'ആപ്പ് ഫോളോ ചെയ്തതുകൊണ്ട് മാത്രം കുറ്റക്കാരനാകില്ല: 'ബുള്ളി ഭായ്' കേസില്‍ അറസ്റ്റിലായ യുവാവിനെ വെറുതെവിട്ടു
ആപ്പ് നിർമ്മിക്കുന്നതിലോ അല്ലെങ്കിൽ സ്ത്രീകളുടെ ചിത്രങ്ങൾ പങ്കുവെക്കുന്നതിലോ വിശാൽ ഝായ്ക്ക് പങ്കുണ്ടെന്ന് തെളിയിക്കാൻ അന്വേഷണസംഘത്തിന് കഴിഞ്ഞിട്ടില്ലെന്ന് കോടതി

മുംബൈ: മുസ്‌ലിം സ്ത്രീകളെ അപകീർത്തികരമായ രീതിയിൽ 'ഓൺലൈൻ ലേലത്തിന്' വെച്ച 'ബുള്ളി ഭായ്' ആപ്പ് കേസിൽ അറസ്റ്റിലായ 25കാരനായ വിശാൽ ഝായെ മുംബൈ കോടതി കുറ്റവിമുക്തനാക്കി. കേസിൽ ആരോപിക്കപ്പെടുന്ന കുറ്റകൃത്യങ്ങളിൽ ഇയാൾക്ക് പങ്കുണ്ടെന്ന് തെളിയിക്കാൻ പര്യാപ്തമായ തെളിവുകളില്ലെന്ന് വ്യക്തമാക്കിയാണ് കോടതി നടപടി. 2022ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
ആപ്പ് നിർമ്മിക്കുന്നതിലോ അല്ലെങ്കിൽ സ്ത്രീകളുടെ ചിത്രങ്ങൾ പങ്കുവെക്കുന്നതിലോ വിശാൽ ഝായ്ക്ക് പങ്കുണ്ടെന്ന് തെളിയിക്കാൻ അന്വേഷണസംഘത്തിന് കഴിഞ്ഞിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു. ഒരു മൊബൈൽ ആപ്പ് അല്ലെങ്കിൽ സോഷ്യൽ മീഡിയ പേജ് വെറുതെ ഫോളോ ചെയ്തു എന്നതുകൊണ്ട് മാത്രം ഒരാൾ കുറ്റക്കാരനാകില്ലെന്നും മറ്റ് പ്രതികളുമായി സമ്പർക്കത്തിൽ ഉണ്ടായിരുന്നു എന്നത് കൊണ്ട് മാത്രം കുറ്റകൃത്യത്തിൽ പങ്കാളിയാണെന്ന് സ്ഥാപിക്കാൻ കഴിയില്ലെന്നും ബാന്ദ്ര മജിസ്‌ട്രേറ്റ് കോടതി വ്യക്തമാക്കി.
2022 ജനുവരിയിലാണ് നൂറിലധികം മുസ്‌ലിം സ്ത്രീകളുടെ ചിത്രങ്ങൾ അവരുടെ അനുമതിയില്ലാതെ ശേഖരിച്ച് അപകീർത്തികരമായ പരാമർശങ്ങളോടെ 'ബുള്ളി ഭായ്' എന്ന ആപ്പിൽ ഓൺലൈൻ ലേലത്തിന് വെച്ചത്. ഇതിന് ഏതാനും മാസങ്ങൾക്ക് മുൻപ്, 2021 ജൂലൈയിൽ സമാനമായ രീതിയിൽ 'സുള്ളി ഡീൽസ്' എന്ന ആപ്പിലൂടെയും എൺപതോളം മുസ്ലിം സ്ത്രീകളുടെ ചിത്രങ്ങൾ ദുരുപയോഗം ചെയ്തിരുന്നു. കേസ് ഉയർന്നുവന്ന സമയത്ത് ബെംഗളൂരുവിൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയായിരുന്ന വിശാൽ ഝായെ ആപ്പ് നിർമ്മാണത്തിൽ പങ്കുണ്ടെന്ന് ആരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
ശത്രുത വളർത്തൽ, മതവികാരം വ്രണപ്പെടുത്തൽ, സ്ത്രീകളെ പിന്തുടർന്ന് ശല്യപ്പെടുത്തൽ, അപകീർത്തിപ്പെടുത്തൽ, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ വകുപ്പുകൾ ഉൾപ്പെടുത്തി മുംബൈ സൈബർ സെല്ലാണ് കേസെടുത്തിരുന്നത്. കൂടാതെ ഐ.ടി ആക്റ്റിലെ വിവിധ വകുപ്പുകളും ചുമത്തിയിരുന്നു. എന്നാൽ, കുറ്റപത്രത്തിൽ ആരോപിക്കുന്നത് പോലെ വിശാൽ ആപ്പ് ഫോളോ ചെയ്യുക മാത്രമാണ് ചെയ്തതെന്നും ആപ്പ് ഉണ്ടാക്കുന്നതിലോ ചിത്രങ്ങൾ പ്രചരിപ്പിക്കുന്നതിലോ പങ്കില്ലെന്നും അഭിഭാഷകൻ കോടതിയിൽ വാദിച്ചു. ഈ വാദം അംഗീകരിച്ചാണ് കോടതി വിശാൽ ഝായെ കേസിൽ നിന്ന് ഒഴിവാക്കിയത്.
Adjust Story Font
16

