ലിവിങ് ടുഗദർ പങ്കാളിയെ അടിച്ചുകൊന്ന യുവാവ് പൊലീസ് കസ്റ്റഡിയിൽ ഹൃദയാഘാതം മൂലം മരിച്ചു
മൂന്ന് മാസമായി ലിവിങ് ടുഗദർ ബന്ധത്തിലായിരുന്നു ഇരുവരും.

അഹമ്മദാബാദ്: ലിവിങ് ടുഗദർ പങ്കാളിയെ കൊലപ്പെടുത്തിയ യുവാവ് ഹൃദയാഘാതത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിൽ മരിച്ചു. ഗുജറാത്തിലെ സൗരാഷ്ട്രയിലാണ് സംഭവം. 20കാരിയായ പുഷ്പാദേവിയാണ് കൊല്ലപ്പെട്ടത്.
യുവതിയുടെ കൊലപാതകത്തിൽ പിടിയിലായ മധ്യപ്രദേശ് സ്വദേശി നരേന്ദ്രസിങ് ധ്രുവേലാണ് കസ്റ്റഡിയിലിരിക്കെ മരിച്ചത്. മൂന്ന് മാസമായി ലിവിങ് ടുഗദർ ബന്ധത്തിലായിരുന്നു ഇരുവരും. ഒരുമിച്ച് താമസിച്ചിരുന്ന സൗരാഷ്ട്രയിലെ ഒരു ലേബർ ക്വാർട്ടേഴ്സിലായിരുന്നു കൊലപാതകം.
കഴിഞ്ഞദിവസം ഇരുവരും തമ്മിലുള്ള വാക്കുതർക്കത്തിനിടെ, യുവാവ് മരക്കമ്പ് കൊണ്ടും ബെൽറ്റ് കാെണ്ടും പുഷ്പാദേവിയെ മർദിക്കുകയായിരുന്നു. അതുകൊണ്ടും തീരാതെ, യുവതിയുടെ മുഖത്ത് ഇയാൾ കടിക്കുകയും ചെയ്തു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ യുവതി അവിടെവച്ച് തന്നെ മരണത്തിന് കീഴടങ്ങി.
വിവരമറിഞ്ഞ് പൊലീസ് ഉടൻ സ്ഥലത്തെത്തുകയും യുവതിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയയ്ക്കുകയും ചെയ്തു. ശരീരത്തിലേറ്റ പരിക്കുകളാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു.
തുടർന്ന്, പൊലീസ് ധ്രുവേലിനെ അറസ്റ്റ് ചെയ്യുകയും ഇയാൾ കുറ്റം സമ്മതിക്കുകയും ചെയ്തു. കൂടുതൽ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിൽ വാങ്ങിയ പ്രതിക്ക് ഞായറാഴ്ച പുലർച്ചെ നാല് മണിയോടെ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. പൊലീസുകാർ ഉടൻ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിക്കുകയായിരുന്നു.
Adjust Story Font
16

