Quantcast

മീനാക്ഷി നടരാജന്റെ പത്രിക തള്ളിയതിന് പിന്നാലെ നേതാക്കൾ തമ്മിൽ പരസ്യപ്പോര്; കോൺഗ്രസിന് നാണക്കേടായി തർക്കത്തിന്റെ ദൃശ്യങ്ങൾ പുറത്ത്

മുൻ മുഖ്യമന്ത്രി ദിഗ്വിജയ് സിംഗ്, സംസ്ഥാന അധ്യക്ഷൻ ജിതു പട്വാരി, സംസ്ഥാനത്തിന്റെ ചുമതലയുള്ള ഹരീഷ് ചൗധരി എന്നിവർ തമ്മിലുള്ള തർക്കത്തിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്

MediaOne Logo
മീനാക്ഷി നടരാജന്റെ പത്രിക തള്ളിയതിന് പിന്നാലെ നേതാക്കൾ തമ്മിൽ പരസ്യപ്പോര്; കോൺഗ്രസിന് നാണക്കേടായി തർക്കത്തിന്റെ ദൃശ്യങ്ങൾ പുറത്ത്
X

ഭോപ്പാൽ: രാജ്യസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ സ്ഥാനാർഥിയായിരുന്ന മീനാക്ഷി നടരാജന്റെ നാമനിർദേശ പത്രിക തള്ളിയതിന് പിന്നാലെ കോൺഗ്രസിന് നാണക്കേടായി മധ്യപ്രദേശിലെ മുതിർന്നനേതാക്കളുടെ പരസ്യപ്പോര്. പാർട്ടിയിൽ കാലങ്ങളായി നിന്നിരുന്ന ആഭ്യന്തര തർക്കങ്ങളാണ് മറനീക്കി പുറത്തുവന്നിരിക്കുന്നത്. മുൻ മുഖ്യമന്ത്രി ദിഗ്വിജയ് സിംഗ്, സംസ്ഥാന അധ്യക്ഷൻ ജിതു പട്വാരി, സംസ്ഥാനത്തിന്റെ ചുമതലയുള്ള ഹരീഷ് ചൗധരി എന്നിവർ തമ്മിലുള്ള തർക്കത്തിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

മൂവരും ചേർന്ന് പങ്കെടുത്ത വാർത്താസമ്മേളനത്തിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. പ്രധാന കസേരയിലിരുന്ന ദിഗ്വിജയ് സിംഗിനോട് അവിടെനിന്ന് മാറി ഇരിക്കാൻ ജിതു പട്വാരി ആവശ്യപ്പെടുന്നത് കാണാം. തുടർന്ന് ദിഗ്വിജയ് സിംഗ് എഴുന്നേറ്റ് മാറി വശത്തുള്ള മറ്റൊരു കസേരയിൽ ഇരുന്നു. 'ഇവിടെത്തന്നെ ഇരിക്കൂ' എന്ന് പട്വാരി പിന്നീട് പറയുന്നുണ്ടെങ്കിലും സിംഗ് അപ്പോഴേക്കും സീറ്റ് മാറിയിരുന്നു. തുടർന്ന് ഹരീഷ് ചൗധരിയും മീനാക്ഷി നടരാജനും ദിഗ്വിജയ് സിംഗിനടുത്തുള്ള കസേരകളിലേക്ക് മാറി ഇരിക്കുന്നുണ്ട്. ഇതേ വാർത്തസമ്മേളനത്തിലെ രണ്ട് ക്ലിപ്പുകൾ കൂടി പ്രചരിക്കുന്നുണ്ട്. ഒരു വീഡിയോയിൽ ജെ.പി ധനോപിയയെ വിളിക്കാൻ ദിഗ്വിജയ് സിംഗ് ആംഗ്യം കാണിക്കുമ്പോൾ ശാന്തനാകാൻ ഹരീഷ് ചൗധരി ആവശ്യപ്പെടുന്നു. തൊട്ടുപിന്നാലെ ദിഗ്വിജയ് സിംഗ് ചൗധരിക്ക് മുന്നിൽ കൈകൂപ്പുന്നതും ദൃശ്യങ്ങളിലുണ്ട്. മറ്റൊരു വീഡിയോയിൽ മാധ്യമങ്ങളോട് സംസാരിക്കാൻ പട്വാരി മൈക്ക് നീട്ടിയെങ്കിലും ദിഗ്വിജയ് സിംഗ് അത് നിരസിക്കുന്നതും കാണാം.

പുറത്തുവന്ന ദൃശ്യങ്ങൾ കോൺഗ്രസിനെതിരെ വലിയ രാഷ്ട്രീയ ആയുധമാക്കുകയാണ് ബിജെപി. ദിഗ്വിജയ് സിംഗിനെപ്പോലുള്ള മുതിർന്ന നേതാക്കളെ ഇത്തരത്തിൽ പരസ്യമായി അപമാനിക്കരുതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ ഹേമന്ത് ഖണ്ഡേൽവാൽ പറഞ്ഞു. 'കോൺഗ്രസിനുള്ളിൽ അഭിപ്രായവ്യത്യാസങ്ങൾ പണ്ടുമുതലേ ഉള്ളതാണ്. എന്നാൽ മുതിർന്ന നേതാക്കളോട് ഇത്തരം മോശം പെരുമാറ്റം പാടില്ല. പാർട്ടിയിലെ ആഭ്യന്തര കലഹവും പരസ്പരം പഴിചാരലും ഒട്ടും ശരിയായ പ്രവണതയല്ല. കോൺഗ്രസ് ഏത് ദിശയിലേക്കാണ് പോകുന്നതെന്ന് അവർ സ്വയം ചിന്തിക്കണം.' - ഹേമന്ത് ഖണ്ഡേൽവാൽ പറഞ്ഞു

എന്നാൽ, താൻ ദിഗ്വിജയ് സിംഗിനെ മനഃപൂർവം മാറ്റി ഇരുത്തിയതല്ലെന്ന് ജിതു പട്വാരി പറഞ്ഞു. അദ്ദേഹം തങ്ങളുടെ മുതിർന്ന നേതാവും വഴികാട്ടിയുമാണെന്നും മീനാക്ഷി നടരാജന് അരികിൽ ഹരീഷ് ചൗധരിക്ക് ഇരിക്കാൻ വേണ്ടി മാത്രമാണ് സീറ്റ് ക്രമീകരണത്തിൽ മാറ്റം വരുത്തിയതെന്നും പട്വാരി വിശദീകരിച്ചു.

TAGS :

Next Story