Quantcast

'കൽക്കരി കുംഭകോണത്തിൽ അമിത് ഷാക്ക് പങ്ക്'; തെളിവുകൾ പുറത്തുവിടുമെന്ന് മമതാ ബാനർജി

ബിജെപി എംപി ജഗന്നാഥ് സർക്കാരിലൂടെയും ബംഗാൾ പ്രതിപക്ഷനേതാവ് സുവേന്ദു അധികാരിയിലൂടെയുമാണ് കൽക്കരി കുംഭകോണവുമായി ബന്ധപ്പെട്ട പണം അമിത് ഷായിലേക്ക് എത്തിയതെന്ന് മമത പറഞ്ഞു

MediaOne Logo
കൽക്കരി കുംഭകോണത്തിൽ അമിത് ഷാക്ക് പങ്ക്; തെളിവുകൾ പുറത്തുവിടുമെന്ന് മമതാ ബാനർജി
X

കൊൽക്കത്ത: കൽക്കരി കുംഭകോണത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്ക് പങ്കുണ്ടെന്ന ആരോപണവുമായി ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. തെരഞ്ഞെടുപ്പ് തന്ത്രങ്ങളൊരുക്കുന്ന കൺസൾട്ടൻസിയായ ഐപാക്കിന്റെ ഓഫീസിലും ഡയറക്ടർ പ്രതീക് ജെയ്‌നിന്റെ വസതിയിലും ഇഡി റെയ്ഡ് നടത്തിയതിന് പിന്നാലെ ബംഗാളിൽ ബിജെപി- തൃണമൂൽ പോര് മുറുകുകയാണ്. റെയ്ഡിൽ പ്രതിഷേധിച്ച് കൊൽക്കത്തയിൽ സംഘടിപ്പിച്ച റാലിയിലായിരുന്നു മമതയുടെ ആരോപണം.

തന്റെ കയ്യിൽ പെൻഡ്രൈവുകളുണ്ട്. വഹിക്കുന്ന സ്ഥാനത്തോടുള്ള ബഹുമാനംകൊണ്ടാണ് മൗനം പാലിക്കുന്നത്. അധികം സമ്മർദത്തിലാക്കരുത്. താൻ എല്ലാം വെളിപ്പെടുത്തും. രാജ്യം മുഴുവൻ ഞെട്ടിപ്പോകും. കൽക്കരി കുംഭകോണത്തിൽ നിന്നുള്ള പണമത്രയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായിലേക്കാണ് പോയത്. ബംഗാളിൽ നിന്നുള്ള ബിജെപി എംപി ജഗന്നാഥ് സർക്കാരിലൂടെയും ബംഗാൾ നിയമസഭയിലെ പ്രതിപക്ഷനേതാവ് സുവേന്ദു അധികാരിയിലൂടെയുമാണ് കൽക്കരി കുംഭകോണവുമായി ബന്ധപ്പെട്ട പണം അമിത് ഷായിലേക്ക് എത്തിയത്.

താൻ ഭരണഘടനാപരമായ പദവി വഹിക്കുന്നത് അവരുടെ ഭാഗ്യമാണ്. അതിനാലാണ് താൻ പെൻഡ്രൈവുകൾ പുറത്തെടുക്കാത്തത്. എല്ലാ പെൻഡ്രൈവുകളും തന്റെ കയ്യിലുണ്ട്. എല്ലാം താൻ തുറന്നുകാട്ടും. ഒരു പരിധിവരെ മാത്രമേ താൻ കാര്യങ്ങൾ സഹിക്കൂ...എല്ലാത്തിനും ഒരു പരിധിയുണ്ടെന്നും മമത ഓർമിപ്പിച്ചു.

കഴിഞ്ഞ ദിവസമാണ് ഐപാക്കിന്റെ ഓഫീസിലും ഡയറക്ടർ പ്രതീക് ജെയിനിന്റെ വസതിയിലും ഇഡി റെയ്ഡ് നടത്തിയത്. ഇതിനിടെ ഇവിടെയെത്തിയ മമത ബാനർജി ലാപ്‌ടോപ്പുകളും ഫയലുകളും കൊണ്ടുപോയതായി ഇഡി അധികൃതർ ആരോപിച്ചിരുന്നു. ഈ വർഷം അവസാനം നടക്കാനിരിക്കുന്ന ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിനായി തന്ത്രങ്ങൾ മെനയുന്നത് ഐപാക്ക് ആണ്. തന്റെ പാർട്ടിയുടെ തെരഞ്ഞെടുപ്പ് തന്ത്രങ്ങളും സ്ഥാനാർഥികളുടെ വിവരങ്ങളും ചോർത്താനാണ് ഇഡി റെയ്ഡ് എന്നായിരുന്നു മമതയുടെ ആരോപണം.

TAGS :

Next Story