജയ്‍യുടെ നീക്കം. 234 അംഗ നിയമസഭയിൽ കേവല ഭൂരിപക്ഷത്തിന്11 സീറ്റ് അകലമുള്ള സാഹചര്യത്തിൽ സർക്കാരുണ്ടാക്കാൻ വിജയ് ചടുല നീക്കത്തിലാണ്.
Adjust Story Font
16
