Quantcast

വൈറലാകാനല്ല, വഴിവിളക്കാകാൻ'; തിരക്കേറിയ റോഡിലെ നടപ്പാതയിലിരുന്ന് തെരുവിലെ കുഞ്ഞുങ്ങളെ പഠിപ്പിച്ച് യുവാവ്

ബ്ലാക്ക്ബോർഡോ, മറ്റ് സജ്ജീകരണമോ ഒന്നുമില്ലാതെയാണ് നിലത്തിരുന്നാണ് യുവാവ് കുഞ്ഞുങ്ങളെ പഠിപ്പിക്കുന്നത്

MediaOne Logo

Web Desk

  • Published:

    17 Feb 2026 10:49 AM IST

വൈറലാകാനല്ല, വഴിവിളക്കാകാൻ; തിരക്കേറിയ റോഡിലെ നടപ്പാതയിലിരുന്ന് തെരുവിലെ കുഞ്ഞുങ്ങളെ പഠിപ്പിച്ച് യുവാവ്
X

ന്യൂഡല്‍ഹി: റീലുകൾക്കും വൈറൽ വീഡിയോകൾക്കും പിന്നാലെ ലോകം പായുകയാണ്. ചെയ്യുന്ന ഏതൊരു കാര്യവും സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച് ലൈക്കും ഷെയറും വാങ്ങുന്നതിനാലാണ് കൂടുതല്‍ പേര്‍ക്കും താല്‍പര്യം. എന്നാൽ, കാമറക്കണ്ണുകളെയും കൈയടികളെയും കൊതിക്കാതെ, നിശബ്ദമായി നന്മ ചെയ്യുന്ന ചില മനുഷ്യരുണ്ട്.

ആഡംബരങ്ങളില്ലാത്ത, വലിയ പരസ്യങ്ങളില്ലാത്ത തിരക്കേറിയ നടപ്പാത ഒരു ക്ലാസ് മുറിയാക്കി അവിടെ അക്ഷര വെളിച്ചം പകരുകയാണ് ഒരു യുവാവ്. ഡൽഹിയിലെ തിരക്കേറിയ റോഡിലെ നടപ്പാതയിലിരുന്ന് തെരുവിലെ കുഞ്ഞുങ്ങള്‍ക്ക് അറിവിന്റെ ലോകം തുറന്നുകൊടുക്കുന്ന യുവാവാണ് ഇപ്പോൾ സോഷ്യല്‍മീഡിയയുടെ ഹൃദയം കീഴടക്കുന്നത്. സൗത്ത് ഡൽഹിയിലെ ഷെയ്ഖ് സരായിയിലെ നടപ്പാതയിലിരുന്ന് കുട്ടികളെ പഠിപ്പിക്കുന്ന യുവാവിന്റെ ദൃശ്യങ്ങൾ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.

അൻഷു കുമാർ എന്നയാളാണ് ഈ ദൃശ്യങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. ആളുകളും വാഹനങ്ങളും നിരന്തരം കടന്നുപോകുന്ന തിരക്കേറിയ റോഡരികിലെ നടപ്പാതയിലാണ് യുവാവ് ഇരിക്കുന്നത്. അദ്ദേഹത്തിന്‍റെ ചുറ്റും കുട്ടികള്‍ ഇരിക്കുന്നുണ്ട്. അവരുടെ കൈയില്‍ നോട്ടുബുക്കും പേനയുമുണ്ട്. ബ്ലാക്ക്ബോർഡോ, ഔപചാരികമായ സജ്ജീകരണമോ ഒന്നുമില്ലാതെയാണ് നിലത്തിരുന്നാണ് യുവാവ് കുഞ്ഞുങ്ങളെ പഠിപ്പിക്കുന്നത്. കുട്ടികൾ തങ്ങളുടെ ചെറിയ മടിയില്‍ പുസ്തകങ്ങൾ വെച്ച് വളരെ ശ്രദ്ധയോടെ പഠിക്കുന്നത് വിഡിയോയിൽ കാണാം. "തിരക്കിട്ട ലോകത്ത് നിന്നുള്ള നന്ദി" എന്ന കുറിപ്പോടെയാണ് വിഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്.

പ്രശസ്തിക്കോ കൈയടിക്കോ വേണ്ടിയല്ല, മറിച്ച് മനുഷ്യത്വത്തിന്റെ പേരിലാണ് അദ്ദേഹം ഇത് ചെയ്യുന്നതെന്ന് വീഡിയോയിൽ പറയുന്നു. നിരവധി പേരാണ് യുവാവിനെ അഭിനന്ദിച്ച് വിഡിയോക്ക് താഴെ കമന്‍റ് ചെയ്തിരിക്കുന്നത്. യഥാർത്ഥ വിദ്യാഭ്യാസം ഇതാണെന്നും ഇത്തരം മനുഷ്യരാണ് ലോകത്തിന് മാതൃകയെന്നും പറഞ്ഞ് ആയിരക്കണക്കിന് ആളുകളാണ് അദ്ദേഹത്തെ അഭിനന്ദിക്കുന്നത്.'തിരക്കുപിടിച്ച ഈ ലോകത്ത് മറ്റുള്ളവർക്ക് വേണ്ടി അല്പസമയം മാറ്റിവെക്കാൻ തയ്യാറായ ഈ യുവാവ് വലിയൊരു സന്ദേശമാണ് സമൂഹത്തിന് നൽകുന്നത് '. റീലുകളും പ്രശസ്തിയും മാത്രം നോക്കുന്ന ഈ ലോകത്ത്, അദ്ദേഹം തനി തങ്കമാണ്..', ക്ലാസ് മുറിയില്ലെങ്കിലും അദ്ദേഹത്തിനൊരു ഹൃദയമുണ്ട്..',എല്ലാ നഗരങ്ങളിലും അദ്ദേഹത്തെപ്പോലുള്ള കൂടുതൽ ആളുകൾ ആവശ്യമാണ്'..എന്നിങ്ങനെ പോകുന്ന കമന്‍റുകള്‍



TAGS :

Next Story