കുടുംബ വഴക്ക്; ഹൈദരാബാദിൽ അഞ്ച് മാസം ഗർഭിണിയായ ഭാര്യയെ വെട്ടിനുറുക്കി പുഴയിൽ തള്ളി ഭർത്താവ്
തെലങ്കാന സ്വദേശി സ്വാതി(21)യാണ് കൊല്ലപ്പെട്ടത്

ഹൈദരാബാദ്: കുടുംബവഴക്കിനെത്തുടർന്ന് അഞ്ച് മാസം ഗർഭിണിയായ ഭാര്യയെ വെട്ടിക്കൊന്ന് ശരീരഭാഗങ്ങൾ ഭർത്താവ് പുഴയിൽ തള്ളി. തെലങ്കാന സ്വദേശി സ്വാതി(21)യാണ് കൊല്ലപ്പെട്ടത്. ഭർത്താവ് മഹേന്ദർ റെഡ്ഡി നിലവിൽ പൊലീസ് കസ്റ്റഡിയിലാണ്. ശനിയാഴ്ച രാത്രിയോടെയാണ് സംഭവം.
ഇരുവരും ആഗസ്റ്റ് 22ന് വികാരാബാദിലെ മെഡിക്കൽ ചെക്കപ്പിനുശേഷം മാതാപിതാക്കൾ താമസിക്കുന്ന വീട്ടിലേക്ക് പോകുമെന്ന് സ്വാതി പറഞ്ഞിരുന്നു. എന്നാൽ മോഹൻ റെഡ്ഡി ഇത് സമ്മതിച്ചില്ല. ഇതിനെത്തുടർന്നുണ്ടായ കലഹമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന.
യുവതിയെ വെട്ടിക്കൊലപ്പെടുത്തിയശേഷം കഷ്ണങ്ങളായി വെട്ടിനുറുക്കി പുഴയിൽ ഉപേക്ഷിക്കുകയായിരുന്നു. ആക്സോ ബ്ലേഡ് ഉപയോഗിച്ചാണ് ശരീരഭാഗങ്ങൾ മുറിച്ചത്. തടർന്ന് ഇവ ബാഗിലാക്കി മുസി നദയിൽ ഉപേക്ഷിക്കുകയായിരുന്നു. യുവതിയുടെ തലയും കൈയും കാലുകളുമാണ് പ്ലാസ്റ്റിക് കവറുകളിലാക്കി പുഴയിൽ ഉപേക്ഷിച്ചത്. മഹേന്ദർ റെഡ്ഡി ശരീരഭാഗങ്ങളുമായി വീടിന് പുറത്തേക്കിറങ്ങുന്നത് സമീപത്തെ സിസി ടിവിയിൽ പതിഞ്ഞിട്ടുണ്ട്. വീട്ടിൽ നിന്ന് കണ്ടെടുത്ത ശരീരാവശിഷ്ടങ്ങൾ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മറ്റ് ശരീരാവശിഷ്ടങ്ങൾക്കായി പുഴയിൽ തിരച്ചിൽ തുടരുകയാണ്.
തലയില്ലാത്ത യുവതിയുടെ മൃതദേഹം ഇയാൾ മുറിയിൽ സൂക്ഷിച്ചിരുന്നു. ഇത് പൊലീസ് കണ്ടെടുത്തു. കൊലപാതകത്തിന് ശേഷം ഭാര്യയെ കാണാനില്ലെന്ന് മഹേന്ദർ റെഡ്ഡി ഭാര്യസഹോദരിയെ വിളിച്ച് പറഞ്ഞിരുന്നു. എന്നാൽ ഇതിൽ സംശയം തോന്നിയ സഹോദരി ബന്ധുവിനെ വിളിച്ച് വിവരം പറയുകയും ബന്ധു മഹേന്ദറിനേയും കൂട്ടി സ്റ്റേഷനിൽ ഹാജരാവുകയുമായിരുന്നു. എന്നാൽ പൊലീസ് ആദ്യം ചോദ്യം ചെയ്തപ്പോൾ കൊലപാതകം ചെയ്ത വിവരം ഇയാൾ സമ്മതിച്ചിരുന്നില്ല. ഭാര്യയെ കാണാനില്ലെന്ന വാദത്തിൽ ഉറച്ച് നിൽക്കുകയായിരുന്നു. തുടർച്ചയായ ചോദ്യം ചെയ്യലിന് ഒടുവിലാണ് ഇയാൾ കുറ്റം സമ്മതിച്ചത്.
മഹേന്ദറുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ബി.എൻ.എസ് പ്രകാരം കൊലപാതകം, തെളിവ് നശിപ്പിക്കൽ എന്നീ വകുപ്പുകൾ പ്രകാരം പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. നിലവിൽ ഇയാൾ പൊലീസ് കസ്റ്റഡിയിലാണ്. തെലങ്കാനയിലെ വികാരബാദ് ജില്ലയിലെ താമസക്കാരായ മഹേന്ദ്രയുടേയും സ്വാതിയുടെയും പ്രണയവിവാഹമായിരുന്നു. വിവാഹത്തിന് ശേഷം ഇരുവരും ഹൈദരാബാദിലേക്ക് താമസം മാറ്റി. വിവാഹം കഴിഞ്ഞ് ഒരു മാസത്തിന് ശേഷം തന്നെ ഇരുവരും തമ്മിൽ അസ്വാരസ്യങ്ങളുണ്ടായിരുന്നു. 2024 ഏപ്രിലിൽ മഹേന്ദറിനെതിരെ വികാരാബാദ് പൊലീസിൽ സ്വാതി ഗാർഹിക പീഡനത്തിന് കേസും നൽകിയിരുന്നു. എന്നാൽ പിന്നീട് നടന്ന മധ്യസ്ഥ ചർച്ചകളെത്തുടർന്ന് ഇരുവരും ഒരുമിച്ച് ജീവിക്കാൻ തീരുമാനിക്കുകയായിരുന്നു. ഹൈദരാബാദിലെ ഒരു സ്വകാര്യ കോൾ സെന്‍ററിൽ സ്വാതി മൂന്ന് മാസത്തോളം ജോലി ചെയ്തിരുന്നു. എന്നാൽ മഹേന്ദറിന്റെ സംശയത്തെ തുടർന്ന് ഈ ജോലി ഉപേക്ഷിക്കുകയായിരുന്നു.
Adjust Story Font
16

