Quantcast

തോൽവിയറിയാത്ത നേതാവ്; താഴേതട്ടിൽനിന്ന് ഉയർന്നുവന്നു- കോൺഗ്രസിന് ഇനി ദലിത് ക്യാപ്റ്റൻ

''ഖാർഗെയ്ക്ക് ഏഴ് വയസുള്ളപ്പോൾ കലബുർഗിയിലുണ്ടായ വർഗീയ കലാപത്തിൽ അമ്മയടക്കം കുടുംബത്തിലെ നിരവധിയാളുകൾ കൊല്ലപ്പെട്ടു. കലാപത്തെ തുടർന്നാണ് കൽബുർഗിയിലേക്ക് കുടുംബം കുടിയേറുന്നത്.''

MediaOne Logo

മുഹമ്മദ് അഫ്സല്‍ കെ

  • Updated:

    2022-10-19 10:03:25.0

Published:

19 Oct 2022 9:53 AM GMT

തോൽവിയറിയാത്ത നേതാവ്; താഴേതട്ടിൽനിന്ന് ഉയർന്നുവന്നു- കോൺഗ്രസിന് ഇനി ദലിത് ക്യാപ്റ്റൻ
X

'സൊലില്ലാദ സറദാര' എന്ന പേരിലാണ് മല്ലികാർജുൻ ഖാർഗെ കർണാടക രാഷ്ട്രീയത്തിൽ അറിയപ്പെടുന്നത്. തോൽവി അറിയാത്ത നായകൻ എന്നാണ് ആ പ്രയോഗത്തിനർത്ഥം. ആ പ്രയോഗം ഒരിക്കൽകൂടി തെളിയിച്ചിരിക്കുകയാണ് ഖാർഗെ. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ഒരിക്കൽ പോലും തോൽവി അറിയാത്ത കർണാടകയിലെ ആ ദലിത് നേതാവ് ഇനി രാജ്യത്തെ ഏറ്റവും പാരമ്പര്യമുള്ള രാഷ്ട്രീയ പാർട്ടിയെ നയിക്കും.

രണ്ടര പതിറ്റാണ്ടിനുശേഷം കോൺഗ്രസിനെ നയിക്കാൻ നെഹ്‌റു കുടുംബത്തിനു പുറത്തുനിന്നൊരു നേതാവെത്തുന്നു. എന്നാൽ, പ്രത്യക്ഷത്തിൽ പുറത്തുനിന്നാണെങ്കിലും എല്ലാ അർത്ഥത്തിലും നെഹ്‌റു കുടുംബത്തിന്റെ വിശ്വസ്തനാണ് ഖാർഗെ. അതുകൊണ്ടു തന്നെ അധ്യക്ഷൻ മാറിയാലും സോണിയ-രാഹുൽ നേതൃതം തന്നെയായിരിക്കും പാർട്ടിയുടെ നിർണായക തീരുമാനങ്ങൾ ഇനിയും എടുക്കാൻ പോകുന്നതെന്നു വ്യക്തമാണ്.

നിയമപഠനവും വിദ്യാർത്ഥി രാഷ്ട്രീയവും

കർണാടകയിലെ ഗുൽബർഗയിലെ ഗവൺമെന്റ് ആർട്‌സ് ആൻഡ് സയൻസ് കോളജ് പഠനകാലത്താണ് രാഷ്ട്രീയരംഗത്തെത്തുന്നത്. ഗുൽബർഗയിലെ തന്നെ എസ്.എസ്.എൽ ലോ കോളജിലെ നിയമപഠനം കാലം കരിയറിൽ നിർണായകമായി. കോളജിലെ വിദ്യാർത്ഥി നേതാവായി ഉയർന്നുവന്ന അദ്ദേഹം 1969ലാണ് കോൺഗ്രസിന്റെ ഭാഗമാകുന്നത്.

