'ഇന്ത്യയിൽ സ്വകാര്യതയെന്നത് വെറുമൊരു തമാശയാണ്'; ഭേൽപുരി പൊതിഞ്ഞ കടലാസ് കണ്ട് ഞെട്ടി യുവാവ്
"ഭേൽപുരി വിൽക്കുന്നവരെ നമ്മൾ ഉടൻ തന്നെ റോ ഏജന്റുമാരായി നിയമിച്ചു തുടങ്ങണം" എന്നാണ് ഒരാൾ തമാശരൂപേണ കമൻ്റ് ചെയ്തത്.

- Published:
25 May 2026 9:09 AM IST

മുംബൈ: വഴിയോരക്കച്ചവടക്കാരിൽ നിന്നും വാങ്ങുന്ന പലഹാരങ്ങൾ പലപ്പോഴും പഴയ പത്രങ്ങളിലോ മാസികകളിലോ ഒക്കെ പൊതിഞ്ഞു കിട്ടാറുണ്ട്. എന്നാൽ മുംബൈയിലെ ഒരു യുവാവ് 20 രൂപയുടെ ഭേൽപുരി വാങ്ങിയപ്പോൾ പൊതിഞ്ഞു കിട്ടിയ കടലാസ് കണ്ട് ഞെട്ടിയിരിക്കുകയാണ്. വെറും 20 രൂപ കൊടുത്ത് ഒരു ഭേൽപുരി വാങ്ങിയപ്പോൾ, കൂടെ സൗജന്യമായി കിട്ടിയത് മറ്റൊരാളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ! കേൾക്കുമ്പോൾ തമാശയായി തോന്നാം. മുംബൈയിലെ ഒരു വഴിയോരക്കച്ചവടക്കാരനിൽ നിന്ന് ഒരു യുവാവ് വാങ്ങിയ പലഹാരം പൊതിഞ്ഞു നൽകിയത്, വളരെ സുപ്രധാനമായ വിവരങ്ങളുള്ള ഒരു ബാങ്ക് സ്റ്റേറ്റ്‌മെന്റിലായിരുന്നു. ഈ സംഭവം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരിക്കുകയാണ്.
'സുധാൻഷു' എന്ന എക്സ് ഉപയോക്താവാണ് തനിക്കുണ്ടായ ഈ അനുഭവം ചിത്രങ്ങൾ സഹിതം പങ്കുവെച്ചത്. ഉപഭോക്താവിൻ്റെ പേര്, അക്കൗണ്ട് നമ്പർ, നടത്തിയ പണമിടപാടുകൾ തുടങ്ങിയ സുപ്രധാന വിവരങ്ങളെല്ലാം ആ പേപ്പറിൽ വ്യക്തമായി കാണാമായിരുന്നു.
വൈറലായ എക്സ് (X) പോസ്റ്റിൽ പറയുന്നതിങ്ങനെ: "വഴിയോരക്കച്ചവടക്കാരനിൽ നിന്ന് 20 രൂപയ്ക്ക് ഭേൽ വാങ്ങി. അത് മറ്റൊരാളുടെ രണ്ടു പേജുള്ള ബാങ്ക് സ്റ്റേറ്റ്‌മെൻ്റിലാണ് പൊതിഞ്ഞിരുന്നത്. പേര്, അക്കൗണ്ട് നമ്പർ, ഇടപാടുകൾ... എല്ലാം വളരെ സാധാരണമായി അതിലുണ്ട്. ഇന്ത്യയിൽ സ്വകാര്യത എന്നത് തീർത്തും ഒരു തമാശയാണ്."
പോസ്റ്റ് ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഇൻ്റർനെറ്റിൽ വൈറലായി മാറി. രണ്ട് ദിവസം മുമ്പ് പങ്കുവെച്ച ഈ പോസ്റ്റ് ഇതിനോടകം 59,000-ത്തിലധികം ആളുകൾ കണ്ടുകഴിഞ്ഞു. നിരവധി പേരാണ് ഇതിന് താഴെ രസകരവും എന്നാൽ ആശങ്കാജനകവുമായ പ്രതികരണങ്ങളുമായി എത്തിയത്. ചിലർ മെഡിക്കൽ റിപ്പോർട്ടുകളിൽ പലഹാരങ്ങൾ പൊതിഞ്ഞു കിട്ടിയ സ്വന്തം അനുഭവങ്ങൾ പങ്കുവെച്ചു. "ഭേൽപുരി വിൽക്കുന്നവരെ നമ്മൾ ഉടൻ തന്നെ റോ ഏജന്റുമാരായി നിയമിച്ചു തുടങ്ങണം" എന്നാണ് ഒരാൾ തമാശരൂപേണ കമൻ്റ് ചെയ്തത്.
ഇന്ത്യയിൽ വർധിച്ചുവരുന്ന ബാങ്കിംഗ്, ഓൺലൈൻ തട്ടിപ്പുകൾക്ക് പിന്നിലെ ഒരു പ്രധാന കാരണം നമ്മുടെ ഇത്തരം അശ്രദ്ധകളാണെന്നും പലരും ചൂണ്ടിക്കാട്ടുന്നു.രസകരമായ കമന്റുകൾക്കൊപ്പം, വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾ കൈകാര്യം ചെയ്യുന്നതിൽ ഇന്ത്യയിലുള്ള അലംഭാവത്തെക്കുറിച്ചുള്ള ഗൗരവമായ ചർച്ചകൾക്കും ഈ 'ഭേൽപുരി കടലാസ്' വഴിയൊരുക്കിയിരിക്കുകയാണ്. അതേസമയം, യുവാവ് വാങ്ങിയത് ഭേൽപുരി അല്ലെന്നും ഇത് വെറും പൊരിയും ബിസ്‌കറ്റും മാത്രമാണ്. ആ കച്ചവടക്കാരൻ നിങ്ങളെ പറ്റിച്ചെന്നും മറ്റൊരാള്‍ കമന്‍റ് ചെയ്തു.
Adjust Story Font
16
