Quantcast

'സവര്‍ക്കറെ അപമാനിച്ചാല്‍ മഹാരാഷ്ട്രയിലെ ജനങ്ങള്‍ സഹിക്കില്ല': രാഹുലിനോട് ഏക്നാഥ് ഷിന്‍ഡെ

സവർക്കറെ അപമാനിക്കുമ്പോള്‍ ചിലര്‍ മൃദു നിലപാട് സ്വീകരിക്കുകയാണെന്ന് ഉദ്ധവ് പക്ഷത്തെ ചൂണ്ടിക്കാട്ടി ഷിന്‍ഡെ

MediaOne Logo

Web Desk

  • Updated:

    2022-11-17 06:36:10.0

Published:

17 Nov 2022 6:33 AM GMT

സവര്‍ക്കറെ അപമാനിച്ചാല്‍ മഹാരാഷ്ട്രയിലെ ജനങ്ങള്‍ സഹിക്കില്ല: രാഹുലിനോട് ഏക്നാഥ് ഷിന്‍ഡെ
X

മുംബൈ: ഹിന്ദുമഹാസഭ നേതാവ് വി.ഡി സവര്‍ക്കറെ അപമാനിച്ചാല്‍ മഹാരാഷ്ട്രയിലെ ജനങ്ങള്‍ സഹിക്കില്ലെന്ന് മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കാണ് ഷിന്‍ഡെ മുന്നറിയിപ്പ് നല്‍കിയത്. സവർക്കർ സ്മാരകത്തിൽ നടന്ന ഹിന്ദുത്വ സിമ്പോസിയത്തിൽ സംസാരിക്കുകയായിരുന്നു മഹാരാഷ്ട്ര മുഖ്യമന്ത്രി.

സവർക്കർ ബി.ജെ.പിയുടെയും ആര്‍.എസ്.എസിന്‍റെയും പ്രതീകമാണെന്നാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്. ഭാരത് ജോഡോ യാത്രക്കിടെ മഹാരാഷ്ട്രയിലെ വാഷിമില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍- "സവര്‍ക്കര്‍ ആൻഡമാനിൽ രണ്ട് മൂന്ന് വർഷം ജയിലിലായിരുന്നു. അദ്ദേഹം ദയാഹരജികൾ എഴുതാൻ തുടങ്ങി. അദ്ദേഹം ബ്രിട്ടീഷുകാരിൽ നിന്ന് പെൻഷൻ വാങ്ങുകയും അവർക്ക് വേണ്ടി പ്രവർത്തിക്കുകയും കോൺഗ്രസിനെതിരെ പ്രവർത്തിക്കുകയും ചെയ്തു" എന്നാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വെല്ലുവിളിക്കാമെന്നാണ് രാഹുല്‍ ഗാന്ധി കരുതുന്നതെന്നും എന്നാൽ അധികാരത്തിനായി ദേശീയതയുടെ കാര്യത്തില്‍ പ്രധാനമന്ത്രി ഒരിക്കലും വിട്ടുവീഴ്ച ചെയ്യാറില്ലെന്നും ഏക്നാഥ് ഷിന്‍ഡെ പറഞ്ഞു. ഹിന്ദുത്വ എന്നാൽ ദേശീയതയാണെന്ന് സവർക്കർ പറഞ്ഞെന്നും ബാൽ താക്കറെ തന്റെ പ്രവർത്തനങ്ങളിലൂടെ രാജ്യത്തിനും മഹാരാഷ്ട്രയ്ക്കും ഇത് കാണിച്ചുകൊടുത്തെന്നും ഷിന്‍ഡെ വിശദീകരിച്ചു. ഇരുവരും ഹിന്ദുഹൃദയ സമ്രാട്ട് എന്ന് വിശേഷിപ്പിക്കപ്പെടുന്നത് അതുകൊണ്ടാണെന്നും ഷിന്‍ഡെ പറഞ്ഞു.

സ്വാതന്ത്ര്യ സമരകാലത്ത് ബ്രിട്ടീഷുകാർ സവർക്കറെ ജീവപര്യന്തം തടവിന് ശിക്ഷിക്കുകയും ആൻഡമാനിലേക്ക് അയക്കുകയും ചെയ്തു. ഇത്തരം രാജ്യസ്നേഹികൾ രാജ്യത്തിന്‍റെ സ്വാതന്ത്ര്യത്തിനായി തങ്ങളുടെ ജീവനും കുടുംബവും ത്യജിച്ചെന്ന് ഷിന്‍ഡെ പറഞ്ഞു- "ഈ സ്വാതന്ത്ര്യ സമര സേനാനികൾ കാലാകാലങ്ങളിൽ അപമാനിക്കപ്പെടുന്നു. ഇത്തരം പ്രവൃത്തികളിൽ ഏർപ്പെടുന്നവരെ രാജ്യത്തെയും സംസ്ഥാനത്തെയും ജനങ്ങൾ പാഠം പഠിപ്പിക്കും. വീർ സവർക്കറുടെ ത്യാഗങ്ങൾ ആർക്കും നിഷേധിക്കാനാവില്ല".

സവർക്കറെ അപമാനിക്കുമ്പോള്‍ ചിലര്‍ മൃദു നിലപാട് സ്വീകരിക്കുകയാണെന്ന് ഉദ്ധവ് പക്ഷത്തെ ചൂണ്ടിക്കാട്ടി ഷിന്‍ഡെ പറഞ്ഞു. ഉദ്ധവ് താക്കറെയുടെ മകന്‍ ആദിത്യ താക്കറെ ഭാരത് ജോഡോ യാത്രയ്ക്കൊപ്പം ചേര്‍ന്നിരുന്നു. അന്തരിച്ച സ്വാതന്ത്ര്യസമര സേനാനിയെ രാഹുല്‍ ഗാന്ധി അപമാനിച്ചെന്നും മഹാരാഷ്ട്രയിലെ ഭാരത് ജോഡോ യാത്ര അവസാനിപ്പിക്കണമെന്നും രാഹുല്‍ ഷെവാലെ എംപി ആവശ്യപ്പെട്ടു.

TAGS :

Next Story