കലബുർഗി സിറ്റി കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റായായിരുന്നു തുടക്കം. 1972ലെ കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ ഗുർമിത്കൽ മണ്ഡലത്തിൽ നിന്ന് വിജയിച്ചാണ് ആദ്യമായി എം.എൽ.എയാകുന്നത്. അന്നുമുതൽ തുടർച്ചയായി ഒൻപത് തവണ, 1972 മുതൽ 2008 വരെ, നീണ്ട 36 വർഷക്കാലമാണ് അദ്ദേഹം നിയമസഭാ സാമാജികനായത്. ഈ തുടർവിജയങ്ങൾ തന്നെയാണ് അദ്ദേഹത്തെ തോൽവി അറിയാത്ത നായകനെന്നു വിശേഷിപ്പിക്കാൻ കാരണവും.

നൈസാമുകൾ ഭരിച്ചിരുന്ന പഴയ ഹൈദരാബാദ്-കർണാടക മേഖലയിൽ ഉൾപ്പെടുന്ന ബിദർ ജില്ലയിലെ ഭാൽക്കി താലൂക്കിലെ വാരവാട്ടിയിലാണ് ഖാർഗെ കുടുംബത്തിന്റെ തായ്‌വേരുകൾ. ഖാർഗെയ്ക്ക് ഏഴ് വയസുളളപ്പോൾ ഉണ്ടായ വർഗീയ കലാപത്തിൽ അദ്ദേഹത്തിന്റെ അമ്മയടക്കം കുടുംബത്തിലെ നിരവധിയാളുകൾ കൊല്ലപ്പെട്ടിരുന്നു. ഈ കലാപത്തെ തുടർന്നാണ് കൽബുർഗിയിലേക്ക് കുടുംബം കുടിയേറുന്നതും. വർഗീയ കലാപങ്ങളുടെ പ്രത്യാഘാതങ്ങൾ സ്വന്തം ജീവിതം കൊണ്ട് തിരിച്ചറിഞ്ഞ ഖാർഗെയ്ക്ക് ചെറുപ്പത്തിൽ തന്നെ മതേതരവാദിയല്ലാതെ മറ്റൊന്നുമാകാൻ കഴിയില്ലായിരുന്നു.


സിനിമാ തിയറ്ററിൽ ജോലി ചെയ്ത കാലം

ഗുൽബർഗയിലെ സേത് ശങ്കർലാൽ ലഹോട്ടി ലോ കോളജാണ് ഖാർഗെയുടെ ജീവിതത്തിൽ വഴിത്തിരിവായത്. വിദ്യാർത്ഥി രാഷ്ട്രീയത്തിൽ സജീവമായിരുന്ന അദ്ദേഹം ഉപജീവനത്തിനായി അതോടൊപ്പം ഒരു സിനിമാ തിയറ്ററിലും ജോലി ചെയ്തിരുന്നു. അക്കാലത്ത് പഠനോപകരണങ്ങളും ഉച്ചഭക്ഷണവും ഇല്ലാതെ വലഞ്ഞിരുന്ന വിദ്യാർത്ഥികൾക്കായി പദ്ധതികൾ തയാറാക്കി നടപ്പിലാക്കിയതും വിദ്യാർത്ഥി നേതാവായിരുന്ന ഖാർഗെയുടെ മിടുക്കായിരുന്നു. ഒടുവിൽ നിയമ ബിരുദധാരിയായ ശേഷം ജസ്റ്റിസ് ശിവരാജ് പാട്ടീലിന് കീഴിലാണ് തന്റെ കരിയർ ആരംഭിക്കുന്നത്. ദലിത് കുടുംബത്തിൽനിന്ന് വന്നതുകൊണ്ട് തന്നെ അടിച്ചമർത്തപ്പെടുന്നവരുടെയും ദുരിതങ്ങളാൽ വിഷമിക്കുന്നവരുടെയും വേദനകളെക്കുറിച്ച് ഖാർഗെയ്ക്ക് വ്യക്തമായ ധാരണയുണ്ടായിരുന്നു. അതുകൊണ്ട് തന്നെ തൊഴിലാളി പ്രശ്നങ്ങളിൽ കൂടുതലായി ഇടപെടുകയും അത്തരം കേസുകൾ നിരന്തരം വാദിച്ച് ജയിക്കുകയും ചെയ്തിരുന്നു. അതോടൊപ്പം ഫീസില്ലാ വക്കീൽ എന്ന വിളിപ്പേര് കൂടി അദ്ദേഹത്തിനുണ്ടായിരുന്നു.

