'അദ്ദേഹത്തിന്‍റെ തലച്ചോര്‍ മോഷ്ടിക്കപ്പെട്ടിരിക്കുകയാണ്'; വോട്ടര്‍ പട്ടിക അട്ടിമറിയിൽ രാഹുൽ ഗാന്ധിക്കെതിരെ ഫഡ്നാവിസ്
പനാജിയിൽ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഫഡ്നാവിസ്

മുംബൈ: മഹാരാഷ്ട്രയിലടക്കം വോട്ടെടുപ്പിൽ തെരഞ്ഞെടുപ്പു കമ്മീഷൻ കൃത്രിമം കാട്ടിയെന്ന രാഹുൽ ഗാന്ധിയുടെ ആരോപണങ്ങളെ നിഷേധിച്ച് മഹാരാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയും. പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ രാഹുൽ നുണകൾ പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹത്തിന്‍റെ തലച്ചോര്‍ മോഷ്ടിക്കപ്പെട്ടുവെന്നും ഫഡ്നാവിസ് പറഞ്ഞു.പനാജിയിൽ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
"ഒന്നുകിൽ അദ്ദേഹത്തിന്‍റെ തലച്ചോർ മോഷ്ടിക്കപ്പെട്ടിരിക്കാം അല്ലെങ്കിൽ തലച്ചോറിലെ ഒരു ചിപ്പ് കാണാനില്ല. അതുകൊണ്ടാണ് അദ്ദേഹം പലപ്പോഴും ഇത്തരം പ്രസ്താവനകൾ നടത്തുന്നത്," ഫഡ്‌നാവിസിനെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ഗോവയിലെ ഒരു പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുക്കാൻ എത്തിയതായിരുന്നു ഫഡ്നാവിസ്. “രാഹുൽ ഗാന്ധി തെറ്റായ ആരോപണങ്ങളിലൂടെ ഒരു ധാരണ സൃഷ്ടിക്കാൻ ശ്രമിക്കുകയാണ്, പക്ഷേ അത് ജനങ്ങൾ അംഗീകരിക്കില്ല ” ഏക്നാഥ് ഷിൻഡെ പിടിഐയോട് പറഞ്ഞു. സര്‍വത്ര ക്രമക്കേടാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിയുമായി ചേർന്ന് വോട്ട് മോഷ്ടിക്കുകയാണെന്നുമാണ് രാഹുൽ ഗാന്ധിയുടെ ആരോപണം. വോട്ട് മോഷണം എന്ന പേരിൽ പ്രസന്റേഷനുമായാണ്
പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി വാർത്താസമ്മേളനം ആരംഭിച്ചത്. ഒരാൾക്ക് ഒരു വോട്ട് എന്നതാണ് ഭരണഘടനപരമായ അവകാശമെന്നും എന്നാൽ, കഴിഞ്ഞ കുറച്ച് കാലമായി ജനങ്ങൾക്കിടയിൽ സംശയം ഉയർന്നിട്ടുണ്ടെന്നും പറഞ്ഞാണ് രാഹുൽഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ആഞ്ഞടിച്ചത്.
മഹാരാഷ്ട്രയിൽ 40 ലക്ഷം ദുരൂഹ വോട്ടർമാരുണ്ടായിരുന്നു. അവിടെ അസാധാരണ പോളിങ്ങാണ് നടന്നത്. 5 മണി കഴിഞ്ഞപ്പോൾ പോളിങ് പലയിടത്തും കുതിച്ചുയർന്നു. ഒരു ലോക്‌സഭാ മണ്ഡലത്തിലെ വോട്ടർ പട്ടിക പരിശോധിച്ചപ്പോൾ ആകെയുള്ള 6.5 ലക്ഷം വോട്ടർമാരിൽ 1.5 ലക്ഷം പേരും വ്യാജന്മാരാണെന്നു കണ്ടെത്തിയെന്നും രാഹുൽ പറഞ്ഞു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബിജെപി സർക്കാരുണ്ടാക്കിയത് ഈ തട്ടിപ്പിലൂടെ നേടിയ സീറ്റുകൾ ഉപയോഗിച്ചാണ്. 2014 മുതൽ എന്തോ കുഴപ്പം സംഭവിക്കുന്നുണ്ടെന്ന സംശയം നേരത്തേ തന്നെയുണ്ടെന്നും രാഹുൽ വ്യക്തമാക്കുന്നു.
Adjust Story Font
16

