ഭർതൃമതിയുമായി ബന്ധം; കർണാടകയിൽ മഹാരാഷ്ട്ര സ്വദേശിയായ 27കാരനെ യുവതിയുടെ കുടുംബക്കാർ തല്ലിക്കൊന്നു
സംഭവത്തിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

Photo| Special Arrangement
ബംഗളൂരു: ഭർതൃമതിയുമായുള്ള ബന്ധത്തിന്റെ പേരിൽ കർണാടകയിൽ മഹാരാഷ്ട്ര സ്വദേശിയായ യുവാവിനെ യുവതിയുടെ കുടുംബക്കാർ കെട്ടിയിട്ട് തല്ലിക്കൊന്നു. ബിദർ ജില്ലയിലെ ചിൻടകി ഗ്രാമത്തിലാണ് സംഭവം. മഹാരാഷ്ട്രയിലെ നന്ദേഡ് ജില്ലയിലെ ഗൗനാഗോൺ സ്വദേശിയായ 27കാരൻ വിഷ്ണുവാണ് കൊല്ലപ്പെട്ടത്.
സംഭവത്തിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഒരു യുവാവിനെ കുറച്ചുപേർ ചേർന്ന് കെട്ടിയിട്ട് മർദിക്കുന്നതായി ഞങ്ങൾക്ക് വിവരം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ സ്ഥലത്തെത്തിയ ഞങ്ങൾ കണ്ടത് മർദനത്തിൽ ഗുരുതരമായി പരിക്കേറ്റ് അർധബോധാവസ്ഥയിൽ കിടക്കുന്ന യുവാവിനെയാണ്. അയാളെ ഉടൻ ചിൻടകി സർക്കാർ ആശുപത്രിയിലും അവിടെനിന്ന് ബ്രിംസ് ആശുപത്രിയിലും എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിച്ചു- പൊലീസ് പറഞ്ഞു.
ബിദറിലെ പൂജ എന്ന യുവതിയുമായി തന്റെ മകന് ഒരു വർഷത്തോളമായി ബന്ധമുണ്ടായിരുന്നതായി വിശുവിന്റെ മാതാവ് ലക്ഷ്മി പറഞ്ഞു. 'ഭർത്താവും മക്കളുമുള്ള യുവതി അവരെ ഉപേക്ഷിച്ച് ഇറങ്ങിവരികയും തന്റെ മകനൊപ്പം ജീവിക്കാൻ തുടങ്ങുകയും ചെയ്തു. എന്നാൽ മൂന്ന് മാസത്തിന് ശേഷം അവൾ നാഗനപ്പള്ളിയിലുള്ള സ്വന്തം വീട്ടിലേക്ക് തിരിച്ചുപോയി'.
'ഇതോടെ, വിശുവും രണ്ട് സുഹൃത്തുക്കളുംകൂടി പൂജയെ കാണാനായി നാഗനപ്പള്ളിയിലേക്ക് പോയി. ഇവിടുത്തെ ഹനുമാൻ ക്ഷേത്രത്തിൽ വച്ച് പൂജയുടെ പിതാവും സഹോദരനും ചേർന്ന് ഇവരെ തടയുകയും പൂജയുമായുള്ള ബന്ധം തുടരാൻ ശ്രമിച്ചതിനെ ചോദ്യം ചെയ്യുകയും ചെയ്തു. തുടർന്ന് ക്ഷേത്രത്തിന് പുറത്തേക്ക് വലിച്ചിഴച്ച് കൊണ്ടുവന്ന ശേഷം കെട്ടിയിട്ട് വടികളും കമ്പികളും ഉപയോഗിച്ച് ആക്രമിക്കുകയുമായിരുന്നു'- ലക്ഷ്മി കൂട്ടിച്ചേർത്തു.
സംഭവത്തിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നുണ്ട്. കെട്ടിയിട്ട് തല്ലുമ്പോൾ യുവാവ് സഹായത്തിനായി നിലവിളിക്കുന്നത് വീഡിയോയിൽ കാണാം. സംഭവത്തിൽ, വിശുവിന്റെ മാതാവിന്റെ പരാതിയിൽ ആദ്യം ഭാരതീയ ന്യായ് സംഹിതയിലെ 109, 118(1), 352, 127 (2) വകുപ്പുകൾ ചുമത്തി കേസെടുത്ത പൊലീസ് പിന്നീട് കൊലക്കുറ്റവും ചുമത്തി. അറസ്റ്റിലായ പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.
Adjust Story Font
16

