മത-രാഷ്ട്ര പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട 44 കേസുകള്‍ പിന്‍വലിക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍; പിന്‍വലിച്ചതില്‍ ഗോസംരക്ഷകര്‍ക്കെതിരായ കേസുകളും
കന്നുകാലി ഗോസംരക്ഷണ പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു

മുംബൈ: വിവിധ മത-രാഷ്ട്രീയ, സാംസ്‌കാരിക പ്രക്ഷോഭങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തിരിക്കുന്ന 44 കേസുകള്‍ പിന്‍വലിക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍. മന്ത്രിസഭാ ഉപസമിതിയുടേതാണ് ശിപാര്‍ശ. ഉചിതമായ കേസുകള്‍ പിന്‍വലിക്കാനുള്ള നീക്കങ്ങള്‍ തുടങ്ങിയതായി സാംസ്‌കാരിക മന്ത്രിയും ഉപസമിതി ചെയര്‍പേഴ്‌സണുമായ ആശിഷ് ഷെലാര്‍ പറഞ്ഞു.
കേസുകള്‍ പിന്‍വലിക്കണമെന്ന ശിപാര്‍ശ സംസ്ഥാന സര്‍ക്കാരിന് മുമ്പാകെ സമര്‍പ്പിച്ചിട്ടുണ്ട്. കേസുകള്‍ അവലോകനം ചെയ്യുന്നതിനായി പ്രത്യേക കമ്മിറ്റി രൂപീകരിച്ചു. പലപ്പോഴും സംസ്ഥാനത്തെ സാമൂഹിക-രാഷ്ട്രീയ പ്രവര്‍ത്തകര്‍ അനാവശ്യമായി കേസുകളില്‍ അകപ്പെടാറുണ്ട്. ഇത്തരം നിയമനടപടികളില്‍ നിന്ന് അവര്‍ക്ക് ആശ്വാസം നല്‍കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. അതിന്റെ ഭാഗമായാണ് കേസുകള്‍ അവലോകനം ചെയ്യുന്നതെന്നും മന്ത്രി പ്രതികരിച്ചു.
കഴിഞ്ഞ ദിവസം സംസ്ഥാനത്തെ കന്നുകാലി ഗോസംരക്ഷണ പ്രസ്ഥാനങ്ങള്‍, ഗണേശോത്സവം, നവരാത്രോത്സവം, തൊഴിലാളി പ്രക്ഷോഭങ്ങള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട ഏതാനും കേസുകള്‍ സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു. തുടര്‍ന്ന് ഫഡ്നാവിസിന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരിന്റെ നീക്കത്തില്‍ ആശങ്ക പ്രകടിപ്പിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു.
സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തിരിക്കുന്ന 77 കേസുകള്‍ പിന്‍വലിക്കാനാണ് മന്ത്രിസഭാ ഉപസമിതി നേരത്തെ ശിപാര്‍ശ ചെയ്തിരുന്നത്. ഇതിനുപിന്നാലെയാണ് 44 കേസുകള്‍ കൂടി സര്‍ക്കാരിന്റെ പരിഗണനയിലേക്ക് വരുന്നത്. പൊലീസ് രജിസ്റ്റര്‍ ചെയ്ത 133 കേസുകളില്‍ കമ്മിറ്റി ഇന്നലെ അവലോകനം നടത്തിയിരുന്നു.
അതേസമയം സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍, ഗുരുതരമായ ക്രിമിനല്‍ കുറ്റകൃത്യങ്ങള്‍, സിവില്‍ തര്‍ക്കങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട കേസുകള്‍ പിന്‍വലിക്കാനാകില്ലെന്നും കമ്മിറ്റി വ്യക്തമാക്കി. മാത്രമല്ല, എംഎല്‍എമാരും എംപിമാരും പ്രതികളായ കേസുകളില്‍ തീരുമാനമെടുക്കാന്‍ ബോംബെ ഹൈക്കോടതിക്ക് മാത്രമേ കഴിയുകയുള്ളൂവെന്നും സമിതി ചൂണ്ടിക്കാട്ടി.
Adjust Story Font
16

