Quantcast

ഡൽഹി നിയമസഭയിൽ വൻ സുരക്ഷാവീഴ്ച: ബാരിക്കേഡുകൾ തകർത്ത് കാർ അകത്തുകയറി, സ്പീക്കറുടെ ഓഫീസിന് മുന്നിൽ പൂച്ചെണ്ട് വച്ച് കടന്നു കളഞ്ഞു

ഗേറ്റ് നമ്പർ 2-ലെ ഇരുമ്പ് ബാരിക്കേഡുകൾ ഇടിച്ചുതെറിപ്പിച്ചാണ് വാഹനം അകത്തുകടന്നത്

MediaOne Logo
ഡൽഹി നിയമസഭയിൽ വൻ സുരക്ഷാവീഴ്ച: ബാരിക്കേഡുകൾ തകർത്ത് കാർ അകത്തുകയറി, സ്പീക്കറുടെ ഓഫീസിന് മുന്നിൽ പൂച്ചെണ്ട് വച്ച് കടന്നു കളഞ്ഞു
X

ന്യൂഡൽഹി: കനത്ത സുരക്ഷാ വലയത്തിലുള്ള ഡൽഹി നിയമസഭാ സമുച്ചയത്തിൽ ഗുരുതര സുരക്ഷ വീഴ്ച. തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. അതിവേഗത്തിലെത്തിയ വെളുത്ത എസ്യുവി ബാരിക്കേഡുകൾ തകർത്ത് നിയമസഭയ്ക്കുള്ളിലേക്ക് അതിക്രമിച്ചു കയറി. വിവിഐപി കവാടമായ ഗേറ്റ് നമ്പർ 2-ലൂടെയാണ് ഉത്തർപ്രദേശ് രജിസ്‌ട്രേഷനുള്ള വാഹനം അകത്തെത്തിയത്. കാറിൽ എത്തിയ ആൾ നിയമസഭ സ്പീക്കറുടെ ഓഫീസിന് മുന്നിൽ പൂച്ചെണ്ട് വച്ച് തിരിച്ചു പോവുകയായിരുന്നു.

തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം. ഗേറ്റ് നമ്പർ 2-ലെ ഇരുമ്പ് ബാരിക്കേഡുകൾ ഇടിച്ചുതെറിപ്പിച്ചാണ് വാഹനം അകത്തുകടന്നത്. സുരക്ഷാ ഉദ്യോഗസ്ഥരെയും ജീവനക്കാരെയും പരിഭ്രാന്തിയിലാഴ്ത്തി അഞ്ച് മിനിറ്റോളം കാർ സമുച്ചയത്തിനുള്ളിൽ കറങ്ങിനടന്നു. മുഖംമൂടി ധരിച്ച ഡ്രൈവർ കാർ നേരെ ഓടിച്ചുപോയത് നിയമസഭാ സ്പീക്കർ വിജീന്ദർ ഗുപ്തയുടെ ഓഫീസിന് മുന്നിലേക്കായിരുന്നു. അവിടെ കാർ നിർത്തിയ ശേഷം പോർച്ചിൽ ഒരു പൂച്ചെണ്ട് വെക്കുകയും തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥർക്ക് പിടികൊടുക്കാതെ അതിവേഗത്തിൽ ഗേറ്റിലൂടെ പുറത്തേക്ക് ഓടിച്ചുപോവുകയും ചെയ്തു. ഒരു സുരക്ഷാ ജീവനക്കാരൻ തടയാൻ ശ്രമിച്ചെങ്കിലും ഡ്രൈവർ വാഹനം നിർത്താൻ തയ്യാറായില്ല.

സംഭവം അതീവ ഗൗരവത്തോടെയാണ് അധികൃതർ കാണുന്നത്. ഒന്നിലധികം സുരക്ഷാ പരിശോധനകളുള്ള സ്ഥലത്താണ് ഇത്രയും വലിയ ലംഘനം നടന്നത് എന്നത് ആശങ്ക വർധിപ്പിക്കുന്നു. ബോംബ് ഡിസ്‌പോസൽ സ്‌ക്വാഡും ഫോറൻസിക് യൂണിറ്റും സ്ഥലത്തെത്തി പരിശോധന നടത്തി. കാറിന്റെ നമ്പർ പ്ലേറ്റും ഡ്രൈവറെയും തിരിച്ചറിയുന്നതിനായി നിയമസഭാ പരിസരത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് വിശദമായി പരിശോധിച്ചുവരികയാണ്. ഡൽഹി നിയമസഭ ബജറ്റ് സമ്മേളനത്തിനിടെ സ്‌ഫോടകവസ്തുക്കൾ വെച്ചിട്ടുണ്ടെന്ന വ്യാജ ഇമെയിൽ ഭീഷണികൾ അടുത്തിടെ ലഭിച്ചിരുന്നു. ഇതിനുപിന്നാലെയാണ് സുരക്ഷാ ലംഘനം ഉണ്ടാകുന്നത്.

TAGS :

Next Story