1969ൽ എം.എസ്.കെ മിൽസ് എംപ്ലോയീസ് യൂനിയന്റെ നിയമോപദേശകനായ ഖാർഗെ പിന്നീട് സംയുക്ത മസ്ദൂർ സംഘത്തിന്റെ ശക്തനായ നേതാവായി ഉയർന്നുവന്നു. തൊഴിലാളികളുടെ അവകാശങ്ങൾക്കായി പോരാടുകയും നേതൃത്വം നൽകുകയും ചെയ്തതോടെ കോൺഗ്രസിനുള്ളിലും ഒഴിവാക്കാനോ അവഗണിക്കാനോ കഴിയാത്ത നേതാവ് കൂടിയായി ഖാർഗെ മാറി.

'സംഘ്പരിവാറിന്റെ ശത്രു'

തുടർച്ചയായ ഒൻപത് നിയമസഭാ വിജയങ്ങളിൽ വിദ്യാഭ്യാസം, പഞ്ചായത്ത്-തദ്ദേശ സ്വയംഭരണം, റവന്യൂ, സഹകരണം, ഗതാഗതം, ആഭ്യന്തരം എന്നിങ്ങനെ പലവിധ വകുപ്പുകളിൽ മന്ത്രിയായെങ്കിലും കർണാടക മുഖ്യമന്ത്രി പദം അദ്ദേഹത്തിന് അന്യമായിരുന്നു. 1999, 2004 വർഷങ്ങളിൽ മുഖ്യമന്ത്രി പദത്തിലേക്ക് ഖാർഗെയുടെ പേര് സജീവമായി പരിഗണിക്കപ്പെട്ടിരുന്നു എന്നത് മാത്രമാണ് അതുമായി ചേർത്തുവെക്കാവുന്നതും. ഖാർഗെ വിദ്യാഭ്യാസ സഹമന്ത്രിയായിരുന്ന കാലത്താണ് പട്ടികജാതി-പട്ടികവർഗ അധ്യാപക ഒഴിവുകളിൽ നികത്തപ്പെടാതെ കിടന്നിരുന്ന 16,000ത്തോളം ഒഴിവുകൾ നികത്തിയത്. ഗതാഗത, ജലവിഭവ വകുപ്പിലെ മന്ത്രിയായിരിക്കെ കർണാടകയിലെ പൊതുഗതാഗത സംവിധാനത്തെ കൂടുതൽ മെച്ചപ്പെടുത്തിയും ഗ്രാമങ്ങളിലെ ജലപ്രതിസന്ധിയും കുടിവെള്ള ക്ഷാമവും പരിഹരിക്കാൻ നൂതന പദ്ധതികൾ ആവിഷ്‌കരിക്കുകയും ചെയ്തു. റവന്യു വകുപ്പിലുളള കാലത്ത് ഭൂമിയില്ലാത്തവർക്ക് വ്യവസ്ഥാപിതമായി പട്ടയങ്ങൾ വിതരണം ചെയ്തതും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു

