മോർച്ചറിയിൽ സ്ത്രീയുടെ മൃതദേഹത്തെ ലൈംഗികമായി പീഡിപ്പിച്ചു; ഒരു വർഷത്തിന് ശേഷം പ്രതി അറസ്റ്റിൽ
മൃതദേഹത്തെ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ പ്രചരിച്ചതോടെ മെഡിക്കൽ ഓഫീസർ പരാതി നൽകുകയായിരുന്നു.

Photo| Special Arrangement
ഭോപ്പാൽ: മോർച്ചറിയിൽ പോസ്റ്റ്മോർട്ടത്തിനായി സൂക്ഷിച്ച മൃതദേഹത്തെ ലൈംഗികമായി പീഡിപ്പിച്ച യുവാവ് ഒരു വർഷത്തിന് ശേഷം അറസ്റ്റിൽ. മധ്യപ്രദേശിലെ ബുർഹാൻപൂർ ജില്ലയിലെ ഖാക്നർ കമ്യൂണിറ്റി ഹെൽത്ത് സെന്ററിലായിരുന്നു ഞെട്ടിക്കുന്ന സംഭവം. ഒരു വർഷം മുമ്പ് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നത്. ഇതിനുപിന്നാലെ പ്രതിയെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യുകയായിരുന്നു.
മൃതദേഹത്തെ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ പ്രചരിച്ചതോടെ മെഡിക്കൽ ഓഫീസർ ഡോ. ആദ്യ ദവാർ പരാതി നൽകുകയായിരുന്നെന്ന് എഎസ്പി അന്ദർ സിങ് കനേഷ് പറഞ്ഞു. തുടർന്ന് നടത്തിയ പ്രാഥമികാന്വേഷണത്തിൽ, 2024 ഏപ്രിൽ 18ന് പുലർച്ചെ 6.45നാണ് സംഭവം നടന്നതെന്ന് വ്യക്തമായി.
ഒരാൾ മോർച്ചറിയിലെ സ്ട്രറ്റ്ച്ചറിൽ നിന്ന് മൃതദേഹം താഴേക്ക് വലിച്ചിട്ട ശേഷം വലിച്ചിഴച്ചുകൊണ്ടുപോവുന്നത് ദൃശ്യങ്ങളിൽ കാണാം. സംഭവത്തിൽ എസ്പി ദേവേന്ദ്ര പടീദാരിന്റെയും സബ് ഡിവിഷനൽ ഓഫീസർ നിർഭയ് സിങ് അലാവയുടേയും നിർദേശപ്രകാരം ഒരു അന്വേഷണം സംഘം രൂപീകരിച്ച് പൊലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു.
സ്റ്റേഷൻ ഹൗസ് ഓഫീസർ അഭിഷേക് ജാധവിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ താൻഗിയാപട്ട് സ്വദേശിയായ 25കാരൻ നീലേഷ് ഭിലാലയാണ് പ്രതിയെന്ന് വ്യക്തമായി. തുടർന്ന്, ഇയാളെ പൊലീസ് പിടികൂടുകയായിരുന്നു. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു. പ്രതിയെ ബുർഹാൻപൂരിലെ പ്രാദേശിക കോടതിയിൽ ഹാജരാക്കി. ആരോഗ്യ കേന്ദ്രത്തിലെ പോസ്റ്റ്‌മോർട്ടം വിഭാഗത്തിൽ പ്രതി എങ്ങനെ പ്രവേശിച്ചുവെന്ന് കണ്ടെത്താൻ അന്വേഷണം തുടരുകയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
Adjust Story Font
16

