Quantcast

'കർണാടകയിൽ നിരോധിക്കുമെന്ന് പ്രഖ്യാപനം'; മധ്യപ്രദേശിൽ ബജ്റംഗദൾ പ്രവർത്തകർ കോൺഗ്രസ് ഓഫീസ് തകർത്തു

പൊതുജനക്ഷേമത്തിന് വേണ്ടി പ്രവർത്തിക്കുന്ന ഹിന്ദു സംഘടനയെ പി.എഫ്.ഐയുമായി തുലനം ചെയ്തതിനെ തുടർന്നാണ് തങ്ങൾ കോൺഗ്രസ് ഓഫീസിന് മുന്നിൽ പ്രതിഷേധിച്ചതെന്ന് ബജ്റംഗ്ദൾ നേതാവ്

MediaOne Logo

Web Desk

  • Updated:

    2023-05-04 16:05:01.0

Published:

4 May 2023 3:47 PM GMT

Madhya Pradesh: Alleged Bajrang Dal activists attack Congress office in Jabalpur
X

ജബൽപൂർ: കർണാടകയിൽ കോൺഗ്രസ് അധികാരത്തിലെത്തിയാൽ ബജ്‌റംഗദൾ നിരോധിക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ ജബൽപൂരിൽ കോൺഗ്രസ് ഓഫീസ് തകർക്കപ്പെട്ടു. കാവി തൊപ്പിയും ഷാളും അണിഞ്ഞ പ്രവർത്തകർ കോൺഗ്രസ് ഓഫീസിലേക്ക് അതിക്രമിച്ചു കടക്കുന്നതിന്റെയും ബജ്‌റംഗദൾ പതാക വീശുന്നതിന്റെയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. എന്നാൽ മുഖം മറച്ച കോൺഗ്രസിന്റെ സ്വന്തം ആളുകളാണ് ഓഫീസ് അടിച്ചുതകർത്തതെന്നും സമാധാനപരമായ പ്രതിഷേധമാണ് തങ്ങൾ നടത്തിയതെന്നും ബജ്‌റംഗദൾ നേതാവ് അവകാശപ്പെട്ടു.

വിദ്വേഷ പ്രചാരണം നടത്തുന്ന ബജ്‌റംഗദൾ, പി.എഫ്.ഐ തുടങ്ങിയ സംഘടനകൾക്കെതിരെ നിരോധനം ഏർപ്പെടുത്തുന്നതുൾപ്പെടെ നിയമാനുസൃതമായ നടപടി സ്വീകരിക്കുമെന്ന് ചൊവ്വാഴ്ച പുറത്തിറക്കിയ കർണാടക കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ പരാമർശിച്ചിരുന്നു. കോൺഗ്രസ് ഓഫീസിൽ പ്രതിഷേധ പ്രകടനം നടത്തുമെന്ന് ബജ്‌റംഗദൾ സിറ്റി ഘടകം നേരത്തെ അറിയിച്ചിരുന്നതാണ്. 30 മിനിറ്റോളമാണ് കോൺഗ്രസ് ഓഫീസിന് മുന്നിൽ ബജ്‌റംഗദൾ പ്രവർത്തകർ പ്രതിഷേധിച്ചത്. സംഭവസ്ഥലത്ത് അന്നേരം പൊലീസ് സുരക്ഷയൊരുക്കിയിരുന്നില്ല.

''ഒരു കൂട്ടം ചെന്നായ്ക്കൾ ചിലപ്പോൾ കടുവയെ ആക്രമിക്കാറുണ്ടെങ്കിലും അത് കടുവയുടെ പ്രാധാന്യത്തെ ഇല്ലാതാക്കുന്നില്ല''- മധ്യപ്രദേശ് കോൺഗ്രസ് പ്രവർത്തക സമിതി അംഗം ദിനേഷ് യാദവ് പറഞ്ഞു. അവർ നമ്മുടെ സനാതന ധർമ്മത്തെ അപകീർത്തിപ്പെടുത്തുകയാണെന്നും ദിനേഷ് യാദവ് കൂട്ടിച്ചേർത്തു. പൊതുജനക്ഷേമത്തിനും സുരക്ഷയ്ക്കും സംസ്‌കാരത്തിനും വേണ്ടി പ്രവർത്തിക്കുന്ന ഹിന്ദു സംഘടനയെ പി.എഫ്.ഐയുമായി തുലനം ചെയ്തതിനെ തുടർന്നാണ് തങ്ങൾ കോൺഗ്രസ് ഓഫീസിന് മുന്നിൽ പ്രതിഷേധിച്ചതെന്ന് ബജ്റംഗ്ദൾ നേതാവ് സുമിത് സിംഗ് താക്കൂർ പറഞ്ഞു. രാഷ്ട്രീയത്തിലേക്ക് വലിച്ചിഴയ്ക്കാൻ കോൺഗ്രസ് ആഗ്രഹിക്കുന്നുവെങ്കിൽ, അതിന് അതിന്റേതായ രീതിയിൽ തങ്ങൾ മറുപടി നൽകുമെന്നും അദ്ദേഹം പറഞ്ഞു. ബജ്‌റംഗദൾ പ്രവർത്തകർ കോൺഗ്രസ് ഓഫീസ് അടിച്ചുതകർത്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 'അവർ കോൺഗ്രസ് പ്രവർത്തകരായിരുന്നു, അവർ ഞങ്ങളുടെ ഗ്രൂപ്പിൽ കയറി മുഖം മറച്ച ശേഷം അക്രമ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു,' സുമിത് സിംഗ് താക്കൂർ അവകാശപ്പെട്ടു.

TAGS :

Next Story