എസ്ഐആര്‍; വിടാതെ മമത, പ്രതിഷേധവുമായി ഡൽഹിയിലേക്ക്
സംസ്ഥാനത്തെ എസ്ഐആര്‍ പ്രക്രിയയുമായി ബന്ധപ്പെട്ടുണ്ടായ മരണങ്ങളിൽ മമത ബാനർജി അസ്വസ്ഥയാണ്

- Published:
27 Jan 2026 9:55 AM IST

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ വോട്ടർപട്ടിക പരിഷ്കരണത്തിനെതിരെ (എസ്ഐആര്‍) പ്രതിഷേധവുമായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ഡല്‍ഹിയിലേക്ക്. എസ്ഐആറിനെതിരെയുള്ള സംസ്ഥാനത്തെ പോരിനിടെയാണ് മമത ഡല്‍ഹിയിലേക്ക് പ്രതിഷേധവുമായി വരുന്നത്.
സംസ്ഥാനത്തെ എസ്ഐആര്‍ പ്രക്രിയയുമായി ബന്ധപ്പെട്ടുണ്ടായ മരണങ്ങളിൽ മമത ബാനർജി അസ്വസ്ഥയാണ്. ഇക്കാര്യം ഉന്നയിച്ച് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് നിരവധി കത്തുകൾ അയച്ചിരുന്നു. എന്നാല്‍ അവരുടെ ഭാഗത്തുനിന്നുള്ള പ്രതികരണത്തിൽ മമത തൃപ്തയല്ല. ഈ സാഹചര്യത്തില്‍ പ്രതിഷേധം ദേശീയ തലത്തിലേക്ക് വ്യാപിപ്പിക്കാൻ തീരുമാനിച്ചതായി പാർട്ടി വൃത്തങ്ങൾ സൂചിപ്പിച്ചിരുന്നു.
എസ്‌ഐആറിനെതിരെ കൂടുതൽ വിപുലമായ പ്രതിപക്ഷ ഐക്യം കെട്ടിപ്പടുക്കുക എന്ന ലക്ഷ്യവുമായാണ് മമത ഡല്‍ഹിയിലേക്ക് എത്തുന്നതെന്നാണ് തൃണമൂൽ കോൺഗ്രസിലെ മുതിർന്ന നേതാക്കളെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്. പാർലമെന്റ് സമ്മേളനം നടക്കുന്ന സമയത്താകും മമതയുടെ ഡല്‍ഹി പ്രതിഷേധമെന്നാണ് റിപ്പോര്‍ട്ടുകള്‍.
കഴിഞ്ഞ നവംബർ 4നാണ് പശ്ചിമ ബംഗാളിൽ എസ്‌ഐആർ പ്രക്രിയ ആരംഭിച്ചത്. അതേ ദിവസം തന്നെ മമത ബാനർജിയും അഭിഷേക് ബാനർജിയും കൊൽക്കത്തയിലെ തെരുവുകളിൽ പ്രതിഷേധവുമായി രംഗത്ത് എത്തിയിരുന്നു. എസ്ഐആർ മൂലം പശ്ചിമ ബംഗാളിൽ ദിവസവും മൂന്നോ നാലോ പേർ ആത്മഹത്യ ചെയ്യുന്നുണ്ടെന്ന് മമത നേരത്തെ പറഞ്ഞിരുന്നു. ഇതുവരെ 110 പേരാണ് ബംഗാളിൽ ഇത്തരത്തിൽ മരിച്ചതെന്നും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും കേന്ദ്ര സർക്കാരുമാണ് ഈ മരണങ്ങൾക്ക് ഉത്തരവാദിയെന്നും മമത കുറ്റപ്പെടുത്തിയിരുന്നു.
Adjust Story Font
16