സഭയിൽ പ്രതിപക്ഷ ഉപനേതാവിന്റെയും പ്രതിപക്ഷ നേതാവിന്റെയും റോളിലും പുറത്ത് കെപിസിസി പ്രസിഡന്റ് എന്ന നിലയിലും തിളങ്ങിയിരുന്ന ഖാർഗെ എക്കാലത്തും സംഘ്പരിവാറിന്റെ കടുത്ത വിമർശകരിൽ ഒരാൾ കൂടിയായിരുന്നു. സനാതന ധർമ്മത്തെ ചോദ്യം ചെയ്യുന്ന നിലപാടുകൾ മൂലം സംഘ്പരിവാർ അവരുടെ ശത്രുക്കളിൽ ഒരാളായിട്ടാണ് ഖാർഗെയെ കണ്ടിരുന്നത്. ബിജെപിയും ആർഎസ്എസ്സും വെറുപ്പിന്റെ രാഷ്ട്രീയം പടർത്തുമ്പോൾ ബുദ്ധന്റെയും അംബേദ്കറുടെയും അനുയായിയാണ് താനെന്ന് ഉറക്കെ പ്രഖ്യാപിച്ചാണ് ഖാർഗെ അവരെ നേരിട്ടതും.

ഹിന്ദുക്കളുടെ ജനസംഖ്യ കുറയുന്നതിൽ ആർഎസ്എസ് മേധാവി മോഹൻ ഭാഗവതിന് പരിഭ്രാന്തിയുണ്ടെന്നായിരുന്നു ഒരിക്കൽ ഖാർഗെയുടെ പരാമർശം. അടിച്ചമർത്തലും അസമത്വവും ജാതി വ്യവസ്ഥയും കാരണം മതപരിവർത്തനം ഇന്ത്യയ്ക്ക് പുതിയതല്ല, 2,500 വർഷങ്ങൾക്ക് മുമ്പ് ബുദ്ധമതത്തിന്റെ ആവിർഭാവത്തോടെയാണ് ആദ്യത്തെ വലിയ മതപരിവർത്തനം നടന്നത്. എല്ലാ സമുദായങ്ങൾക്കും തുല്യ അവകാശങ്ങളും ആദരവും നൽകുന്ന ഒരു ആദർശ മതത്തിനായുള്ള അന്വേഷണത്തിൽനിന്നാണ് ഡോ. അംബേദ്കർ ബുദ്ധമതത്തിലേക്ക് എത്തിയതെന്നായിരുന്നു ഖാർഗെയുടെ അന്നത്തെ വാക്കുകൾ. ബുദ്ധമതത്തോട് അഭേദ്യമായ ബന്ധം പുലർത്തുമ്പോഴും ഇപ്പോൾ പിന്തുടരുന്ന മതത്തിൽ തന്നെ വിശ്വസിക്കാനാണ് തനിക്ക് താൽപ്പര്യമെന്നും ഖാർഗെ വ്യക്തമാക്കിയിരുന്നു.


