'വിമതർ ഒന്നിനും കൊള്ളാത്തവർ, ജയിച്ചത് മമതയുടെ പേരിൽ'; ആഞ്ഞടിച്ച് മഹുവ മൊയ്ത്ര
ബിജെപിയാണ് തൃണമൂലിൽ പിളർപ്പ് ഉണ്ടാക്കിയതെന്നും മഹുവ

- Published:
5 Jun 2026 8:43 AM IST

കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് രൂപീകരണത്തിന് ശേഷമുള്ള ഏറ്റവും വലിയ ആഭ്യന്തര പ്രതിസന്ധിയിലൂടെ കടന്നുപോകവെ, പാർട്ടിയിലെ വിമത എംഎൽഎമാർക്കെതിരെ കടുത്ത ഭാഷയിൽ ആഞ്ഞടിച്ച് എംപി മഹുവ മൊയ്ത്ര.
നിയമസഭാ വിഭാഗത്തിന്റെ നിയന്ത്രണം പിടിച്ചെടുത്ത വിമത നേതാക്കൾ ഒന്നിനുംകൊള്ളാത്തവരാണെന്നും മമതാ ബാനർജിയുടെ വ്യക്തിപ്രഭാവം കൊണ്ട് മാത്രം ജയിച്ചുകയറിയ ഇവർക്ക് പ്രതിപക്ഷത്തിരുന്ന് ബിജെപിക്കെതിരെ പോരാടാനുള്ള ത്രാണിയില്ലെന്നും മഹുവ മൊയ്ത്ര വ്യക്തമാക്കി. 'ഇന്ത്യാ ടുഡേ'യ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു മഹുവയുടെ പ്രതികരണം.
കേന്ദ്ര ഏജൻസികളെയും അറസ്റ്റ് ഭീഷണികളെയും ഉപയോഗിച്ച് ബിജെപിയാണ് തൃണമൂലിൽ ഈ പിളർപ്പ് ഉണ്ടാക്കിയതെന്നും മഹുവ ആരോപിച്ചു. കേന്ദ്ര ഏജൻസികളുടെ നടപടികളിൽ ഭയന്നാണ് വിമതർ ക്യാമ്പ് മാറിയത്. പുറത്താക്കപ്പെട്ട എംഎൽഎ ഋതബ്രത ബാനർജിയുടെ നേതൃത്വത്തിലുള്ള വിമതർക്ക്, വർഷങ്ങളോളം അധികാരത്തിലിരുന്ന ശേഷം പ്രതിപക്ഷത്ത് തുടരാൻ താല്പര്യമില്ലെന്നും അവർ തെരഞ്ഞെടുത്തത് ബിജെപിയുടെ സുരക്ഷിത താവളമാണെന്നും മഹുവ കുറ്റപ്പെടുത്തി. മമത ബാനർജി തന്നെയാണ് പാർട്ടിയുടെ കരുത്തെന്നും ഇത്തരം അവസരവാദികൾക്ക് ജനങ്ങൾ മറുപടി നൽകുമെന്നും മഹുവ കൂട്ടിച്ചേർത്തു.
അതേസമയം മമത ബാനർജിയെ പരമോന്നതനേതാവായി അംഗീകരിക്കണമെന്ന് ടിഎംസിയിലെ ഒരു വിഭാഗം വിമത എംഎൽഎമാർ ആവശ്യപ്പെട്ടു. ഋതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവായി അംഗീകരിക്കുന്ന എംഎൽഎമാരിൽ 20 പേരാണ് മമതയ്ക്കായി രംഗത്ത് ഇറങ്ങിയത്. മമതയെ ഉപദേഷ്ടാവ് ആക്കാമെന്ന ഋതാബ്രത ബാനർജിയുടെ നിർദേശം ഇവർ തള്ളി. മമതയ്ക്കായി രജിനഗർ സീറ്റ് ഒഴിയാൻ തയ്യാർ ആണെന്ന് എജെയുപി അധ്യക്ഷൻ ഹുമയൂൻ കബീർ പറഞ്ഞു. ഹുമയൂൺ കബീറും മുഖ്യമന്ത്രി സുവേന്ദു അധികാരിയും രണ്ട് സീറ്റിൽ വിജയിച്ചിരുന്നു.
Adjust Story Font
16
