'ആദ്യം ബംഗാൾ, പിന്നെ ഡൽഹി'; രണ്ടാം ഘട്ട വോട്ടെടുപ്പിന് മുമ്പ് ബിജെപിക്ക് മമതയുടെ മുന്നറിയിപ്പ്
തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് ബിജെപിക്ക് ഇത്ര ഉറപ്പ് ലഭിച്ച് വോട്ടിങ് മെഷീനിൽ തിരിമറി നടത്തിയതുകൊണ്ടാണോ എന്നും മമത ചോദിച്ചു

- Updated:
2026-04-24 15:11:52

കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിന് മുന്നോടിയായി ബിജെപിക്കെതിരെയുള്ള പോരാട്ടം കടുപ്പിച്ച് മുഖ്യമന്ത്രി മമത ബാനർജി. ബംഗാളിലെ തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം തന്റെ ലക്ഷ്യം ഡൽഹിയായിരിക്കുമെന്ന് മമത പറഞ്ഞു. ബംഗാൾ പിടിച്ചടക്കിയ ശേഷം താൻ ഡൽഹി കീഴടക്കുമെന്നാണ് മമതയുടെ പ്രഖ്യാപനം. വെള്ളിയാഴ്ച കൊൽക്കത്തയിൽ നടന്ന റാലിയിൽ സംസാരിക്കുകയായിരുന്നു അവർ.
''ബിജെപിക്ക് വേണ്ടി പ്രവർത്തിക്കുന്ന എല്ലാവരുടെയും പട്ടിക തയ്യാറാണ്. ബിജെപി പശ്ചാത്തലമുള്ളവരെ കൊണ്ടുവന്ന് നിങ്ങൾ ഉദ്യോഗസ്ഥരെ നിയമിച്ചു. പക്ഷേ ഓർക്കുക, ഞങ്ങളെ തോൽപ്പിക്കാൻ നിങ്ങൾക്ക് കഴിയില്ല. അനീതിക്കെതിരെയാണ് ഞങ്ങളുടെ പോരാട്ടം. ബംഗാളിലാണ് ഞാൻ ജനിച്ചത്, ബംഗാളിൽ തന്നെ മരിക്കുകയും ചെയ്യും. ബംഗാളിൽ മാത്രമല്ല, ഡൽഹിയിൽ നിന്നും ബിജെപിയെ പുറത്താക്കണം''- മമത പറഞ്ഞു.
ഝാൽഗ്രാമിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി 'ഝാൽ മുറി' (ബംഗാളി ലഘുഭക്ഷണം) കഴിക്കാനായി വാഹനം നിർത്തിയത് മുൻകൂട്ടി പ്ലാൻ ചെയ്ത നാടകമാണെന്ന് മമത ആരോപിച്ചു. ക്യാമറകളും സുരക്ഷാ ഉദ്യോഗസ്ഥരെയും നേരത്തെ തന്നെ അവിടെ സജ്ജമാക്കിയിരുന്നു. സുരക്ഷാ കാരണങ്ങളാൽ വീട്ടിൽ നിന്ന് തയ്യാറാക്കി കൊണ്ടുവന്ന ഭക്ഷണമാണ് അവിടെ വെച്ച് കഴിച്ചത്. കടക്കാരന് പത്ത് രൂപ കൊടുക്കുകയും ചെയ്തു. വോട്ട് പിടിക്കാനായി ആദ്യം 'ചായക്കാരൻ' പരിവേഷമായിരുന്നു, ഇപ്പോൾ അത് 'ഝാൽ മുറി' ആയി മാറിയിരിക്കുന്നു. നിങ്ങൾ ജയിച്ചാൽ ഝാൽ മുറി കഴിക്കുമെന്ന് പറയുന്നു, എന്നാൽ ഞാൻ നിങ്ങൾക്ക് ഡൽഹിയിൽ നിന്ന് 'ഭേൽപുരി' വിളമ്പുമെന്നും മമത പരിഹസിച്ചു.
ഭക്ഷണത്തെയും വ്യക്തിത്വത്തെയും രാഷ്ട്രീയവൽക്കരിക്കാനുള്ള ശ്രമങ്ങളെയും മമത വിമർശിച്ചു. ഞങ്ങൾക്ക് എരിവുള്ള ഝാൽ മുറി കഴിച്ചു ശീലമുണ്ട്. എന്നാൽ നിങ്ങൾ മീൻ കറിയോ ചിക്കൻ കറിയോ രുചിച്ചിട്ടുണ്ടോ? ഞാൻ ധോക്ലയും ദോശയും ലിറ്റിയും സത്തുവും ഒക്കെ കഴിക്കാറുണ്ട്. ഈദ് സമയത്ത് സേമിയയും ഹൽവയും കഴിക്കാറുണ്ട്. അതുകൊണ്ട് മതത്തെക്കുറിച്ച് എന്നെ പഠിപ്പിക്കാൻ വരേണ്ടെന്നും മമത പറഞ്ഞു.
Adjust Story Font
16