താഴേതട്ടിൽനിന്ന് കോൺഗ്രസിനൊരു തലവൻ

നിയമസഭയിലേക്കും ലോക്സഭയിലേക്കുമായി 12 തവണ മത്സരിച്ച മല്ലികാർജുൻ ഖാർഗെയ്ക്ക് ഒരിക്കൽ മാത്രമാണ് തോൽവി ഏറ്റുവാങ്ങേണ്ടി വന്നിട്ടുളളത്. 2009ലും 2014ലും ലോക്സഭയിലേക്ക് വിജയിച്ച ഗുൽബർഗ മണ്ഡലത്തിൽ നിന്ന് 2019ൽ മത്സരിക്കുമ്പോൾ വിജയമല്ലാതെ മറ്റൊന്നും അദ്ദേഹവും പാർട്ടിയും പ്രതീക്ഷിച്ചിരുന്നില്ല. എന്നാൽ മോദി തരംഗത്തിൽ രാഷ്ട്രീയ ജീവിതത്തിലെ ആദ്യ പരാജയം അന്നുണ്ടായി. കോൺഗ്രസ് വിട്ട് ബിജെപിയിലെത്തിയ് ഉമേഷ് ജാദവിനോട് 95,452 വോട്ടുകൾക്കായിരുന്നു ഖാർഗെയുടെ തോൽവി. ഇത് വ്യക്തിപരമായ തോൽവിയല്ലെന്നും താൻ നിലകൊള്ളുന്ന തത്വങ്ങളുടെയും പ്രത്യയശാസ്ത്രത്തിന്റെയും തോൽവിയാണെന്നും ഖാർഗെ ആവർത്തിച്ച് പറഞ്ഞെങ്കിലും യഥാർത്ഥത്തിൽ അദ്ദേഹത്തെ തളർത്തുന്ന തോൽവി തന്നെയായിരുന്നു അത്. കർണാടകയിൽ നിന്ന് അത്തവണ ബിജെപിക്ക് ലഭിച്ച സീറ്റുകൾ അദ്ദേഹത്തിന്റെ വാക്കുകളെ അന്വർത്ഥമാക്കുന്നതായിരുന്നു. 28 ലോക്സഭാ മണ്ഡലങ്ങളിൽ 25ലും വലിയ വിജയമാണ് ബിജെപി നേടിയത്. 2020 ജൂണിൽ 78ാം വയസ്സിൽ കർണാടകയിൽ നിന്ന് രാജ്യസഭയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട ഖാർഗെ 2021 ഫെബ്രുവരിയിൽ രാജ്യസഭയിലെ പ്രതിപക്ഷ നേതാവായി.

സമൂഹത്തിന്റെ ഏറ്റവും താഴെ തട്ടിൽനിന്ന് പടിപടിയിട്ടാണ് പാർട്ടിയിലും ജനങ്ങൾക്കിടയിലും ഖാർഗെ വളർന്നുകയറിയത്. കന്നടയ്ക്ക് പുറമെ ഇംഗ്ലീഷ്, ഹിന്ദി, മറാഠി, തെലുങ്ക്, ഉറുദു എന്നീ ഭാഷകളിലുളള മികവും ഇതിന് അദ്ദേഹത്തെ സഹായിച്ചിട്ടുണ്ട്. ഗുർമീത്കൽ മണ്ഡലത്തിൽ നിന്നായിരുന്നു എട്ട് തവണ എം.എൽ.എയായി തെരഞ്ഞെടുക്കപ്പെട്ടത്. ഇതാകട്ടെ സംവരണ മണ്ഡലത്തിൽനിന്നുള്ള വിജയമെന്ന രീതിയിലാണ് ബി.ജെ.പിയടക്കമുള്ള എതിരാളികൾ ആയുധമാക്കിയത്. അതുകൊണ്ട് തന്നെ ദളിതനായതാണോ ഉയർച്ചയ്ക്ക് കാരണമെന്നുളള ചോദ്യങ്ങൾക്ക് രോഷത്തോടെയായിരുന്നു അദ്ദേഹം മറുപടി നൽകിയിരുന്നത്.

സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള സർക്കാരിൽ മകനെ മന്ത്രിയാക്കാൻ വൻ സമ്മർദം ചെലുത്തിയെന്ന ആരോപണം പൊതുവേ ക്ലീൻ ഇമേജുളള ഖാർഗെയുടെ പേരിന് കളങ്കമേൽപ്പിക്കുന്നതുമായിരുന്നു. രാജ്യമെങ്ങും തീവ്രഹിന്ദുത്വം വെറുപ്പിന്റെ രാഷ്ട്രീയം പടർത്തി പിടിമുറുക്കുമ്പോൾ, അതിനെ ചെറുക്കാൻ ജീവിതംകൊണ്ട് നേരനുഭവങ്ങളുളള നേതാക്കൾ വിരളമായ കാലത്ത് എൺപതുകൾ പിന്നിടുന്ന, അടിസ്ഥാന ജനവിഭാഗത്തിൽനിന്നുള്ള ഖാർഗെ കോൺഗ്രസിനൊരു പ്രതീക്ഷ തന്നെയാണ്.

Summary: Life story of Mallikarjun Kharge, 1st Non-Gandhi Congress President in 24 Years

TAGS :

Next Story