Quantcast

മഹാരാഷ്ട്ര സർക്കാർ അംഗീകാരം നൽകി; കൊങ്കണ്‍ റെയില്‍വേ ഇന്ത്യന്‍ റെയില്‍വേയില്‍ ലയിക്കും

രണ്ട് വ്യവസ്ഥകളാണ് മഹാരാഷ്ട്ര സർക്കാർ ഇതിനായി മുന്നോട്ടുവെച്ചിരിക്കുന്നത്

MediaOne Logo

Web Desk

  • Updated:

    2025-05-23 11:17:22.0

Published:

23 May 2025 3:33 PM IST

മഹാരാഷ്ട്ര സർക്കാർ അംഗീകാരം നൽകി; കൊങ്കണ്‍ റെയില്‍വേ ഇന്ത്യന്‍ റെയില്‍വേയില്‍ ലയിക്കും
X

മുംബൈ: കൊങ്കണ്‍ റെയിവേയെ ഇന്ത്യന്‍ റെയില്‍വേയില്‍ ലയിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് മഹാരാഷ്ട്ര സർക്കാർ സമ്മതം നൽകി. ഇതുസംബന്ധിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് കത്തയച്ചു.

രണ്ട് വ്യവസ്ഥകളാണ് സംസ്ഥാനം ഇതിനായി മുന്നോട്ടുവെച്ചിരിക്കുന്നത്. സംസ്ഥാനത്തിന്റെ ഓഹരിവിഹിതമായ 396.54 കോടി തിരികെ നല്‍കുക, ലയനത്തിനുശേഷവും കൊങ്കണ്‍ റെയിവേ എന്ന പേര് നിലനിര്‍ത്തുക എന്നീ വ്യവസ്ഥകളാണ് സംസ്ഥാനം മുന്നോട്ടുവെച്ചത്. ഈയാവശ്യങ്ങള്‍ റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവിനെ ധരിപ്പിച്ചെന്നും പേരുമാറ്റില്ലെന്ന് അദ്ദേഹം ഉറപ്പുനല്‍കിയിട്ടുണ്ടെന്നും ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു.

മഹാരാഷ്ട്ര, ഗോവ, കർണാടക, കേരളം എന്നീ സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന കൊങ്കണ്‍ റെയില്‍വേ ഇന്ത്യന്‍ റെയില്‍വേയുമായി ലയിപ്പിക്കണമെന്ന ആവശ്യം ഏറെക്കാലമായി ഉയരുന്നുണ്ട്. കൊങ്കൺ റെയിൽവേ കോർപറേഷനിൽ 51.48 ശതമാനമാണ് ഇന്ത്യൻ റെയിൽവേയുടെ ഓഹരി പങ്കാളിത്തം. മഹാരാഷ്ട്ര (22.21 ശതമാനം), കർണാടക (15.14 ശതമാനം), കേരളം (6.06 ശതമാനം), ഗോവ (5.11 ശതമാനം) എന്നിവയാണ് ഓഹരി പങ്കാളിത്തമുള്ള സംസ്ഥാനങ്ങൾ.

ഗോവ, കർണാടക, കേരളം എന്നീ സംസ്ഥാനങ്ങൾ ലയനത്തിന് നേരത്തേ സമ്മതം നൽകിയിരുന്നു. ലയനം സാധ്യമായാല്‍ പാതയിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വേഗത വർധിക്കും. കൂടുതല്‍ ട്രെയിനുകള്‍ ഓടിക്കാൻ സാധിക്കുകയും സാമ്പത്തിക ഞെരുക്കം മാറുകയും ചെയ്യും.

TAGS :

Next Story