ഗൂഗിൾ ജീവനക്കാരനെന്ന് ചമഞ്ഞ് മാട്രിമോണിയൽ തട്ടിപ്പ്; യുവതിയുടെ കയ്യിൽ നിന്നും തട്ടിയെടുത്തത് 27.4 ലക്ഷം രൂപ
സംഭവത്തിൽ നിഖിൽ ദീപക് ദാൽവി എന്ന യുവാവിനെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു

മുംബൈ: ഗൂഗിൾ ജീവനക്കാരനെന്ന് ചമഞ്ഞ് മാട്രിമോണി സൈറ്റിൽ പരിചയപ്പെട്ട യുവതിയുടെ കയ്യിൽ നിന്നും 27.4 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. സംഭവത്തിൽ നിഖിൽ ദീപക് ദാൽവി എന്ന യുവാവിനെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു.
"രണ്ട് വർഷം മുമ്പ് ഒരു സ്വകാര്യ മാട്രിമോണിയൽ സൈറ്റ് വഴിയാണ് ദാൽവി യുവതിയെ പരിചയപ്പെടുന്നത്, കാലക്രമേണ ഇരുവരും പതിവ് ചാറ്റുകളിലൂടെയും കോളുകളിലൂടെയും പരസ്പരം അടുത്തു.താൻ മുംബൈയിലെ ഘാട്കോപ്പറിലാണ് താമസിക്കുന്നതെന്നും ഗൂഗിളിലാണ് ജോലി ചെയ്യുന്നതെന്നും ഒരു കോടി രൂപയാണ് വാര്‍ഷിക പാക്കേജെന്നുമാണ് ഇയാൾ യുവതിയോട് പറഞ്ഞത്'' പൊലീസ് പറയുന്നു. ഗ്രാമത്തിലെ വീടിനടുത്തുള്ള റോഡ് വീതി കൂട്ടുന്നതുമായി ബന്ധപ്പെട്ട അടിയന്തര ചെലവുകൾ ചൂണ്ടിക്കാട്ടിയാണ് പ്രതി സ്ത്രീയോട് സാമ്പത്തിക സഹായം ആവശ്യപ്പെട്ടത്.ഒരു ഓൺലൈൻ തട്ടിപ്പ് കാരണം തന്‍റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചെന്നും ദാൽവി യുവതിയോട് പറഞ്ഞു. യുവതിയെ വിശ്വസിപ്പിക്കുന്നതിനായി തന്‍റെ അക്കൗണ്ടിൽ 78 ലക്ഷത്തിലധികം രൂപ ബാലൻസ് കാണിക്കുന്ന ഒരു സ്ക്രീൻഷോട്ടും ഒരു ഗൂഗിൾ ജീവനക്കാരന്‍റെ ഐഡിയും കാണിച്ചു. ഇത് വിശ്വസിച്ച യുവതി നിഖിലിന്‍റെ അക്കൗണ്ടിലേക്ക് 70,000 രൂപ ട്രാൻസ്ഫര്‍ ചെയ്തു.
തുടര്‍ന്നുള്ള മാസങ്ങളിൽ 21 ഓണ്‍ലൈൻ ഇടപാടുകൾ വഴി യുവതി പ്രതിക്ക് പണം അയച്ചു. യുവതിയെ വിവാഹം കഴിക്കാനെന്ന വ്യാജേനെ നിഖിൽ പൂനെയിലുള്ള യുവതിയുടെ മാതാപിതാക്കളെ പോലും സന്ദര്‍ശിച്ചിരുന്നു. ഈ സംഭവത്തോടെ യുവതിക്ക് നിഖിലിനെ കൂടുതൽ വിശ്വാസമായി. ജനുവരിയിൽ നവി മുംബൈയിൽ നിന്നുള്ള ഒരു സ്ത്രീയുടെ ഫോൺ കോൾ ലഭിച്ചതോടെയാണ് യുവതിക്ക് സംശയമായത്. പ്രസ്തുത സ്ത്രീയിൽ നിന്നും നിഖിൽ പണം കൈപ്പറ്റിയിരുന്നു. മാട്രിമോണിയൽ സൈറ്റ് വഴിയാണ് നിഖിലിനെ പരിചയപ്പെട്ടതെന്നും വിവാഹവാഗ്ദാനം നൽകി പണം തട്ടിയെടുത്തെന്നും സ്ത്രീ പറഞ്ഞു. ഇതോടെ യുവതി പൊലീസിനെ സമീപിക്കുകയായിരുന്നു. ദാൽവിക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ദാൽവി നിരവധി സ്ത്രീകളെ കബളിപ്പിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. സമാനമായ ഒരു കേസിൽ നവി മുംബൈ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയും പ്രാദേശിക കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയും ചെയ്തിട്ടുണ്ട്. ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുക്കാൻ മുംബൈ പൊലീസ് തയ്യാറെടുക്കുകയാണെന്ന് ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.
Adjust Story Font
16

