ഗ്യാനേഷ് കുമാറിന്റെ രാജി; പ്രതിപക്ഷ പ്രതിഷേധത്തിന് കരുത്തുപകരാൻ മമത ബാനർജി ഇന്ന് ഡൽഹിയിൽ
ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാഷ്ട്രപതിയെ കാണാൻ ഇൻഡ്യ മുന്നണി നേതാക്കൾ അനുമതി തേടിയിട്ടുണ്ട്

ഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ നടക്കുന്ന പ്രതിപക്ഷ പ്രതിഷേധത്തിൽ പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായി മമത ബാനര്‍ജി പങ്കെടുക്കും.
ഇന്നലെ നടന്ന പ്രതിഷേധത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കളെ കസ്റ്റഡിയിലെടുക്കുകയും പിന്നീട് വിട്ടയക്കുകയും ചെയ്തതിന് പിന്നാലെ ഇൻഡ്യ സഖ്യം ഇന്ന് കൂടുതൽ ശക്തമായ പ്രതിഷേധം ആസൂത്രണം ചെയ്തിട്ടുണ്ട്. ബുധനാഴ്ച, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ഒരുക്കിയ ഉച്ചവിരുന്നിന് ശേഷമാണ് ഒന്നിച്ച് മുന്നോട്ട് പോകാൻ പ്രതിപക്ഷ പാര്‍ട്ടികൾ തീരുമാനിച്ചത്. ഇൻഡ്യ സഖ്യത്തിലെ വിവിധ ഘടകകക്ഷികളുടെ പങ്കാളിത്തവും ഏകോപനവും ഉറപ്പാക്കിക്കൊണ്ട്, എംപിമാരെ കൊണ്ടുപോകുന്നതിനായി മൂന്ന് എയർ കണ്ടീഷൻ ചെയ്ത ബസുകൾ പാർട്ടി ഭാരവാഹികൾ ക്രമീകരിച്ചിരുന്നു. ജന്തർ മന്ദിറിന് ഏകദേശം രണ്ട് കിലോമീറ്റർ അകലെയുള്ള ഷാംഗ്രി-ലാ ഹോട്ടലിന് സമീപമുള്ള അശോക റോഡിൽ വെച്ച് ഈ ബസുകൾ തടഞ്ഞു.
തുടർന്ന് രാജ്യതലസ്ഥാനത്ത് വലിയ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയും തൊരഞ്ഞെടുപ്പ് കമ്മീഷൻ മേധാവിയുടെ രാജി ആവശ്യപ്പെട്ട് മുദ്രാവാക്യം വിളിക്കുകയും ചെയ്തതിനെത്തുടർന്ന് നിരവധി പ്രതിപക്ഷ നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
അതേസമയം ഇന്നലെ രാഹുൽ ഗാന്ധിക്കും പ്രതിപക്ഷ എംപിമാർക്കുമെതിരായ പൊലീസ് അക്രമത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് ഇന്ന് രാജ്യവ്യാപകമായി കരിദിനം ആചാരിക്കുകയാണ്. പ്രതിപക്ഷ പ്രതിഷേധം കനത്തതോടെ വിവിധയിടങ്ങളിൽ നിന്ന് കൂടുതൽ സേന ഡൽഹിയിലേക്ക് കൊണ്ടുവരാനുള്ള നീക്കത്തിലാണ് കേന്ദ്ര സർക്കാർ.
ബ്രിക്സ് ഉച്ചകോടിക്കായി വിന്യസിച്ച സേന ഡൽഹി പൊലീസിനൊപ്പം തുടരുകയാണ് . അതിനിടെ, ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാഷ്ട്രപതിയെ കാണാൻ ഇൻഡ്യ മുന്നണി നേതാക്കൾ അനുമതി തേടിയിട്ടുണ്ട്. 15 നേതാക്കൾക്ക് അനുമതി നൽകണം എന്നാണ് ആവശ്യം.
Adjust Story Font
16

