Quantcast

ചൂട് സഹിക്കാനാകുന്നില്ല, പാൽ പാത്രം ഹെൽമെറ്റാക്കി യുവാവ്; പിന്നീട് സംഭവിച്ചത്‌..!

സോഷ്യൽ മീഡിയയിൽ റീൽസ് നിർമ്മിക്കുന്നതിന് വേണ്ടിയാണ് യുവാവ് പാത്രം തലയിൽ വെച്ചതെന്നും ചില റിപ്പോർട്ടുകൾ പറയുന്നു

MediaOne Logo
ചൂട് സഹിക്കാനാകുന്നില്ല, പാൽ പാത്രം ഹെൽമെറ്റാക്കി യുവാവ്; പിന്നീട് സംഭവിച്ചത്‌..!
X

ജയ്പൂര്‍: രാജ്യത്ത് ഒട്ടുമിക്ക സംസ്ഥാനങ്ങളിലും കനത്ത ചൂടാണ് അനുഭവപ്പെടുന്നത്. ചൂടില്‍ നിന്ന് രക്ഷനേടാന്‍ പല മാര്‍ഗങ്ങളും പരീക്ഷിച്ചുനോക്കാറുണ്ട്. എന്നാല്‍ അത്തരത്തിലൊരു പരീക്ഷണം നടത്തി പണി കിട്ടിയ യുവാവിന്‍റെ വിഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. രാജസ്ഥാനിലെ മധോഗഡ് ഗ്രാമത്തിലാണ് സംഭവം നടന്നത്. പാല്‍ പാത്രവുമായി ബൈക്കില്‍ യാത്ര ചെയ്ത കാലുറാം റെബാരി എന്ന യുവാവിന്‍റെ അതിബുദ്ധിയാണ് പണി കൊടുത്തത്. ബൈക്കിന്‍റെ പിന്നില്‍ യാത്ര ചെയ്യുകയായിരുന്ന യുവാവ് തന്‍റെ കൈയിലുണ്ടായിരുന്ന 15 ലിറ്ററിന്റെ പാൽ പാത്രം ഹെല്‍മറ്റിന് പകരം തലയില്‍ വെക്കുകയായിരുന്നു. പിന്നാലെ പാത്രം തലയില്‍ കുടുങ്ങുകയും ചെയ്തു.

തല പാത്രത്തിനുള്ളില്‍ കുടുങ്ങിയതോടെ നാട്ടുകാരെല്ലാം രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ടു. ഒരു മെറ്റൽ കട്ടറും പിന്നീട് ഒരു ഗ്രൈൻഡറും ഉപയോഗിച്ച് ഗ്രാമവാസികൾ പാത്രത്തിന്‍റെ മുകൾ ഭാഗം ശ്രദ്ധാപൂർവം മുറിച്ചു. അതീവ ശ്രദ്ധയോടെയാണ് നാട്ടുകാര്‍ പാത്രം തലയില്‍ നിന്ന് വേര്‍പ്പെടുത്തിയത്. ഏകദേശം രണ്ട് മണിക്കൂർ നീണ്ടുനിന്ന രക്ഷാപ്രവര്‍ത്തനം ഒടുവില്‍ വിജയം കണ്ടു. തലക്ക് പരിക്കേല്‍ക്കാതെ പാല്‍ പാത്രം പൂര്‍ണമായും വേര്‍പെടുത്തുകയും ചെയ്തു. സംഭവത്തിന്‍റെ വിഡിയോയും സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വീഡിയോയിൽ, വഴിയരികിൽ തലയിൽ പാത്രം കുടുങ്ങിയ നിലയിൽ നിൽക്കുന്ന യുവാവിനെ കാണാം. നാട്ടുകാർ ഇദ്ദേഹത്തിന് ചുറ്റും കൂടുകയും ചിലർ ചിരിക്കുകയും മറ്റുചിലർ പാത്രം ഊരിമാറ്റാൻ സഹായിക്കുകയും ചെയ്യുന്നുണ്ട്. യുവാവിന് അസ്വസ്ഥത അനുഭവപ്പെടുന്നുണ്ടെങ്കിലും മറ്റ് പരിക്കുകളൊന്നുമില്ലെന്നാണ് റിപ്പോർട്ട്.

പാല്‍പാത്രത്തിന് ഏകദേശം 10 കിലോഗ്രാം ഭാരമുണ്ടായിരുന്നതായി ദൈനിക് ഭാസ്‌കര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം, സോഷ്യൽ മീഡിയയിൽ റീൽസ് നിർമ്മിക്കുന്നതിന് വേണ്ടിയാണ് യുവാവ് പാത്രം തലയിൽ വെച്ചതെന്നും ചില റിപ്പോർട്ടുകൾ പറയുന്നു.

രാജസ്ഥാനില്‍ കനത്ത ചൂടാണ് അനുഭവപ്പെടുന്നത്. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും താപനില 48 ഡിഗ്രി സെൽഷ്യസ് കടന്നു. ബാർമർ, ജോധ്പൂർ, ബിക്കാനീർ, ജയ്പൂർ എന്നിവിടങ്ങളിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഉഷ്ണതരംഗ ജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്.


TAGS :

Next Story