'നിന്നെ പുറത്ത് കിട്ടും, ജീവനോടെ എങ്ങനെ വീട്ടിൽ പോവുമെന്ന് നോക്കാം'; കോടതിക്കുള്ളിൽ വനിതാ ജഡ്ജിക്ക് നേരെ പ്രതിയുടെ വധഭീഷണി
കേസിൽ ശിക്ഷ വിധിച്ച ജഡ്ജിക്കു നേരെയാണ് പ്രതിയിൽനിന്നും ഭീഷണിയും അധിക്ഷേപവും ഉണ്ടായത്.

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് കോടതിക്കുള്ളിൽ വനിതാ ജഡ്ജിക്ക് നേരെ വധഭീഷണിയുമായി ചെക്ക് കേസ് പ്രതി. കേസിൽ ശിക്ഷ വിധിച്ച ജഡ്ജിക്കു നേരെയാണ് പ്രതിയിൽനിന്നും ഭീഷണിയും അധിക്ഷേപവും ഉണ്ടായത്.
ഏപ്രിൽ രണ്ടിനു നടന്ന സംഭവം ഇപ്പോഴാണ് പുറത്തുവരുന്നത്. ചെക്ക് ബൗൺസ് കേസ് പ്രതിയായ അതുൽ കുമാർ ആണ്, നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്സ് ആക്ടിലെ സെക്ഷൻ 138 പ്രകാരം തന്നെ ശിക്ഷിച്ച ജുഡീഷ്യൽ മജിസ്ട്രേറ്റ് (എൻഐ ആക്ട്) ശിവാംഗി മംഗ്ലയെ ഭീഷണിപ്പെടുത്തിയത്.
ശിക്ഷ വിധിച്ച ജഡ്ജി, ക്രിമിനൽ നടപടിക്രമ നിയമത്തിലെ (സിആർപിസി) സെക്ഷൻ 437 എ പ്രകാരം ജാമ്യ ബോണ്ട് കെട്ടിവയ്ക്കാൻ പ്രതിയോട് നിർദേശിച്ചു. ഇതോടെ, പ്രകോപിതനായ പ്രതി ജഡ്ജിക്കു നേരെ കൈയിൽ കിട്ടിയ ഒരു സാധനമെടുത്ത് എറിഞ്ഞു. തുടർന്ന് വിധി തനിക്ക് അനുകൂലമായി മാറ്റാൻ വേണ്ടത് ചെയ്യൂ എന്ന് അഭിഭാഷകനോട് പറയുകയും ചെയ്തു.
അതിനു ശേഷമായിരുന്നു ഭീഷണി. നീ ആരാണ്? 'നിന്നെ പുറത്തുവച്ച് ഞാൻ കണ്ടോളാം. നീ എങ്ങനെ ജീവനോടെ വീട്ടിലേക്ക് തിരിച്ചുപോവുമെന്ന് നോക്കാം'- പ്രതി ഭീഷണി മുഴക്കി.
പ്രതിയും ഇയാളുടെ അഭിഭാഷകനായ അതുൽ കുമാറും തന്നെ ഭീഷണിപ്പെടുത്തുക മാത്രമല്ല, സ്ഥാനത്ത് നിന്ന് രാജിവയ്ക്കാൻ മാനസികവും ശാരീരികവുമായ പീഡനത്തിന് വിധേയയാക്കുകയും ചെയ്തുവെന്ന് ജസ്റ്റിസ് മംഗ്ല തന്റെ ഉത്തരവിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ആവർത്തിച്ചുള്ള ഭീഷണികൾക്കിടയിലും, നീതി ഉറപ്പാക്കാൻ ഉചിതമായ നിയമ നടപടികൾ സ്വീകരിക്കുമെന്ന് അവർ ഉത്തരവിൽ പറഞ്ഞു.
സംഭവത്തിൽ പ്രതിയുടെ അഭിഭാഷകന് ജഡ്ജി കാരണം കാണിക്കൽ നോട്ടീസ് അയയ്ക്കുകയും ചെയ്തു. അടുത്ത വാദം കേൾക്കൽ ദിവസം പ്രതികരണം സമർപ്പിക്കാനാണ് കോടതി നിർദേശം.
Adjust Story Font
16

