മഹാകുംഭമേള 'മൃത്യു കുംഭ്'മേളയായി മാറി; രൂക്ഷ വിമർശനവുമായി മമത
പ്രയാഗ്‌രാജിൽ തിക്കിലും തിരക്കിലും പെട്ട് മരണപ്പെട്ടവരുടെ യഥാർഥ കണക്കുകള്‍ പുറത്തുവിടുന്നില്ലെന്നും മമത ആരോപിച്ചു.

കൊല്‍ക്കത്ത: ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജില്‍ നടക്കുന്ന മഹാകുംഭമേളയുടെ നടത്തില്‍ കെടുകാര്യസ്ഥതയെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി.
യാതൊരു ആസൂത്രണവുമില്ലാതെ നടത്തിയതിനാല്‍ 'മൃത്യു കുംഭ്' ആയി 'മഹാ കുംഭ്' മാറിയെന്നും മമത ആരോപിച്ചു. ബിജെപിയുടെ നേതൃത്വത്തിലുള്ള ഉത്തര്‍പ്രദേശ് സര്‍ക്കാരിനെയും കേന്ദ്രസര്‍ക്കാരിനേയും കടന്നാക്രമിച്ചുകൊണ്ട് ബംഗാള്‍ നിയമസഭയിലാണ് മമത ഇക്കാര്യം പറഞ്ഞത്.
പ്രയാഗ്‌രാജിൽ തിക്കിലും തിരക്കിലും പെട്ട് മരണപ്പെട്ടവരുടെ യഥാർഥ കണക്കുകള്‍ പുറത്തുവിടുന്നില്ലെന്നും മമത ആരോപിച്ചു. മരണപ്പെട്ടവരുടെ എണ്ണം കുറച്ചു കാണിക്കുന്നതിനായി ബിജെപി ഇപ്പോഴും 100 കണക്കിന് മൃതദേഹങ്ങൾ ഒളിപ്പിച്ചിരിക്കുകയാണെന്നും ബംഗാൾ നിയമസഭയിൽ മമത ആരോപിച്ചു.
ബംഗ്ലാദേശ് ഭീകരരുമായി ബന്ധമുണ്ടെന്ന ആരോപണത്തെയും മമത തള്ളി. താനും ഭീകരരുമായി എന്തെങ്കിലും ബന്ധമുണ്ടെന്ന് ബിജെപിക്ക് തെളിയിക്കാനായാൽ രാജിവെയ്ക്കും. ബംഗ്ലാദേശിൽ സർക്കാർ വീണപ്പോഴും തൃണമൂൽ സർക്കാരാണ് ബംഗാളിലെ ശാന്തിയും സമാധാനവും കൈമോശം വരാതെ കാത്തതെന്നും മമത അവകാശപ്പെട്ടു
അതേസമയം മമത ബാനര്‍ജിയുടെ പരാമര്‍ശത്തിനെതിരെ ബംഗാളിലെ ബിജെപി, എംഎല്‍എമാര്‍ പ്രതിഷേധിച്ചു. മമത ഹിന്ദുവിരുദ്ധയായ മുഖ്യമന്ത്രിയാണെന്ന് ആരോപിച്ചാണ് എംഎല്‍എമാര്‍ പ്രതിഷേധിച്ചത്. മഹാകുംഭമേളയെ അപമാനിക്കുന്നത് സഹിക്കാന്‍ കഴിയില്ലെന്ന് ബംഗാള്‍ പ്രതിപക്ഷനേതാവ് സുവേന്ദു അധികാരി പറഞ്ഞു.
Adjust Story Font
16

