Quantcast

'സങ്കടമൊന്നുമില്ലല്ലോ...പെൺകുട്ടി ഹാപ്പിയാണല്ലോ'; പീഡനക്കേസിലെ പ്രതിയെ വെറുതെവിട്ട് കോടതിയുടെ വിചിത്ര വിധി

അതിജീവിതയായ പെൺകുട്ടി പ്രതിയുമായുള്ള വിവാഹ സൽക്കാര ചിത്രങ്ങളിൽ അതീവ സന്തോഷവതിയായി കാണപ്പെട്ടുവെന്നും കേസ് കെട്ടിച്ചമച്ചതാണെന്നും ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി

MediaOne Logo

Web Desk

  • Updated:

    2025-12-10 03:36:36.0

Published:

10 Dec 2025 9:02 AM IST

സങ്കടമൊന്നുമില്ലല്ലോ...പെൺകുട്ടി ഹാപ്പിയാണല്ലോ; പീഡനക്കേസിലെ പ്രതിയെ വെറുതെവിട്ട് കോടതിയുടെ വിചിത്ര വിധി
X

റാഞ്ചി: പതിനഞ്ചുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസിൽ പ്രതിയെ കുറ്റവിമുക്തനാക്കി ചണ്ഡീഗഡ് ജില്ലാ കോടതിയുടെ വിചിത്ര വിധി. അതിജീവിതയായ പെൺകുട്ടി പ്രതിയുമായുള്ള വിവാഹ സൽക്കാര ചിത്രങ്ങളിൽ അതീവ സന്തോഷവതിയായി കാണപ്പെട്ടുവെന്നും കേസ് കെട്ടിച്ചമച്ചതാണെന്നും ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി.

പീഡനത്തിനിരയായതായി ആരോപിക്കപ്പെടുന്ന സമയത്ത് പെൺകുട്ടി പ്രായപൂർത്തിയാകാത്ത ആളാണെന്ന് തെളിയിക്കാൻ മതിയായ രേഖകളില്ലെന്നും ബലാത്സംഗം നടന്നതായി കരുതാനാവില്ലെന്നും അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി ഡോ. യശികാ ശർമ്മ വിധിന്യായത്തിൽ വ്യക്തമാക്കുന്നു.

2023 മേയ് 12നാണ് പെണ്‍കുട്ടിയെ യുവാവ് വീട്ടില്‍ നിന്നും തട്ടിക്കൊണ്ട് പോകുകയും ബലാല്‍സംഗം ചെയ്യുകയും ചെയ്തത്.സംഭവ സമയത്ത് പെണ്‍കുട്ടിക്ക് 15 വയസായിരുന്നു പ്രായം. മേയ് 14ന് പെണ്‍കുട്ടിയുടെ പിതാവ് മകളെ കാണാനില്ലെന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തട്ടിക്കൊണ്ടു പോയതിന് പിന്നാലെ പെണ്‍കുട്ടിയെ ആചാരപ്രകാരം പ്രതി വിവാഹം കഴിക്കുകയായിരുന്നു.

പ്രതിക്കെതിരെ തട്ടിക്കൊണ്ടുപോകൽ, ബലാത്സംഗം, പോക്സോ എന്നീ വകുപ്പുകളാണ് ചുമത്തിയിരുന്നത്. പ്രതിഭാഗം ഹാജരാക്കിയ വിവാഹ ചിത്രങ്ങളിലും 200 പേർ പങ്കെടുത്ത വിവാഹ സൽക്കാരത്തിൻ്റെ ചിത്രങ്ങളിലും അതിജീവിത സന്തോഷവതിയായിട്ടാണ് കാണപ്പെട്ടത്. പീഡനം നടന്നതിൻ്റെ യാതൊരു സങ്കടവും പെൺകുട്ടിയിൽ കാണാനില്ലെന്നും കോടതി നിരീക്ഷിച്ചു.

പെൺകുട്ടിയും പ്രതിയും തമ്മിലുള്ള ബന്ധം സ്വമേധയാ ഉള്ളതായിരുന്നെന്ന് കോടതി വിലയിരുത്തി. പെൺകുട്ടിയുടെ ഇഷ്ടപ്രകാരമല്ലാതെ പ്രതി ശാരീരിക ബന്ധം സ്ഥാപിച്ചുവെന്ന് വിശ്വസിക്കാൻ കഴിയില്ല. പെൺകുട്ടിയുടെ വീടും പ്രതിയുടെ വീടും തമ്മിൽ ഏതാനും വീടുകളുടെ വ്യത്യാസം മാത്രമേ ഉണ്ടായിരുന്നുള്ളൂ. പെൺകുട്ടിയെ ഇഷ്ടമില്ലാതെയാണ് കൊണ്ടുപോയതെങ്കിൽ സ്വന്തം വീട്ടിലേക്ക് ഓടിപ്പോകാൻ അവൾക്ക് എല്ലാ അവസരവുമുണ്ടായിരുന്നെന്നും കോടതി നിരീക്ഷിച്ചു.

അതിജീവിതയുടെയും പിതാവിൻ്റെയും മൊഴികളിൽ വൈരുധ്യങ്ങൾ ഉണ്ടായിരുന്നു. ഇത് കേസിൻ്റെ വിശ്വാസ്യതയെ ചോദ്യം ചെയ്തു. എന്നാൽ, രണ്ടു വർഷമായി താൻ പ്രതിയുടെ കസ്റ്റഡിയിലായിരുന്നുവെന്നും തൻ്റെ സമ്മതമില്ലാതെയാണ് ലൈംഗികബന്ധത്തിലേർപ്പെട്ടതെന്നും അതിജീവിത മൊഴി നൽകിയിരുന്നു. മൊഴികളിലെ വൈരുധ്യം ചൂണ്ടിക്കാട്ടി പ്രോസിക്യൂഷൻ്റെ വാദം തള്ളിക്കളഞ്ഞ കോടതി പ്രതിയെ വെറുതെവിടുകയായിരുന്നു.

TAGS :

Next Story