Quantcast

മധ്യപ്രദേശിൽ മുതിർന്ന ബി.ജെ.പി നേതാവ് കോൺഗ്രസിൽ; ജ്യോതിരാധിത്യ സിന്ധ്യയെ പൂട്ടാൻ പുതിയ തന്ത്രം

ഈ വർഷം അവസാനം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ സിന്ധ്യ പക്ഷത്തെ കൂടുതൽ നേതാക്കളെ സ്വന്തം ക്യാമ്പിലെത്തിക്കാനുള്ള ഒരുക്കത്തിലാണ് കോൺഗ്രസ്‌

MediaOne Logo

Web Desk

  • Published:

    25 Aug 2023 1:56 PM GMT

Madhyapradesh bjp leader niraj sharma joined congress
X

ഭോപ്പാൽ: നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ മധ്യപ്രദേശിൽ കൂടുതൽ ബി.ജെ.പി നേതാക്കൾ പാർട്ടി വിടുന്നു. ബി.ജെ.പിയിലെ മുതിർന്ന നേതാവ് നീരജ് ശർമ പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്നു. ജ്യോതിരാധിത്യ സിന്ധ്യയുടെ അനുയായികളെ ഒതുക്കാനുള്ള തന്ത്രത്തിന്റെ ഭാഗമാണ് പുതിയ നീക്കം.

സിന്ധ്യക്കൊപ്പം ബി.ജെ.പിയിലെത്തിയ 22 എം.എൽ.എമാരിൽ ഒരാളും സിന്ധ്യയുടെ വിശ്വസ്തനുമായ ഗോവിന്ദ് സിങ് രജ്പുതിനെ ലക്ഷ്യമിട്ടാണ് കോൺഗ്രസ് നീക്കം. സാഗർ ജില്ലയിലെ സുർക്കി നിയമസഭാ മണ്ഡലത്തിൽനിന്നുള്ള എം.എൽ.എയാണ് രജ്പുത്. ഇവിടത്തെ ബി.ജെ.പിയുടെ ശക്തനായ പ്രാദേശിക നേതാവായിരുന്നു നീരജ് ശർമ. നീരജിനെ സ്വന്തം ക്യാമ്പിലെത്തിച്ച് രാജ്പുത്തിന് ശക്തനായ എതിരാളിയെ സൃഷ്ടിക്കുകയാണ് കോൺഗ്രസ് ലക്ഷ്യം.

2009 വരെ കോൺഗ്രസിലായിരുന്ന ശർമ പാർട്ടിയിൽ രാജ്പുത് സമുദായത്തിന് ആധിപത്യം വർധിക്കുന്നുവെന്ന് ആരോപിച്ചാണ് ബി.ജെ.പി ക്യാമ്പിലെത്തിയത്. 2010ൽ രഹത്ഗർ ജൻപദ് പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർഥിയായി വിജയിച്ചിരുന്നു. ഗോവിന്ദ് സിങ് രാജ്പുതിന്റെ മൂത്ത സഹോദരൻ ഗുലാബ് സിങ് രാജ്പുതിനെയാണ് അന്ന് പരാജയപ്പെടുത്തിയത്.

2003, 2008, 2018 തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് ടിക്കറ്റിൽ സുർക്കി മണ്ഡലത്തിൽനിന്ന് നിയമസഭയിലെത്തിയ ഗോവിന്ദ് സിങ് രാജ്പുത് 2020ൽ ബി.ജെ.പി പ്രതിനിധിയായും ഇവിടെനിന്ന് വിജയിച്ചു. സിന്ധ്യയുടെ വിശ്വസ്തരിൽ മധ്യപ്രദേശിലെ ഏക മന്ത്രിയാണ് രാജ്പുത്. നേരത്തെ കമൽനാഥ് സർക്കാരിൽ കൈകാര്യം ചെയ്തിരുന്ന റവന്യൂ, ഗതാഗത വകുപ്പുകൾ തന്നെയാണ് ഈ സർക്കാരിലും അദ്ദേഹം കൈകാര്യം ചെയ്യുന്നത്.

TAGS :

Next Story